/indian-express-malayalam/media/media_files/uploads/2022/10/supreme-court-3-1-1-2.jpeg)
സുപ്രീം കോടതി
ന്യൂഡല്‍ഹി: ഉന്നത കോടതികളിലെ ജഡ്ജി നിയമനത്തിനായി ശിപാര്‍ശ ചെയ്യുന്ന പേരുകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകിപ്പിക്കുന്നതില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച് സുപ്രീം കോടതി. ഇത് 'സ്വീകാര്യമല്ല' എന്നു പറഞ്ഞുകൊണ്ടായിരുന്നു കോടതിയുടെ വിമര്‍ശം.
ഉന്നത കോടതികളില്‍ ജഡ്ജിമാരായി നിയമിക്കുന്നതിനു ശിപാര്‍ശ ചെയ്ത പേരുകള്‍ തടഞ്ഞുവയ്ക്കുന്നത്, അവരുടെ സമ്മതം പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുന്ന 'ഒരുതരം ഉപാധി' ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി കൊളീജിയം ആവര്‍ത്തിച്ചുനല്‍കിയ പേരുകള്‍ ഉള്‍പ്പെടെ തടഞ്ഞുവയ്ക്കുന്നതു ചൂണ്ടിക്കാട്ടിയാണു കോടതിയുടെ അസംതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്്.
''പേരുകള്‍ രണ്ടാമതും ആവര്‍ത്തിച്ചാല്‍ നിയമനം നല്‍കണം. പേരുകള്‍ തടഞ്ഞുവയ്ക്കുന്നതു സ്വീകാര്യമല്ല. സംഭവിച്ചതുപോലെ, തങ്ങളുടെ പേരുകള്‍ പിന്‍വലിക്കാന്‍ ഈ വ്യക്തികളെ നിര്‍ബന്ധിക്കുന്ന ഒരു ഉപകരണമായി ഇതു മാറുകയാണ്,' ജസ്റ്റിസുമാരായ എസ് കെ കൗള്‍, എ എസ് ഓക എന്നിവരുടെ ബെഞ്ച് പറഞ്ഞതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
സമയബന്ധിതമായ നിയമനം സുഗമമാക്കുന്നതിനു നിശ്ചയിച്ച സമയപരിധിയുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20നു സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതില്‍ 'മനപ്പൂര്‍വമായ അനുസരണക്കേട്' ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ പ്രതികരണം തേടി കേന്ദ്ര നിയമ മന്ത്രാലയത്തിലെ ചുമതലയുള്ള സെക്രട്ടറി (ജസ്റ്റിസ്)ക്ക് ബെഞ്ച് നോട്ടിസ് അയച്ചു.
ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരുടെ നിയമനത്തിലെ അസാധാരണമായ കാലതാമസവും പേരുകള്‍ വേര്‍തിരിക്കുന്നതും 'ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്റെ മൂല്യവത്തായ തത്വത്തിനു ഹാനികര'മാണെന്നു ചൂണ്ടിക്കാട്ടി അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ ബംഗളുരുവാണു ഹര്‍ജി സമര്‍പ്പിച്ചത്. ശിപാര്‍ശ ചെയ്ത 11 പേരുകള്‍ ആവര്‍ത്തിച്ചതു പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഹര്‍ജി. കേസ് കൂടുതല്‍ വാദം കേള്‍ക്കാന്‍ നവംബര്‍ 28-ലേക്കു മാറ്റി.
പേരുകള്‍ കൊളീജിയം ഏകകണ്ഠമായി ശിപാര്‍ശ ആവര്‍ത്തിച്ചാല്‍ മൂന്നോ നാലോ ആഴ്ചയ്ക്കുള്ളില്‍ കേന്ദ്രം ജഡ്ജിമാരെ നിയമിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.