ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൗണിനെ തുടർന്ന് പ്രഖ്യാപിച്ച ബാങ്ക് ലോണ്‍ മൊറട്ടോറിയത്തിലുള്‍പ്പെടെ കൂടുതല്‍ സാമ്പത്തിക ഇളവുകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. ഇതേ നിലപാട് തന്നെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു.

കൊറോണ വൈറസ് പാൻഡെമിക് ബാധിച്ച മേഖലയ്ക്ക് കൂടുതൽ ആശ്വാസം നൽകാനാവില്ലെന്ന് റിസർവ് ബാങ്ക് (റിസർവ് ബാങ്ക്) സത്യവാങ്മൂലത്തിൽ പറയുന്നു. മൊറട്ടോറിയം കാലാവധി ആറുമാസത്തിനു മുകളിൽ നീട്ടാൻ കഴിയില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

ആറുമാസത്തിൽ കൂടുതൽ ദൈർഘ്യമുള്ള മൊറട്ടോറിയം സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. മൊറട്ടോറിയം താത്കാലിക ആശ്വാസം എന്ന നിലയിൽ ആണ് ഏർപ്പെടുത്തിയത്. എന്നാൽ വായ്പ എടുത്തവർക്ക് ദീർഘകാല അനൂകൂല്യം ലഭിക്കുന്ന തരത്തിൽ ആണ് ഓഗസ്റ്റ് 6 ന് ഇളവുകൾ സംബന്ധിച്ച സർക്കുലർ ഇറക്കിയത് എന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read More: പലിശനിരക്കിൽ മാറ്റമില്ല, ജിഡിപി 9.5 ശതമാനം കുറയുമെന്ന് റിസർവ് ബാങ്ക്

നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം മൊറട്ടോറിയം കാലയളവിലേത് മാത്രം ആണ്. ലോക്ഡൗണിന് മുമ്പുള്ള വായ്പ കുടിശ്ശികയ്ക്ക് ഈ നിർദേശങ്ങൾ ബാധകം ആയിരിക്കില്ല എന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്രത്തിന്റെ ധനകാര്യ പദ്ധതിയില്‍ കോടതി ഇടപെടരുതെന്ന ആവശ്യത്തിലൂന്നിയാണ് കേന്ദ്ര സർക്കാർ പുതിയ സത്യാവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. വിവിധ മേഖലകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ഇളവുകള്‍ നല്‍കണമെന്ന ആവശ്യം കോടതി പരിഗണിക്കരുതെന്നും അവ കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ വിഷയങ്ങളാണെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രം പറയുന്നു.

രണ്ട് കോടി രൂപവരെയുള്ള വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയ കൂട്ട് പലിശ ഒഴിവാക്കുന്നതിന് പുറമെയുള്ള സഹായ പദ്ധതികളെല്ലാം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇത് ബാങ്കിങ് മേഖലയ്ക്കും കനത്ത തിരിച്ചടിയാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്കായിരുന്നു ഇളവുകള്‍ ബാധകം. ഇത് ബാങ്കുകള്‍ക്ക് 6 ലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook