ന്യൂഡൽഹി: സജീവ രാഷ്ട്രീയത്തിൽ നിന്നും സോണിയ ഗാന്ധി വിരമിക്കുമെന്ന വാർത്തകൾ നിഷേധിച്ചു കൊണ്ട് മകൾ പ്രിയങ്ക ഗാന്ധി രംഗത്തെത്തി. സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കില്ല എന്ന് മാത്രമല്ല 2019 ലെ അസ്സംബ്ലി തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി റായ് ബറേലിയിൽ നിന്നും മത്സരിക്കുമെന്നും പ്രിയങ്ക വധേര എൻഡിടിവിയോട് പറഞ്ഞു. താൻ രാഷ്ട്രീയത്തിലേക്കില്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റെടുക്കുന്നതിനു രണ്ടു ദിവസം മുൻപ് സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കുന്ന കാര്യം സോണിയ ഗാന്ധി സൂചിപ്പിച്ചിരുന്നു. ഇത് നിരവധി ഊഹാപോഹങ്ങൾക്കു വഴിവച്ചിരുന്നു. തുടർന്ന് വിശദീകരണമായി കോൺഗ്രസ് നേതൃത്വം രംഗത്തു വന്നു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് മാത്രമാണ് സോണിയ ഗാന്ധി വിട്ടുനിൽക്കുന്നതെന്നും രാഷ്ട്രീയത്തിൽ നിന്നല്ല എന്നും കോൺഗ്രസ് അറിയിച്ചിരുന്നു. ഈ പ്രസ്താവനക്ക് അടിവരയിടുന്നതാണ് പ്രിയങ്ക ഗാന്ധിയുടെ വെളിപ്പെടുത്തൽ.

താൻ കണ്ട ധീര വനിതകളിലൊരാളാണ് അമ്മയെന്ന് ഒരു ചോദ്യത്തിന് മറുപടിയായി പ്രിയങ്ക പറഞ്ഞു. രാഹുൽ ഗാന്ധി കോൺഗസ് അധ്യക്ഷനാകുന്നത് തന്നെ സംബന്ധിച്ച് അഭിമാന നിമിഷമാണെന്ന് പ്രിയങ്ക കൂട്ടിച്ചേർത്തു.

നിരവധി ചരിത്രമൂഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ ഡല്‍ഹി അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനത്താണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നത്. ചടങ്ങില്‍ രാഹുലിനെ അധ്യക്ഷനായി തിരഞ്ഞെടുത്തുകൊണ്ടുളള അധികാര രേഖ മുഖ്യ വരണാധികാരി മുല്ലപ്പളളി രാമചന്ദ്രന്‍ കൈമാറി. 19 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തലമുറ മാറ്റം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷമാക്കി. സ്ഥാനമൊഴിഞ്ഞ സോണിയാ ഗാന്ധിക്കും പുതിയ പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി മന്‍മോഹൻ സിങ് ആശംസയര്‍പ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook