ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ കമൽഹാസന്‍റെ രാഷ്ട്രീയപാർട്ടിക്ക് യാതൊരു സ്ഥാനവുമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം.വീരപ്പ മൊയ്‌ലി. ഡിഎംകെയും എഐഎഡിഎംകെയും അരങ്ങുവാഴുന്ന തമിഴ്‌നാട്ടിൽ രജനീകാന്ത് കൂടി രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയ സാഹചര്യത്തിൽ കമൽഹാസന് കാര്യമായ ചലനങ്ങളുണ്ടാക്കാനാവില്ലെന്നാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ വീരപ്പ മൊയ്‌ലിയുടെ വാദം.

“എഐഎഡിഎംകെയോടോ ഡിഎംകെയോടോ സഖ്യമുണ്ടാക്കാതെ മറ്റൊരു പ്രാദേശിക രാഷ്ട്രീയ കക്ഷിക്കും തമിഴ്‌നാട്ടിൽ സ്വാധീനമുണ്ടാക്കാൻ സാധിക്കില്ല”, അദ്ദേഹം പറഞ്ഞു. “കമൽഹാസന് തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേരിയ ചലനം ഉണ്ടാക്കാൻ പോലും സാധിക്കുമോയെന്ന് ഞാൻ സംശയിക്കുന്നു. പ്രാദേശിക തലത്തിൽ മികച്ച നയം പ്രഖ്യാപിക്കാതെ ദ്രാവിഡ കക്ഷികളെ പിന്തളളാൻ മറ്റൊരു പ്രാദേശിക കക്ഷിക്ക് സാധിക്കില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു.

“എഐഎഡിഎംകെ തകരുമെന്നും അദ്ദേഹത്തിന്‍റെ പാർട്ടിക്ക് ആ സ്ഥാനം നേടാനാകുമെന്നുമാണ് കമൽഹാസൻ വിശ്വസിക്കുന്നതെങ്കിൽ, അതൊരിക്കലും നടക്കാൻ പോകുന്നില്ല”, വീരപ്പ‌മൊയ്‌ലി പറഞ്ഞു. ഡിഎംകെയ്ക്ക് ഒപ്പം ശക്തമായി കോൺഗ്രസ് തമിഴ്‌നാട്ടിൽ തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഈ സഖ്യം നിലനിർത്തിക്കൊണ്ട് തന്നെ തമിഴ്‌നാട്ടിലെ പിന്തുണ വർദ്ധിപ്പിക്കാനും ശ്രമിക്കുമെന്നും വ്യക്തമാക്കി.

അതേസമയം, പാർലമെന്ററി പാർട്ടി നേതാവായി സോണിയ ഗാന്ധി തുടരുന്നത് പാർട്ടിക്കകത്ത് രണ്ട് നേതൃത്വം എന്ന പ്രതീതി ഉയർത്തിയിരിക്കുകയാണെന്ന വാദങ്ങളെ വീരപ്പമൊയ്‌ലി എതിർത്തു.

രാമേശ്വരത്ത് മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിന്റെ ശവകുടീരത്തിൽ നിന്നാരംഭിച്ച കമൽഹാസന്റെ രാഷ്ട്രീയ റാലിയിൽ ഇന്ന് വൈകിട്ട് മധുരയിൽ ഉദ്ഘാടന സമ്മേളനം നടക്കും. രാഷ്ട്രീയ നയവും പാർട്ടിയുടെ പേരും ഇവിടെ വച്ച് പ്രഖ്യാപിക്കുമെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook