ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി‌എ‌എ) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുമ്പോഴും വിവാദ നിയമനിർമ്മാണത്തിൽ സർക്കാർ പിന്നോട്ട് പോകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലഖ്‌നൗവിലെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അമിത് ഷാ.

“സർക്കാർ സി‌എ‌എയിൽ നിന്ന് പിന്നോട്ട് പോകുന്നില്ലെന്ന് ഞാൻ വീണ്ടും പറയാൻ ആഗ്രഹിക്കുന്നു. പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് തുടരാം,”

നിയമം ഒരു തരത്തിലും രാജ്യത്തെ പൗരന്മാർക്കെതിരല്ലെന്ന് വാദിച്ച ഷാ, സി‌എ‌എയെക്കുറിച്ച് “നുണകൾ” പ്രചരിപ്പിച്ചതിന് പ്രതിപക്ഷ പാർട്ടികളെ വിമർശിച്ചു. “സി‌എ‌എയിൽ ആരുടെയും പൗരത്വം എടുത്തു കളയുന്നതിനുള്ള വ്യവസ്ഥയില്ല. കോൺഗ്രസ്, എസ്‌പി, ബിഎസ്‌പി, ടിഎംസി എന്നിവരാണ് സി‌എ‌എയ്‌ക്കെതിരെ നുണകൾ പ്രചരിപ്പിക്കുന്നത്.”

Read More: അങ്ങനെ നിങ്ങൾ പ്രതിഷേധിക്കണ്ട..; പുതപ്പും ഭക്ഷണവും ‘അടിച്ചുമാറ്റി’ യുപി പൊലീസ്, വീഡിയോ

“വിഭജന സമയത്ത് ഹിന്ദു, സിഖ്, ബുദ്ധ, ജൈന ജനസംഖ്യ ബംഗ്ലാദേശിൽ 30 ശതമാനവും പാകിസ്ഥാനിൽ 23 ശതമാനവും ആയിരുന്നു. എന്നാൽ ഇന്ന് ഇത് യഥാക്രമം ഏഴ് ശതമാനവും മൂന്ന് ശതമാനവുമാണ്. ഈ ആളുകൾ എവിടെ പോയി? സി‌എ‌എയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരോട് ഇത് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

ജനുവരി അഞ്ചിന് ജെഎൻയു ക്യാംപസിഷ നടന്ന അക്രമത്തെക്കുറിച്ച് സംസാരിച്ച ആഭ്യന്തരമന്ത്രി, ഭാരത മാതാവിനെ ആയിരം കഷണങ്ങളായി തകർക്കാൻ ശ്രമിക്കുന്നവരെ ജയിലിലേക്ക് അയക്കുമെന്ന് പറഞ്ഞു.

“ജെഎൻയുവിൽ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കി. ഭാരത മാതാവിനെ ആയിരം കഷണങ്ങളായി തകർക്കണമെന്ന് മുദ്രാവാക്യം വിളിക്കുന്നവരെ ജയിലിൽ അടയ്ക്കണോ വേണ്ടയോ? ഭാരത മാതാവിനെതിരെ നിങ്ങൾ മുദ്രാവാക്യം വിളിക്കുകയാണെങ്കിൽ, ഞാൻ നിങ്ങളെ അഴികൾക്കുള്ളിലാക്കും.”

“പൊതുവേദിയിൽ എന്നോടൊപ്പം സി‌എ‌എയെക്കുറിച്ച് ചർച്ച ചെയ്യാൻ ഞാൻ രാഹുൽ, അഖിലേഷ്, മമത, മായാവതി എന്നിവരെ വെല്ലുവിളിക്കുന്നു,” ഷാ കൂട്ടിച്ചേർത്തു. മൂന്നുമാസത്തിനകം അയോധ്യയിൽ ആകാശം മുട്ടുന്ന രാമക്ഷേത്രം നിർമ്മിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.

രാത്രിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാനെത്തിയവരുടെ പുതപ്പുകള്‍ പൊലീസ് മോഷ്ടിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. ലക്‌നൗവിലെ ക്ലോക് ടവറിനു മുന്നിലെ സമരപന്തലില്‍ ഉണ്ടായിരുന്ന പ്രതിഷേധക്കാരെ ആട്ടിയോടിപ്പിക്കുന്നതിനൊപ്പം അവര്‍ ഉപയോഗിച്ചിരുന്ന പുതപ്പുകളടക്കം യുപി പൊലീസ് കൊണ്ടുപോയെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രതിഷേധക്കാരുടെ പുതപ്പുകളും കിടക്കയും ഭക്ഷണ പൊതികളും പൊലീസ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോകുന്നത് വീഡിയോയില്‍ കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook