ലക്‌നൗ: വ്യവസായികള്‍ക്കൊപ്പം ഒരേ ഫ്രെയിമില്‍ നില്‍ക്കാന്‍ മറ്റ് ചിലരെ പോലെ തനിക്ക് മടിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസായികള്‍ക്കും വ്യാപാര പ്രമുഖര്‍ക്കും ഒപ്പം താന്‍ നില്‍ക്കുമെന്നും തന്റെ ഉദ്ദേശ്യം നീതിയുക്തമാണെന്നും മോദി പറഞ്ഞു. ഉത്തർപ്രദേശിൽ 60,​000 കോടിയുടെ 81 പദ്ധതികൾക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വ്യവസായികള്‍ക്കും വ്യാപാര പ്രഭുക്കള്‍ക്കും ഒപ്പം പരസ്യമായി നില്‍ക്കാന്‍ മറ്റ് ചിലരെ പോലെ എനിക്ക് മടിയില്ല. കാരണം എന്റെ ഉദ്ദേശ്യം നല്ലത് മാത്രമാണ്. രാജ്യ വിട്ടതും ജയിലില്‍ കഴിയുന്നതുമായ വ്യവസായികളെ പോലെ മറ്റ് വ്യവസായികളേയും കള്ളന്മാരായി മുദ്ര കുത്തരുത്. വ്യവസായികളും രാജ്യത്തിന്റെ വികസനത്തിന് സംഭാവന നല്‍കുന്നുണ്ട്’, മോദി പറഞ്ഞു.

വ്യവസായികളെ സഹായിക്കാനാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെന്ന പ്രതിപക്ഷ വിമര്‍ശനത്തിനാണ് അദ്ദേഹം മറുപടി പറഞ്ഞത്. 60,000 കോടി മുതൽ മുടക്കിൽ നിരവധി പദ്ധതികൾ ഒന്നിച്ച് നടപ്പാക്കുന്നത് റെക്കോർഡാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു. ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ പദ്ധതികൾക്ക് പുതിയ ദിശാബോധം നൽകുന്നതായിരിക്കും ഈ കാൽവയ്പ്. ഡിജിറ്റൽ രംഗത്ത് അടിസ്ഥാനസൗകര്യ വികസനം വരുന്നതോടെ ഉത്തർപ്രദേശിന്റെ മുഖച്ഛായ തന്നെ മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതികൾ പൂർണ തോതിൽ നടപ്പാകുന്നതോടെ രണ്ട് ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് യുപി വ്യവസായ മന്ത്രി സതീഷ് മഹാന പറഞ്ഞു.

ഊർജ്ജോല്പാദനം, അടിസ്ഥാനസൗകര്യ വികസനം, ഐടി,​ ഇലക്ട്രോണിക് രംഗത്തെ വികസനം, വിനോദസഞ്ചാര വളർച്ച തുടങ്ങിയവയ്ക്കായി 4.28 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി നടത്തിയ നിക്ഷേപ സംഗമത്തിന് പിന്നാലെ 60,000 കോടി രൂപയുടെ പദ്ധതികൾക്ക് ധാരണയായത് മികച്ച നേട്ടമാണ്. റിലയൻസ് ജിയോ 10,000 കോടിയും ബിഎസ്എൻഎൽ 5000 കോടി രൂപയുമാണ് ഉത്തർപ്രദേശിൽ നിക്ഷേപിക്കുന്നത്. ഇൻഫോസിസ് (5000 കോടി), ടിസിഎസ് (2500 കോടി), അദാനി പവർ (2500 കോടി),​ പേടിഎം (3500 കോടി) എന്നിവയും നിക്ഷേപ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ