ന്യൂഡൽഹി: ഇന്ത്യ ഇപ്പോൾ അഭിമുഖീകരിക്കുന്നത് അസാധാരണമായ സാമ്പത്തിക മാന്ദ്യമാണെന്ന് നരേന്ദ്ര മോദി സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യൻ. ഈ മാന്ദ്യത്തിൽ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തന്നെ തളർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അരവിന്ദ് സുബ്രമണ്യൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
2011 നും 2016 നും ഇടയിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 2.5 ശതമാനം പോയിന്റുകൾ അമിതമായി കണക്കാക്കിയതായി അരവിന്ദ് സുബ്രമണ്യൻ ഈ വർഷം ആദ്യം അവകാശപ്പെട്ടിരുന്നു. ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) ഡാറ്റയെ സമ്പദ്വ്യവസ്ഥയുടെ അഭിവൃദ്ധിയുടെ സൂചകമായി കണക്കാക്കുന്നതിനെക്കുറിച്ച് ജാഗ്രത മുന്നറിയിപ്പ് നൽകി. “ജിഡിപി നമ്പറുകൾ ശ്രദ്ധാപൂർവ്വം നോക്കേണ്ടതുണ്ട് എന്നത് ഇപ്പോൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു,”അദ്ദേഹം പറഞ്ഞു.
Read More: ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യത്തിൽ; കരകയറാൻ എളുപ്പമല്ല: ഐഎംഎഫ്
മുമ്പ് ഇന്ത്യ സാമ്പത്തിക മാന്ദ്യത്തെ നേരിട്ടപ്പോൾ (2000-2002 കാലത്ത്), ജിഡിപി 4.5 ശതമാനത്തിന് അടുത്തായിരുന്നെങ്കിലും, കയറ്റുമതി കണക്കുകൾ, ഉപഭോക്തൃ വസ്തു കണക്കുകൾ, നികുതി വരുമാന കണക്കുകൾ എന്നിവയൊക്കെ പോസിറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ സൂചകങ്ങൾ ഇപ്പോൾ നെഗറ്റീവോ തീരെ വളർച്ചയില്ലാത്ത അവസ്ഥയിലോ ആണ്. അതുകൊണ്ടു തന്നെ ഇത് സാധാരണ മാന്ദ്യമല്ല, അസാധാരണ സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതാദ്യമായല്ല രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സംബന്ധിച്ച് അരവിന്ദ് സുബ്രഹ്മണ്യൻ വിമർശനങ്ങൾ ഉന്നയിക്കുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ അത്യാഹിത വിഭാഗത്തിലേക്കു വീഴുകയാണെന്ന മുന്നറിയിപ്പുമായി സുബ്രഹ്മണ്യൻ രംഗത്തെത്തിയിരുന്നു. ഇന്ത്യ വൻ സാമ്പത്തിക മാന്ദ്യത്തെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നതെന്നും ഇതിനെ മറികടക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സുബ്രഹ്മണ്യൻ മുന്നറിയിപ്പു നൽകി.
സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് മാന്ദ്യത്തിൽ തളർന്നിരിക്കുകയാണെന്നും തൊഴിൽ, സാധാരണക്കാരന്റെ വരുമാനം, വേതനം, സർക്കാരിന്റെ വരുമാനം എന്നിവയൊക്കെ പിന്നോട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അരവിന്ദ് സുബ്രമണ്യൻ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരിക്കെ കേന്ദ്ര സർക്കാർ പുറത്തുവിട്ട ജിഡിപി നിരക്കുകളിലും അദ്ദേഹം സംശയം രേഖപ്പെടുത്തി.