ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് കോവിഡ് വാക്സിൻ ഡോസുകൾ നൽകുന്നത് ഏപ്രിൽ മുതൽ കേന്ദ്രം നിർത്തി. നിർമാതാക്കളിൽനിന്ന് കോവിഡ് വാക്സിൻ നേരിട്ടുവാങ്ങാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായാണ് മനസിലാക്കുന്നത്. ആവശ്യക്കാരുടെ എണ്ണം കുറവായ സാഹചര്യത്തിൽ മൊത്തമായി വാക്സിൻ വാങ്ങി പാഴാകുന്നത് തടയാനാണ് പുതിയ തീരുമാനമെന്നാണ് അധികൃതർ പറയുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ നിർമാതാക്കളിൽ നിന്ന് നേരിട്ട് ആവശ്യമായ കോവിഡ് വാക്സിൻ ഡോസുകൾ വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായി കോവിഡ് -19 സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പിഎംഒ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്ര വിളിച്ചുചേർത്ത ഉന്നതതല യോഗത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇങ്ങനെ വാങ്ങുന്ന ഡോസുകൾക്കുള്ള പണം കേന്ദ്രം നൽകുമോയെന്ന കാര്യം പ്രസ്താവനയിൽ പറഞ്ഞിട്ടില്ല. സ്വന്തംനിലയിൽ പണം കണ്ടെത്താനാണ് ശ്രമമെന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പറഞ്ഞു.
12 വയസിന് മുകളിലുള്ള എല്ലാവർക്കും രണ്ട് പ്രാഥമിക വാക്സിൻ ഡോസുകളും, 60 വയസിന് മുകളിലുള്ളവർക്ക് മൂന്നാമത്തെ മുൻകരുതൽ ഡോസും, ആരോഗ്യ പ്രവർത്തകർ, അല്ലെങ്കിൽ മുന്നണി പോരാളികൾ എന്നിവർക്ക് നൽകുന്നതിന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് സൗജന്യ ഡോസുകൾ നൽകി. ജൂലൈ 15 മുതൽ 75 ദിവസത്തേക്ക് 18 നും 59 നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യ മുൻകരുതൽ ഡോസുകളും കേന്ദ്രം നൽകി. മിക്ക ഡോസുകളുടെയും കാലാവധി മാർച്ച് അവസാനത്തോടെ കഴിയുനന്തിനാൽ പല സംസ്ഥാനങ്ങളും വാക്സിൻ ഇല്ലാത്ത സാഹചര്യം നേരിടുന്നുണ്ട്.