ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പറ്റാത്ത വാക്കുകളുടെ പട്ടിക പുറപ്പെടുവിച്ചതിനെതിരെ രൂക്ഷ വിമര്‍ശമുയരുന്നതിനിടെ, വിശദീകരണവുമായി ലോക്‌സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള. ഒരു വാക്കും നിരോധിച്ചിട്ടില്ലെന്നും അംഗങ്ങള്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാവശം അംഗങ്ങളില്‍നിന്ന് ആര്‍ക്കും തട്ടിയെടുക്കാനാകില്ലെന്നും എന്നാല്‍ അത് പാര്‍ലമെന്റിന്റെ അന്തസിനു നിരക്കുന്നതായിരിക്കണമെന്നും ബിര്‍ള പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്ററി രീതികളെക്കുറിച്ച് അറിയാത്ത ആളുകള്‍ പലതരം അഭിപ്രായങ്ങളും പറയാറുണ്ടെന്നും നിയമനിര്‍മാണ സഭകള്‍ സര്‍ക്കാരില്‍നിന്നു സ്വതന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമര്‍ശനങ്ങളില്‍നിന്നും പരുക്കന്‍ യാഥാര്‍ഥ്യത്തില്‍നിന്നും നരേന്ദ്ര മോദി സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നിരോധന ഉത്തരവാണ് ‘അണ്‍ പാര്‍ലമെന്ററി പട്ടിക’യെന്ന് പ്രതിപക്ഷം ആക്ഷേപമുയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണു ലോക്‌സഭാ സ്പീക്കറുടെ വിശദീകരണം.
പട്ടികയെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അണ്‍പാര്‍ലമെന്ററിയ്ക്കു പുതിയ ‘നിര്‍വചനം’ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ”സര്‍ക്കാരിനെ പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്നതു കൃത്യമായി വിവരിക്കുന്നതിനു ചര്‍ച്ചകളിലും സംവാദങ്ങളിലും ഉപയോഗിക്കുന്നതും ഇപ്പോള്‍ തടയപ്പെട്ടിട്ടുള്ളതുമായ വാക്കുകള്‍,” എന്നാണ് രാഹുലിന്റെ പരിഹാസം. ”പുതിയ ഇന്ത്യയ്ക്കായുള്ള പുതിയ നിഘണ്ടു,” എന്നും അദ്ദേഹം കുറിച്ചു.
ജൂലൈ 18ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായാണ് അണ്‍പാര്‍ലമെന്ററി വാക്കുകളും പദപ്രയോഗങ്ങളും പട്ടികപ്പെടുത്തുന്ന ലഘുലേഖ പുറപ്പെടുവിച്ചത്. ഇതനുസരിച്ച്, ‘ജൂംലജീവി’, ‘ബാല്‍ബുദ്ധി’, ‘കോവിഡ് പരത്തുന്നയാള്‍’, ‘സ്നൂപ്ഗേറ്റ്’ തുടങ്ങിയ പദങ്ങള്‍ ഇനി മുതല്‍ ലോക്സഭയിലും രാജ്യസഭയിലും അണ്‍പാര്‍ലമെന്റായി കണക്കാക്കും.
‘ലജ്ജിക്കുന്നു’, ‘അപമാനിച്ചു, ‘വഞ്ചിച്ചു’, അഴിമതി’, ‘നാടകം’, ‘കാപട്യം’, ‘കഴിവില്ലായ്മ, ‘രക്തച്ചൊരിച്ചില്‍’, ‘ബ്ലഡി’, ‘ഒറ്റിക്കൊടുത്തു’, ‘നാണക്കേട്’, ‘ബാലിശം’, ‘ഭീരു’, ‘ക്രിമിനല്‍’, മുതലക്കണ്ണീര്‍’, ‘ഏകാധിപത്യപരമായ’, ‘അരാജകവാദി’, ‘അപകീര്‍ത്തിപ്പെടുത്തല്‍’, ‘കഴുത’, ‘കണ്ണില്‍ പൊടിയിടല്‍’, ‘കള്ളം’, ‘ഗുണ്ടായിസം, ‘തെറ്റിദ്ധരിപ്പിക്കല്‍’, ‘അസത്യം’, ‘ലൈംഗിക പീഡനം’, ‘ബോബ്കട്ട്’, ‘ലോലിപോപ്പ്’, ‘വിഡ്ഢി’എന്നിങ്ങനെ അര്‍ഥം വരുന്ന ഇംഗ്ലിഷ് വാക്കുകളും ഇനി മുതല്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കാനാവില്ല.
‘ശകുനി’, ‘താനാഷാ’, ‘താനഷാഹി’, ‘ജയ്ചന്ദ്, ‘വിനാശ് പുരുഷ്’, ‘ഖലിസ്ഥാനി’, ‘ഖൂന്‍ സേ ഖേതി’, ‘ഗദ്ദര്‍’, ‘ഗിര്‍ഗിത്’, ‘ഗുണ്ടകള്‍’, ‘ഘദിയാലി അന്‍സു’, ‘അപ്മാന്‍’, ‘അസത്യ’, ‘അഹങ്കാര്‍’, ‘കാലാ ദിന്‍്’, ‘കാലാ ബസാരി’, ‘ഖരീദ് ഫറോഖ്ത്’, ‘ചംച’, ‘ചാംചഗിരി’, ‘ചേലാസ്’, ‘ഡംഗ’, ‘ദലാല്‍’, ‘ദാദഗിരി’, ‘ദോഹ്റ ചരിത്ര’, ‘ബേചാര’, ‘വിശ്വാസ്ഘട്ട്’, ‘സംവേദന്‍ഹീന്‍’, ‘പിത്തു’, ‘ബെഹ്രി സര്‍ക്കാര്‍’, ‘ദോഹ്റ ചരിത്ര’, ‘നിക്കമ്മ’, ‘നൗതങ്കി’, ‘ധിന്ദോര പീത്ന’ എന്നീ പദങ്ങള്‍ അണ്‍പാര്‍ലമെന്ററി പദപ്രയോഗങ്ങളായി ലോക്സഭാ സെക്രട്ടേറിയറ്റ് പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഇവ പാര്‍ലമെന്റിന്റെ ഇരുസഭകളിലും സംവാദത്തിനിടയിലോ മറ്റോ ഉപയോഗിച്ചാല്‍ രേഖകളില്‍ ഉള്‍പ്പെടുത്തില്ലെന്നു വാര്‍ത്താ ഏജന്‍സി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, വാക്കുകളും പ്രയോഗങ്ങളും ഒഴിവാക്കാനുള്ള അവസാന വാക്ക് രാജ്യസഭാ ചെയര്‍മാന്റേതും ലോക്സഭാ സ്പീക്കറുടേതുമായിരിക്കും.