ഭോപ്പാല്‍: ശൗചാലയങ്ങളും അഴുക്കുചാലുകളും വൃത്തിയാക്കാനല്ല തന്നെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ബിജെപിയുടെ പാര്‍ലമെന്റ് അംഗം പ്രഗ്യാ സിങ് ഠാക്കൂര്‍. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പ്രഗ്യാ സിങ്.

തന്റെ മണ്ഡലത്തിന്റെ ഭാഗമായ സെഹോറിലെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു പ്രഗ്യാ സിങ്. ആശയവിനിമയം നടക്കുന്ന സമയത്ത് ജനങ്ങള്‍ പ്രാദേശികമായി തങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ഉന്നയിച്ചിരുന്നു.

‘അഴുക്കുചാലുകള്‍ വൃത്തിയാക്കാന്‍ എന്നെ തിരഞ്ഞെടുത്തിട്ടില്ല. നിങ്ങളുടെ ശൗചാലയങ്ങള്‍ വൃത്തിയാക്കാനുമല്ല ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എന്നെ എന്തിനാണോ തിരഞ്ഞെടുത്തിരിക്കുന്നത്, ആ ജോലി ഞാന്‍ സത്യസന്ധമായി ചെയ്യും,’ എന്നായിരുന്നു പ്രഗ്യാ സിങ് പറഞ്ഞത്.

Read More: ‘എനിക്ക് പാര്‍ലമെന്റിൽ പോകണം’; പ്രഗ്യാ സിങ്ങിന് ഇളവ് നല്‍കില്ലെന്ന് കോടതി

പ്രഗ്യാ സിങ്ങിന്റെ ഈ പ്രസ്താവനയോടുള്ള ബിജെപിയുടെ നിലപാട് വ്യക്തമാക്കണമെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് വക്താവ് ശോഭാ ഒസ പ്രതികരിച്ചു. ഇത്തരമൊരു പ്രസ്താവനയിലൂടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് താന്‍ എത്രമാത്രം പ്രാധാന്യം നല്‍കുന്നുവെന്നാണ് പ്രഗ്യാ സിങ് തെളിയിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

‘പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന ശുചീകരണ പരിപാടികളെയാണ് അവരുടെ പ്രസ്താവന തുറന്നു കാണിക്കുന്നത്,’ ശോഭ ഒസ തുറന്നടിച്ചു.

ജൂണ്‍ 17 നാണ് പ്രഗ്യാ സിങ് ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്. പ്രഗ്യയുടെ സത്യപ്രതിജ്ഞ വിവാദത്തിലായിരുന്നു. സത്യപ്രതിജ്ഞയ്ക്കായി എത്തിയ സാധ്വി പ്രഗ്യാ സിങ് ആത്മീയ ഗുരുവായ സ്വാമി പൂര്‍ണ ചേതനാനന്ദയുടെ പേര് അടക്കമാണ് സത്യപ്രതിജ്ഞ വാചകം ഉരുവിട്ടത്. ഇത് പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. സഭാ ചട്ടങ്ങളില്‍ ഇതിന് അനുമതിയില്ലെന്ന് പ്രതിപക്ഷ എംപിമാര്‍ പറഞ്ഞു. പിന്നീട് സഭയില്‍ ബഹളമായി.

സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നല്‍കിയ രേഖകളില്‍ തന്റെ പൂര്‍ണ നാമം ഇങ്ങനെയാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ അത് ചേര്‍ത്ത് പറയുന്നതില്‍ തെറ്റില്ലെന്നും പ്രഗ്യാ സിങ് വാദിച്ചു. ബിജെപി എംപിമാര്‍ പ്രഗ്യാ സിങ്ങിന് പിന്തുണ അറിയിച്ച് ജയ് വിളിക്കാനും തുടങ്ങിയതോടെ രംഗം കലുഷിതമായി. തിരഞ്ഞെടുപ്പ് രേഖകളില്‍ പറഞ്ഞിട്ടുള്ള രീതിയില്‍ മാത്രമേ പേര് പറയാവൂ എന്ന് പ്രൊ ടേം സ്പീക്കര്‍ വിരേന്ദ്ര കുമാര്‍ പറഞ്ഞു. ലോക്‌സഭാ സെക്രട്ടറി ജനറലിന് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കുകയും ചെയ്തു.

മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ നിന്നാണ് പ്രഗ്യാ സിങ് ഠാക്കൂര്‍ ലോക്‌സഭയിലേക്ക് എത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ദിഗ് വിജയ് സിങ്ങിനെയാണ് പ്രഗ്യാ സിങ് പരാജയപ്പെടുത്തിയത്. 3,63,9033 വോട്ടുകൾക്കായിരുന്നു വിജയം. 1989 മുതല്‍ ഭോപ്പാലില്‍ നിന്നും ബിജെപി ഒരു പാര്‍ലമെന്ററി തിരഞ്ഞെടുപ്പിലും തോറ്റിട്ടില്ല. സ്ഫോടനക്കേസില്‍ കുറ്റം ചുമത്തപ്പെട്ട പ്രഗ്യാ സിങ് ദേശീയത ഉയര്‍ത്തിയാണ് ഹിന്ദി ഹൃദയഭൂമിയില്‍ വിജയിക്കുന്നത്. മലേഗാവ് സ്ഫോടനക്കേസിൽ ജാമ്യത്തിലാണ് ഇപ്പോള്‍ പ്രഗ്യാ സിങ്ങുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook