ന്യൂഡല്‍ഹി: സോണിയ ഗാന്ധിയെ പാര്‍ട്ടിയുടെ ഇടക്കാല പ്രസിഡന്റായി നിയമിച്ചതില്‍ തൃപ്തനല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തുനിന്നു രാജിവച്ച നടപടിയെയും ഖുര്‍ഷിദ് എതിര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയം വിലയിരുത്തേണ്ട സമയം അതിക്രമിച്ചു. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിഞ്ഞതിനാല്‍ അതേക്കുറിച്ച് അപ്പോള്‍ വിലയിരുത്താൻ സാധിച്ചില്ലെന്നും ഖുര്‍ഷിദ് പറഞ്ഞു.

സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തിരഞ്ഞെടുത്ത തീരുമാനത്തില്‍ സന്തുഷ്ടനല്ല. അധ്യക്ഷ സ്ഥാനത്തുള്ള വ്യക്തി ആ സ്ഥാനത്ത് തുടരുകയാണു വേണ്ടത്. ‘ഇടക്കാല’ പദവിയില്‍ തൃപ്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ബിജെപിക്കെതിരെ വര്‍ധിത വീര്യത്തോടെ പോരാടും: രാഹുല്‍ ഗാന്ധി

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ ക്കുറിച്ച് വിലയിരുത്താന്‍ ഒരു നേതാവിനെ ആവശ്യമായിരുന്നു. എന്നാല്‍, ആ സമയത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ചു. അധ്യക്ഷ സ്ഥാനത്ത് ആരും ഇല്ലാത്തതിനാല്‍ തോല്‍വിയെക്കുറിച്ചുള്ള വിലയിരുത്തല്‍ നടത്താന്‍ സാധിച്ചില്ലെന്നും ഖുര്‍ഷിദ് പറഞ്ഞു.

സൽമാൻ ഖുർഷിദ്, രാഹുൽ ഗാന്ധി

“രാഹുല്‍ ഗാന്ധിയെ നേതൃസ്ഥാനത്തുനിന്ന് നഷ്ടപ്പെട്ടത് വലിയ തിരിച്ചടിയായിരുന്നു. രാഹുല്‍ ആസ്ഥാനത്തു തുടരണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. പാര്‍ട്ടി മുഴുവനായും രാഹുല്‍ തല്‍സ്ഥാനത്തു തുടരണമെന്ന് ആഗ്രഹിച്ചിരുന്നു” ഖുര്‍ഷിദ് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെയാണു കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നു രാജിവ‌യ്‌ക്കുന്നതായി രാഹുൽ ഗാന്ധി അറിയിച്ചത്. മുതിർന്ന നേതാക്കളടക്കം രാഹുലിനെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും രാജിയിൽനിന്നു രാഹുൽ പിന്നോട്ടു പോയില്ല. അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിഞ്ഞാലും ബിജെപിക്കെതിരെ വർധിത വീര്യത്തോടെ പോരാടുമെന്നു രാഹുൽ പറഞ്ഞിരുന്നു. രാഹുൽ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്നാണു സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി സ്ഥാനമേറ്റെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook