ന്യൂഡൽഹി: കാർഷിക നിയമ ഭേദഗതിക്കെതിരായുള്ള കർഷക സമരത്തെ പിന്തുണച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും രംഗത്തെത്തി. കാർഷിക മേഖലയെ നശിപ്പിക്കാനാണ് നിയമങ്ങൾ ഭേദഗതി ചെയ്തതെന്നും അതിനാലാണ് താനും പാർട്ടിയുടെ കർഷക സമരത്തെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാരിനെ വിമർശിച്ചുകൊണ്ട്, താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയോ മറ്റാരെയെങ്കിലുമോ ഭയപ്പെടുന്നില്ലെന്നും രാഹുൽ പറഞ്ഞു. മൂന്ന് പുതിയ നിയമങ്ങളിലൂടെ കേന്ദ്രം മുഴുവൻ കാർഷിക മേഖലയെയും മൂന്നോ നാലോ മുതലാളിമാരുടെ കൈകളിലാക്കിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

“കാർഷിക മേഖലയെ നശിപ്പിക്കുന്നതിനാണ് പുതിയ കാർഷിക നിയമങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രതിഷേധിക്കുന്ന കർഷകരെ ഞാൻ നൂറു ശതമാനം പിന്തുണയ്ക്കുന്നു. അവർ നമുക്ക് വേണ്ടിയാണ് പോരാടുന്നത് എന്നതിനാൽ രാജ്യത്തെ ഓരോ വ്യക്തിയും അവരെ പിന്തുണയ്ക്കണം,” രാഹുൽ ഗാന്ധി പറഞ്ഞു. നിയമങ്ങൾ പിൻവലിക്കുന്നതിൽ കുറഞ്ഞ് യാതൊരു വിട്ടുവീഴ്ചയും ഇക്കാര്യത്തിലില്ലെന്നും രാഹുൽ വ്യക്തമാക്കി.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്‌ക്കെതിരെയും രാഹുൽ രംഗത്തെത്തി. ആരാണ് ജെപി നദ്ദയെന്നും അദ്ദേഹത്തിന് താന്‍ എന്തിന് മറുപടി നല്‍കണമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. അരുണാചല്‍പ്രദേശില്‍ ചൈന കടന്നുകയറി ഗ്രാമം നിര്‍മ്മിച്ച വാര്‍ത്ത ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി സര്‍ക്കാറിനെതിരെ രംഗത്തെത്തിയപ്പോഴാണ് ജെ.പി നദ്ദ പ്രതികരണവുമായി എത്തിയത്. അവധിക്കാലം കഴിഞ്ഞെത്തിയ രാഹുല്‍ ഗാന്ധിയോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നായിരുന്നു നദ്ദയുടെ പരാമര്‍ശം.

“കർഷകർക്ക് യാഥാർത്ഥ്യം അറിയാം. രാഹുൽ ഗാന്ധി എന്താണ് ചെയ്യുന്നതെന്ന് എല്ലാ കർഷകർക്കും അറിയാം. നദ്ദാ ജി ഭട്ട പാർസൗളിൽ ഇല്ലായിരുന്നു. എനിക്ക് ഒരു വ്യക്തിത്വമുണ്ട്. എനിക്ക് നരേന്ദ്ര മോദിയെയോ മറ്റാരേയോ ഭയമില്ല. അവർക്ക് എന്നെ തൊടാൻ കഴിയില്ല. പക്ഷേ അവർക്ക് എന്നെ വെടിവയ്ക്കാൻ കഴിയും. ഞാൻ ഒരു ദേശസ്‌നേഹിയാണ്, എന്റെ രാജ്യത്തെ സംരക്ഷിക്കും… ഞാൻ അവരെക്കാൾ കൂടുതൽ കടുപിടുത്തക്കാരനാണ്,” 2011 മെയ് മാസത്തിൽ ഉത്തർപ്രദേശിലെ ഭട്ടാ പാർസൗളിൽ ഭൂമി ഏറ്റെടുക്കുന്നതിനിടെ നടന്ന അക്രമങ്ങളെയും ബലാത്സംഗങ്ങളെയും കുറിച്ച് രാഹുൽ ഗാന്ധി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook