ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി ഒഴിയുന്നതിനെ തുടര്‍ന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജി വെക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണം കൂടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നിന്നും 35ഓളം പേരാണ് രാജി വെച്ചത്.
മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവും കിസാന്‍ കോണ്‍ഗ്രസ് ചെയര്‍മാനുമായ നാനാ പടോലെയും രാജി വെച്ചു. കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് വൈസ് പ്രസിഡന്റ് രഞ്ജിത് സിങ് ജുദേവ്, ജനറല്‍ സെക്രട്ടറി ആരാധനാ മിശ്ര മോണ, വൈസ് പ്രസിഡന്റ് ആര്‍പി ത്രിപാധി എന്നിവരും രാജി സമര്‍പിച്ചു.
രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഒരു ശതമാനം പോലും സാധ്യതയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.വീരപ്പ മൊയ്‌ലി വെളിപ്പെടുത്തി. രാഹുലിന്റെ തീരുമാനം മാറുമോ എന്ന ചോദ്യത്തിന് വര്‍ക്കിങ് കമ്മിറ്റി എല്ലാ തീരുമാനങ്ങളും എടുക്കുമെന്നും എന്തും സംഭവിക്കാനാണ് സാധ്യതയെന്നും വീരപ്പ മൊയ്‌ലി മറുപടി നല്‍കി.
Read Also: ‘ഇല്ല, ഇല്ല മുന്നോട്ടില്ല’; അധ്യക്ഷ സ്ഥാനത്ത് തുടരാനാവില്ലെന്ന് രാഹുല്‍ ഗാന്ധി
ഇന്നത്തെ സാഹചര്യത്തില്‍ ഒരു ശതമാനം പോലും രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരാനുള്ള സാധ്യത കാണുന്നില്ല. അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരാളെ കുറിച്ച് ആലോചിക്കേണ്ടി വരും. വര്‍ക്കിങ് കമ്മിറ്റി രാഹുലിന്റെ രാജിക്കത്ത് സ്വീകരിക്കുന്നതുവരെ ചര്‍ച്ചകളും ഊഹാപോഹങ്ങളും നടന്നുകൊണ്ടിരിക്കുമെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.
Read Also: ഗാന്ധി കുടുംബത്തിലെ അംഗമല്ലാത്തവര്‍ക്കും കോണ്‍ഗ്രസ് അധ്യക്ഷനാകാം: മണി ശങ്കര്‍ അയ്യര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം വിഫലമായി.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു. മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും രാജിയല്ലാത്ത മറ്റ് തീരുമാനങ്ങളൊന്നും തനിക്കില്ലെന്ന് രാഹുല്‍ വ്യക്തമാക്കുകയായിരുന്നു. രാഹുല്‍ രാജിയിലുറച്ച് നിന്നതോടെ കോണ്‍ഗ്രസ് നേതൃത്വവും വെട്ടിലായിരിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് രാഹുല്‍ രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയത്.
രാഹുല്‍ ഗാന്ധിയെ പിന്‍തിരിപ്പിക്കാന്‍ എല്ലാ നേതാക്കളും ശ്രമിച്ചു. എന്നാല്‍, തീരുമാനത്തില്‍ മാറ്റമില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. രാഹുലിനെ കൂടാതെ മറ്റൊരാളെ നിലവില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗവും രാഹുലിനായി സമ്മര്‍ദം ചെലുത്തി. പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് നേരത്തെ രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വളരെ ദയനീയമായ പരാജയമാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. എന്‍ഡിഎ 353 സീറ്റുകള്‍ നേടിയപ്പോള്‍ വെറും 52 സീറ്റാണ് കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്. തന്റെ സ്വന്തം മണ്ഡലമായ അമേഠിയില്‍ സ്മൃതി ഇറാനിയുമായി മത്സരിച്ച രാഹുല്‍ ഗാന്ധി പരാജയമേറ്റുവാങ്ങി. അതേസമയം, വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ വിജയിച്ചത്.