ഹെെദരാബാദ്: കോവിഡ് ബാധിച്ചു മരിച്ച യുവാവ് തന്റെ അവസാന നിമിഷങ്ങൾക്കു തൊട്ടുമുൻപ് പിതാവിനു അയച്ച വീഡിയോ സന്ദേശം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു. മരണത്തിനു തൊട്ടുമുൻപ് താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ വിവരിച്ചുകൊണ്ടാണ് 34 കാരനായ യുവാവ് തന്റെ പിതാവിനു വീഡിയോ സന്ദേശമയച്ചത്.

ഹെെദരാബാദിലെ ഒരു സർക്കാർ ആശുപത്രിയിലാണ് സംഭവം. ഹെെദരാബാദ് ഗവൺമെന്റ് ചെസ്‌റ്റ് ആശുപത്രിയിലാണ് കോവിഡ് ബാധിതനായ യുവാവ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ബുധനാഴ്‌ചയാണ് ഇയാളെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തോളം സ്വകാര്യ ആശുപത്രികളിൽ കയറിയിറങ്ങിയെന്നും ചികിത്സ നിഷേധിക്കപ്പെടുകയാണെന്നും യുവാവിന്റെ പിതാവ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

Read Also: തുടർച്ചയായി രണ്ടാം ദിവസവും 20,000 ത്തോളം കോവിഡ് ബാധിതർ; മരണസംഖ്യ ഉയരുന്നു

വീഡിയോ സന്ദേശത്തിൽ പറയുന്നത് ഇങ്ങനെ: “എനിക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ല… ഞാൻ യാചിച്ചു പറഞ്ഞിട്ടും മൂന്ന് മണിക്കൂറായി എനിക്ക് ഓക്‌സിജൻ പോലും നൽകിയിട്ടില്ല. ഡാഡി, എനിക്ക് ശ്വാസമെടുക്കാൻ ഒട്ടും സാധിക്കുന്നില്ല…ഹൃദയം നിലച്ചുപോകുന്ന അവസ്ഥ. ഡാഡി, ഞാൻ പോകുന്നു. എല്ലാവരോടും ഞാൻ യാത്ര ചോദിക്കുന്നു. ഞാൻ പോകുകയാണ് ഡാഡി”

ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ച സമയത്തിനു ഒരു മണിക്കൂർ മുൻപാണ് യുവാവ് തന്റെ പിതാവിനു വീഡിയോ സന്ദേശമയച്ചത്. തന്റെ മകനെ ആരും സഹായിച്ചില്ലെന്നും സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് മകൻ അയച്ച വീഡിയോ കാണുന്നതെന്നും പിതാവ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

Read Also: പ്രവാസി യുവാവിനെ വീട്ടിൽ കയറ്റാതെ ബന്ധുക്കൾ; കുടിവെള്ളം പോലും നൽകിയില്ലെന്ന് ആരോപണം

മകന് ഓക്‌സിജൻ സൗകര്യം നിഷേധിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് പിതാവ് ചോദിക്കുന്നു. തന്റെ മകനു സംഭവിച്ചതു മറ്റൊരാൾക്കും ഇനി സംഭവിക്കരുതെന്നും പിതാവ് പറഞ്ഞു. മകന്റെ കോവിഡ് ഫലം ഏറെ വെെകിയാണ് ലഭിച്ചതെന്നും വീട്ടിലെ മറ്റുള്ളവരിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്നും ഇയാൾ ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook