ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ആര്‍എസ്എസുകാരന്റെയോ ബിജെപിക്കാരന്റെയോ വീട്ടിലെ ഒരു പട്ടി പോലും ചത്തിട്ടില്ലെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഫൈസ്പൂരില്‍ കോണ്‍ഗ്രസിന്റെ ജന്‍ സംഘര്‍ഷ് യാത്രയില്‍ സംസാരിക്കുകയായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ ഖാര്‍ഗെ.
‘നമ്മള്‍ (കോണ്‍ഗ്രസ്) നമ്മുടെ ജീവന്‍ പോലും രാജ്യത്തിന് വേണ്ടി ത്യജിച്ചു. രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി ഇന്ദിരാ ഗാന്ധി സ്വന്തം ജീവന്‍ തന്നെ സമര്‍പ്പിച്ചു. രാജ്യത്തിന് വേണ്ടി രാജീവ് ഗാന്ധിയും ജീവത്യാഗം ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ആര്‍എസ്എസുകാരന്റെയോ ബിജെപിക്കാരന്റെയോ വീട്ടിലെ ഒരു പട്ടിയെങ്കിലും ചത്തിട്ടുണ്ടോ? ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നിങ്ങളുടെ ഏത് നേതാവാണ് ജയിലില്‍ പോയിട്ടുളളതെന്ന് എനിക്ക് പറഞ്ഞു തന്നാലും’, ഖാര്‍ഗെ ആവശ്യപ്പെട്ടു.
നേരത്തേയും ഖാര്‍ഗെ സമാനമായ പരാമര്‍ശം ബിജെപിക്കെതിരെ നടത്തിയിട്ടുണ്ട്. ലോക്‌സഭയില്‍ 2017 ഫെബ്രുവരിയിലായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം. ‘ഗാന്ധിജി, ഇന്ദിരാ ജി എന്നിവരൊക്കെ രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തു. നിങ്ങളുടെ ഭാഗത്ത് നിന്നും ആരാണ് ഉണ്ടായിരുന്നത്? ഒരു പട്ടി പോലും ഉണ്ടായിരുന്നില്ല’, ഖാര്‍ഗെ അന്ന് പറഞ്ഞു. ഇതിനെതിരെ പ്രധാനമന്ത്രി അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു.
‘ഭഗത് സിങ്ങിനേയും ചന്ദ്രശേഖര്‍ ആസാദിനേയും പോലുളളവരുടെ ത്യാഗങ്ങള്‍ കോണ്‍ഗ്രസ് പറയുന്നില്ല. നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത് ഒരു കുടുംബം മാത്രമാണ് എന്നാണ് ഇവരുടെ വിചാരം,’ അന്ന് പ്രധാനന്ത്രി കുറ്റപ്പെടുത്തി.