മറ്റൊരു വോട്ടെണ്ണല്‍ ദിനം കൂടി, ബിജെപിയ്ക്ക് ചിരിക്കാന്‍ മറ്റൊരു ദിനം കൂടി. ത്രിപുരയില്‍ അവര്‍ സര്‍ക്കാര്‍ രൂപീകരിക്കും. നാഗാലാന്റില്‍ നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി (NDPP)യുമായി ചേര്‍ന്നുള്ള സഖ്യം വിജയത്തിലേക്ക് കടക്കുകയാണ്. ത്രിപുരയിലെ സിപിഎമ്മിനെ പരാജയപ്പെടുത്തിയതാണ് ഈ വിജയത്തില്‍ ബിജെപിയുടെ തൊപ്പിയിലെ പെന്‍ത്തൂവല്‍. കാരണം, കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒരു സംസ്ഥാനത്ത് മാത്രമായി ഒതുക്കിയിരിക്കുന്നു ബിജെപി.

ത്രിപുരയില്‍ ബിജെപി നേടിയ വിജയം അവരുടെ കഴിഞ്ഞ വിജയങ്ങളേക്കാള്‍ സവിശേഷമാണ്. മറ്റ് തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ത്രിപുരയില്‍ ബിജെപി ആശ്രയിച്ചിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവത്തെ മാത്രമായിരുന്നില്ല. ഈ വിജയത്തിന് വേണ്ടി അവരുടെ സൈദ്ധാന്തിക ആരൂഢമായ ആര്‍എസ്എസ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഗ്രൗണ്ട് ലെവലില്‍ ഉറക്കമില്ലാതെ കഠിനാധ്വാനം നടത്തിയതു കൂടിയായിരുന്നു.

പാര്‍ട്ടി ലീഡ് ഉറപ്പിച്ചതോടെ, ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് മുഖ്യ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ ഹിമാന്ത ബിസ്വ ശര്‍മ്മയ്‌ക്കൊപ്പം മാധ്യമങ്ങളെ കാണുകയുണ്ടായി. സുനില്‍ ദ്യോധറും ഒപ്പമുണ്ടായിരുന്നു. വിജയത്തിന്റെ ക്രെഡിറ്റ് ത്രിപുരയിലെ ജനങ്ങള്‍ക്കും ത്രിപുരസുന്ദരിയ്ക്കുമാണ് (ലളിത ത്രിപുരസുന്ദരി) മാധവ് നല്‍കിയത്. പിന്നാലെ പ്രധാനമന്ത്രി മോദിയുടെ റാലികളേയും കഴിഞ്ഞ നാളുകളിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളേയും അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി.

ആര്‍എസ്എസിന്റെ റോള്‍ എന്തായിരുന്നുവെന്നത് സുനില്‍ ദ്യോധറിന്റെ സാന്നിധ്യത്തില്‍ നിന്നും തന്നെ വ്യക്തമാണ്. ത്രിപുരയിൽ ബിജെപിയുടെ വിജയത്തിന് സംഘം ചുമതലയേല്‍പ്പിച്ചത് സുനില്‍ ദ്യോധറിനെയായിരുന്നു. ഓരോ നീക്കവും മുന്‍കൂട്ടി കണ്ട് അതിസൂക്ഷ്മമായ പദ്ധതി തയ്യാറാക്കിയത് മാധവും ശര്‍മ്മയുമായിരുന്നുവെങ്കില്‍ 500 ദിവസം സംസ്ഥാനത്ത് നിന്നുകൊണ്ട് അത് നടപ്പിലാക്കിയത് ദ്യോധറാണ്. 2014 ല്‍ മോദിയുടെ വാരണാസി തിരഞ്ഞെടുപ്പ് ക്യാംപെയിന് ചുക്കാൻ പിടിച്ചത് ദ്യോധര്‍ ആയിരുന്നു. ദ്യോധറിന് ആ ഉത്തരവാദിത്തം ഏൽപ്പിച്ചത് ബിജെപി അധ്യക്ഷന്‍ അമിത് ഷായായിരുന്നു. തിരഞ്ഞെടുപ്പില്‍ പന്നാ പ്രമുഖിന്റെ തന്ത്രങ്ങള്‍ എങ്ങനെയാണ് വിജയം കണ്ടതെന്ന് വിശദീകരിക്കുന്ന ദ്യോധറിനെ ചാനല്‍ ചര്‍ച്ചകളില്‍ കണ്ടതാണ്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിരന്തര സന്ദര്‍ശനം നടത്താനും അവിടുത്തെ പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും പ്രധാനമന്ത്രി തന്റെ മന്ത്രിമാരോട് ആവശ്യപ്പെടുമ്പോള്‍, പ്രസ്ഥാനത്തിന്റെ അവിടുത്തെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയായിരുന്നു ആര്‍എസ്എസ്. ഡിസംബറില്‍ ആര്‍എസ്എസ് ചീഫ് മോഹന്‍ ഭഗവത് ത്രിപുര സന്ദര്‍ശിക്കുകയും ഗുവാഹത്തിയിലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ അഭാവവും സംസ്ഥാനത്തോടുള്ള അവഗണനയും ഉയര്‍ത്തിക്കാണിക്കുകയായിരുന്നു സംഘത്തിന്റെ പ്രധാന ജോലി. വികസന പദ്ധതികളും വാഗ്ദാനങ്ങളുമായി ബിജെപിയ്ക്ക് രംഗപ്രവേശനം നടത്താന്‍ അത് അടിത്തറ പാകി.

ആര്‍എസ്എസിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങളടക്കമുള്ള പ്രയത്‌നങ്ങള്‍ വോട്ടര്‍മാര്‍ക്കിടിയില്‍ പാര്‍ട്ടിയ്‌ക്കെതിരെയുണ്ടായിരുന്ന മെന്റല്‍ ബ്ലോക്ക് ഇല്ലാതാക്കാന്‍ സഹായിച്ചുവെന്നാണ് പാര്‍ട്ടിയ്ക്കുള്ളിലുള്ള ഒരാള്‍ പറഞ്ഞത്.

60 സീറ്റില്‍ 40 ല്‍ അധികം സീറ്റുകളില്‍ വ്യക്തമായ ലീഡുറപ്പിച്ച ബിജെപിയുടെ നേട്ടം ഒട്ടും സാധാരണമല്ല. 2013 ല്‍ സംസ്ഥാനത്ത് പാര്‍ട്ടിയ്ക്ക് സാന്നിധ്യമറിയിക്കാന്‍ പോലും സാധിച്ചിരുന്നില്ല. വെറും 1.52 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടിയത്. നിര്‍ത്തിയ 50 സ്ഥാനാര്‍ത്ഥികളില്‍ ഏതാണ്ട് എല്ലാവര്‍ക്കും കെട്ടിവച്ച കാശുപോലും നഷ്ടപ്പെട്ടു. സിപിഎമ്മിന്റെ കേഡര്‍ സ്വഭാവത്തോട് താരതമ്യം ചെയ്യുമ്പോള്‍ പാര്‍ട്ടിയുടെ സംഘാടമികവ് ഒന്നുമല്ലായിരുന്നു. വോട്ടര്‍മാര്‍ക്കിടയിലെ മാറ്റത്തിനു വേണ്ടിയുള്ള ആഗ്രഹത്തെ ബിജെപിയ്ക്ക് അനുകൂലമായ ട്രെന്റാക്കി മാറ്റുക എന്നതായിരുന്നു ദ്യോധറിന്റെ ദൗത്യം. ദുര്‍ബല മേഖലകളില്‍ ചെറുപാര്‍ട്ടികളും സംഘങ്ങളുമായി കൈകോര്‍ത്തതും ലക്ഷ്യം കണ്ടു. ട്രൈബല്‍ മേഖലയില്‍ വ്യക്തമായ സ്വാധീനമുണ്ടായിരുന്ന ഐപിഎഫ്ടിയുമായി ബിജെപി കൈകോര്‍ത്തിരുന്നു. അതിന്റെ ഫലമെന്നോണം, ബിജെപി 42.3 ശതമാനം വോട്ടും (ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ 12.30 വരെയുള്ള വിവരം അനുസരിച്ച്) ഐപിഎഫ്ടി 7.7 ശതമാനം വോട്ടുമാണ് നേടിയത്. ഇതോടെ ത്രിപുരയിലെ മൊത്തം വോട്ടിന്റെ 50 ശതമാനം സഖ്യത്തിന് സ്വന്തമായി.

ഈ ഫലത്തോടെ, ദേശീയ രാഷ്ട്രീയത്തില്‍ തങ്ങളുടെ ആധിപത്യം ഒരിക്കല്‍ കൂടി ഉറപ്പിക്കുക മാത്രമല്ല, തന്ത്ര പ്രധാനമായ വടക്ക് കിഴക്കന്‍ മേഖലയിലും ബിജെപി തങ്ങളുടെ ആധിപത്യമുറപ്പിച്ചിരിക്കുകയാണ്. ഈ ഫലം വരാനിരിക്കുന്ന കര്‍ണ്ണാടക തിരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ മനോവീര്യത്തെ ഉത്തേജിപ്പിക്കും. (ഇതുപോലുള്ള വലിയ വിജയങ്ങള്‍ പ്രവര്‍ത്തകരുടെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് എല്ലാ പാര്‍ട്ടികളും അംഗീകരിക്കുന്നതാണ്.)

എന്തിരുന്നാലും, ഫലം ബിജെപിയ്‌ക്കെതിരെ സംഘടിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ പ്രചോദിപ്പിക്കും. ചെങ്കോട്ടയുടെ തകര്‍ച്ച കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന തീരുമാനം പുനഃപരിശോധിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുമെന്നും ഉറപ്പാണ്. രാജ്യത്തെ ജനാധിപത്യത്തേയും മതേതരത്വത്തേയും സംരക്ഷിക്കാന്‍ പ്രതിപക്ഷ ഐക്യം വേണമെന്ന സീതാറാം യെച്ചൂരിയുടേയും ബംഗാള്‍ ഘടകത്തിന്റേയും വാദത്തിന് മൂര്‍ച്ച കൂടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ