ന്യൂഡൽഹി: സെപ്റ്റംബർ 29ന് ‘സര്‍ജിക്കല്‍ സ്ട്രൈക്ക് ഡേ’ ആയി ആചരിക്കാന്‍ രാജ്യത്തെ എല്ലാ കോളേജുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മിഷൻ (യുജിസി) നിർദേശം നല്‍കിയതില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ഇത് രാഷ്ട്രീയ താത്പര്യമല്ലെന്നും രാജ്യത്തെ കാക്കുന്ന സേനയുടെ പരിശ്രമങ്ങളെ ഓര്‍മ്മിക്കാനുളള അവസരം മാത്രമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇതില്‍ എവിടെയാണ് രാഷ്ട്രീയം? ഇത് രാഷ്ട്രീയം അല്ല, രാജ്യസ്നേഹം ആണ്. വിദ്യാര്‍ത്ഥികള്‍ക്ക് മിന്നലാക്രമണം എന്താണെന്നും സേനയുടെ പ്രവര്‍ത്തനങ്ങള്‍ എന്താണെന്നും പറഞ്ഞ് കൊടുക്കേണ്ടതുണ്ട്’, ജാവഡേക്കര്‍ പറഞ്ഞു. എല്ലാ കോളേജുകളിലും സര്‍ജിക്കല്‍ സ്ട്രൈക്ക് ദിനാചരണം നടത്തണമെന്ന യുജിസി നിര്‍ദേശത്തെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. സര്‍ജിക്കല്‍ സ്ട്രൈക്കിനെ രാഷ്ട്രീയവത്കരിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം.
രണ്ട് ദിവസം മുമ്പാണ് രാജ്യത്തെ എല്ലാ കോളേജുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യുജിസി നിര്‍ദേശം അയച്ചത്. വിരമിച്ച പട്ടാളക്കാരുടെ പ്രഭാഷണം, പ്രത്യേക പരേഡ്, ചിത്ര പ്രദര്‍ശനങ്ങള്‍, സേനയ്ക്ക് ആശംസാ കാര്‍ഡ് അയക്കുക എന്നിവയൊക്കെയാണ് കോളേജുകളോട് നടത്താന്‍ പറയുന്ന പരിപാടികള്‍.
‘സെപ്റ്റംബര്‍ 29ന് സര്‍വകാലാശാലകളിലെ എന്‍സിസി യൂണിറ്റുകള്‍ പ്രത്യേക പരേഡ് സംഘടിപ്പിക്കണം. ഇതിന് ശേഷം എൻസിസി കമാൻഡർ യൂണിറ്റിലെ അംഗങ്ങളോട് രാജ്യാതിർത്തി സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കണം. സേന നടത്തിയ ത്യാഗകഥകള്‍ വിരമിച്ച പട്ടാളക്കാര്‍ വിവരിക്കുന്ന പരിപാടിയും നടത്തണം,’ എല്ലാ വൈസ് ചാൻസലർമാർക്കും അയച്ച കത്തിൽ യുജിസി ആവശ്യപ്പെട്ടു.
ഈ ദിവസം ഇന്ത്യയൊട്ടാകെ മൾട്ടിമീഡിയ സംവിധാനങ്ങൾ ഉപയോഗിച്ച് എക്സിബിഷൻ സംഘടിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള എക്സിബിഷനുകൾ സംസ്ഥാന, ജില്ലാ ആസ്ഥാനങ്ങൾ പ്രധാനപ്പെട്ട നഗരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നടത്താവുന്നതാണ്. അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്കുള്ള പിന്തുണ വെളിവാക്കാൻ എല്ലാ കുട്ടികളും ആശംസാ കാർഡുകൾ എഴുതണമെന്നും നിർദേശത്തിൽ പറയുന്നു.
2016 സെപ്റ്റംബർ 28, 29 നാണ് ഇന്ത്യൻ സൈന്യം പാക് അധീന കശ്മീരിൽ മിന്നലാക്രമണം നടത്തിയത്. ജമ്മു-കശ്മീരിലെ ഉറിയിലെ സൈനിക ക്യാമ്പിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ 19 സൈനികർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സൈന്യം മിന്നലാക്രമണം നടത്തിയത്.