ന്യൂഡല്‍ഹി: ഇന്ത്യയേയും ചൈനയേയും പിന്തളളി ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‍വ്യവസ്ഥയുളള രാജ്യമായി ഘാന മാറി. 2018ല്‍ 8.3 മുതല്‍ 8.9 വരെയാണ് ആഫ്രിക്കന്‍ രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനം കണക്കാക്കപ്പെടുന്നത്. ഡിസംബര്‍ പകുതി വരെയുളള കണക്ക് പ്രകാരം ഇന്ത്യയ്ക്ക് 7.2 ശതമാനം ആഭ്യന്തര വളര്‍ച്ചയാണ് ഉളളത്. 2018-19 കാലയളവില്‍ 7.3 ശതമാനത്തിന്റെ വളര്‍ച്ചയും ലോകബാങ്ക് പ്രവചിക്കുന്നു. കൂടാതെ 2019-20 കാലയളവില്‍ 7.5 ആയിരിക്കും ആഭ്യന്തര വളര്‍ച്ച.

നിരവധി മേഖലകളിലാണ് ഘാന ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് മുകളില്‍ എത്തിയിരിക്കുന്നത്. രാജ്യത്തിന്റെ എണ്ണ ഉത്പാദനത്തില്‍ ഏറെ വളര്‍ച്ച കൈവരിച്ചതായി നിരീക്ഷകര്‍ വ്യക്തമാക്കുന്നു. എണ്ണസമ്പത്ത് ഏറെയുളള രാജ്യം കൊക്കൊ ഉത്പാദനത്തിലും ഏറെ മുമ്പിലാണ്. ഇത് ആഭ്യന്തര വളര്‍ച്ചയെ കാര്യമായി സഹായിക്കുന്നുണ്ട്.

സമ്പദ്‍വ്യവസ്ഥയുടെ നിലയ്ക്കാതെയുളള വളര്‍ച്ച കാരണം തന്നെ ആഗോളതലത്തിലുളള നിക്ഷേപകരുടെ ഇഷ്ടപ്പെട്ട രാജ്യമായും ഘാന മാറുകയാണ്. രാജ്യത്തിന്റെ വികസനത്തിന്റെ നട്ടെല്ല് കൃഷിയാണെന്ന് പ്രസിഡന്റ് നാന അകുഫോ അഡ്ഡോ പറഞ്ഞു. എണ്ണ ഉത്പാദനത്തില്‍ നിന്നും കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കും രാജ്യത്തിന്റെ വിദ്യാഭ്യാസം, കൃഷി, നിര്‍മ്മാണം തുടങ്ങിയ മേഖലകലില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

ഈ മാസം ആദ്യമാണ് ചൈനയെ പിന്തളളി ലോകത്തെ വേഗത്തില്‍ വളരുന്ന സമ്പ‍ദ്വ്യവസ്ഥയായി ഇന്ത്യ മാറിയത്. ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ 7.2 ശതമാനം ആഭ്യന്തര ഉദ്പാദനത്തോടെയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. ചൈനയ്ക്ക് അന്ന് 6.8 ആയിരുന്നു ജിഡിപി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ