സോൻഭദ്ര: ഉത്തർപ്രദേശിലെ സോൺഭദ്ര ജില്ലയിൽ ശനിയാഴ്ച 3,350 ടൺ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയതായുള്ള വാർത്തകൾ നിഷേധിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ). യുപി മൈനിങ് വകുപ്പാണ് ഇക്കാര്യങ്ങൾ പറഞ്ഞതെന്നും ജിഎസ്ഐ വ്യക്തമാക്കി.

3,350 ടൺ സ്വർണം കണ്ടെത്തിയതായി നേരത്തെ ജില്ലാ മൈനിംഗ് ഓഫീസർ കെ കെ റായ് അവകാശപ്പെട്ടിരുന്നു. 160 കിലോ സ്വര്‍ണ്ണ ശേഖരം മാത്രമാണ് ജിഎസ്ഐ ഇതുവരെ കണ്ടെത്തിയതെന്നും ഇതില്‍ വ്യക്തത വരുത്താന്‍ സംസ്ഥാന മൈനിംഗ് വകുപ്പുമായി ചേര്‍ന്ന് വാര്‍ത്ത സമ്മേളനം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ 3350 ടണ്‍ സ്വര്‍ണ നിക്ഷേപം ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കണ്ടെത്തിയെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. സോന്‍ പഹാഡി, ഹാര്‍ദി മേഖലകളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയതെന്നായിരുന്നു വാര്‍ത്ത.

Read More: സുപ്രീംകോടതിയുടെ സംവരണ വിധിക്കെതിരെ ആസാദിന്റെ നേതൃത്വത്തിൽ ഇന്ന് ഭാരത ബന്ദ്

ഏകദേശം 12 ലക്ഷം കോടി രൂപ മൂല്യം വരുന്ന ശേഖരമാണ് കണ്ടെത്തിയത് എന്നായിരുന്നു പ്രചാരണം. സ്വര്‍ണ ശേഖരം കണ്ടെത്തിയ സ്ഥലത്തിന് ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഉള്ളതിനാല്‍ ഖനനം നടത്താന്‍ എളുപ്പമാണെന്ന് അധികൃതര്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ 15 ദിവസമായി ഈ പ്രദേശങ്ങളില്‍ ഏരിയല്‍ സര്‍വേ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയുടെ മൊത്തം കരുതൽ സ്വർണ ശേഖരത്തിന്‍റെ അഞ്ചിരട്ടിയായിരുന്നു സോൺ പഹാദി, ഹാർഡി മേഖലകളിലായി കണ്ടെത്തിയ സ്വർണ നിക്ഷേപമെന്ന് ആയിരുന്നു വാർത്ത. ലോക ഗോൾഡ് കൗൺസിലിന്‍റെ കണക്കനുസരിച്ച് ഇന്ത്യയിൽ നിലവിൽ 626 ടൺ സ്വർണശേഖരം ഉണ്ട്. പുതിയതായി കണ്ടെത്തിയ സ്വർണശേഖരം ഈ കരുതൽ ശേഖരത്തിന്‍റെ അഞ്ചിരട്ടിയാണെന്നും ഏകദേശം 12 ലക്ഷം കോടി രൂപയാണ് ഇതിന് കണക്കാക്കുന്നതെന്നും ആയിരുന്നു അധികൃതർ വ്യക്തമാക്കിയത്. എന്നാൽ, ഇതിനെയെല്ലാം നിഷേധിച്ചാണ് ജി എസ് ഐയുടെ റിപ്പോർട്ട്.

1992-93 കാലഘട്ടത്തിലാണ് സോൺഭദ്രയിൽ സ്വർണ്ണ ശേഖരം കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആരംഭിച്ചത്. സ്വർണത്തിനു പുറമേ മറ്റ് ചില ധാതുക്കളും ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സോൻഭദ്ര മേഖലയിൽ സ്വർണ്ണ ശേഖരം കണ്ടെത്തുന്നതിനുള്ള നടപടികൾ ആദ്യമായി ആരംഭിച്ചത് ബ്രിട്ടീഷുകാരാണ്.

ഉത്തർപ്രദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായ സോൻഭദ്ര പടിഞ്ഞാറൻ മധ്യപ്രദേശ്, തെക്കൻ ഛത്തീസ്‌ഗഢ്, തെക്ക്-കിഴക്കൻ ജാർഖണ്ഡ്, കിഴക്കൻ ബീഹാർ എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക ജില്ല കൂടിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook