ന്യൂഡല്‍ഹി: “ഉനയില ദലിതരെ പശുവിന്‍റെ പേരു പറഞ്ഞു മര്‍ദ്ദിച്ചത് #എന്‍റെ പേരിലല്ല. അഖ്ലാക്കിനെ പശു മാംസം കൈയ്യില്‍ വച്ചു എന്നാരോപിച്ച് വധിച്ചത് #എന്‍റെ പേരിലല്ല. നജീബിനെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു മറുപടി തരാന്‍ സാധിക്കാത്തത് #എന്‍റെ പേരിലല്ല. പെഹ്ലുഖാന്‍ എന്ന ക്ഷീരകര്‍ഷകനെ പശുസംരക്ഷണം പറഞ്ഞു വധിച്ചത് #എന്‍റെ പേരിലല്ല. പെരുന്നാളിനുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന ജുനൈദ് എന്ന പതിനഞ്ചുവയസ്സുകാരന്‍ വധിക്കപ്പെട്ടത് #എന്‍റെ പേരിലല്ല. ഇന്നു രാവിലെ മുതല്‍ ട്വിറ്ററില്‍ ഇന്ത്യാട്രെന്‍ഡ് ആണ് #എന്‍റെ പേരിലല്ല.

ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കുനേരെ വര്‍ദ്ധിച്ചു വരുന്ന ആക്രമങ്ങള്‍ക്കു നേരെയുള്ള പ്രതിഷേധം പുകയുകയാണ് ട്വിറ്ററില്‍ #NotInMyName എന്ന പേരിലുള്ള ഹാഷ്ടാഗിലാണ് പ്രതിഷേധ ട്വീറ്റുകള്‍ ഒഴുകുന്നത്. ഏതാനും ദിവസം മുന്നേ ഹരിയാനയില്‍ വച്ച് പതിനഞ്ചു വയസ്സുകാരനായ ജുനൈദ് വധിക്കപ്പെട്ട സംഭവമാണ് പ്രതിഷേധങ്ങള്‍ക്ക് വഴി വെക്കുന്നത്. ട്വിറ്ററില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ് ഈ പ്രതിഷേധം എന്ന് കരുതുകയാണെങ്കിൽ തെറ്റി. ഇന്ന് വൈകുന്നേരത്തോടെ തെരുവുകളിലേക്കും ഈ പ്രതിഷേധം കൊണ്ടുപോകുവാനാണ് തീരുമാനം.

വൈകിട്ട് നടക്കുന്ന പ്രതിഷേധം ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തര്‍, മുംബൈയിലെ കാര്‍ട്ടര്‍ റോഡ്‌, കൊല്‍ക്കത്തയിലെ മധുസൂധന്‍ മഞ്ച്, ബെംഗളൂരുവിലെ ടൗണ്‍ ഹാള്‍, തിരുവനന്തപുരം സെക്രട്ടറിയേറ്റ്, എറണാകുളം ഹൈക്കോടതി ജംങ്ഷൻ, പാട്നയിലെ ഗാന്ധി മൈതാനം, ലഖ്നൗവിലെ ഹസ്രത്ഗഞ്ച് ഗാന്ധി പാര്‍ക്ക് എന്നിവിടങ്ങളിലും നടക്കുന്നുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും കോടിയോ ചിഹ്നങ്ങളോ ഇല്ലാതെയാണ് പ്രതിഷേധം എന്ന് സംഘാടകര്‍ അറിയിക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ