കോപ്പൻഹേഗൻ: എൻജിൻ തകരാറിനെ തുടർന്ന് അപകടത്തിലായ വികിങ് സ്കൈ യാത്രാക്കപ്പൽ സുരക്ഷിതമായി തുറമുഖത്തെത്തി. നോർവെയുടെ പടിഞ്ഞാറൻ തീരത്തു വച്ചാണ് യാത്രാക്കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പലിന്റെ എൻജിൻ തകരാറിലാവുകയായിരുന്നു. എൻജിൻ തകരാറിലായതോടെ കപ്പൽ ശക്തമായ തിരമാലയിൽ ആടിയുലയാൻ തുടങ്ങി. അപകടം മനസിലാക്കിയ ക്യാപ്റ്റൻ ഉടൻ തന്നെ സഹായം തേടി. കപ്പലിൽ ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ 1,373 പേരാണുണ്ടായിരുന്നത്.

അഞ്ചു ഹെലികോപ്റ്ററുകളും നിരവധി ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടന്ന് ബോട്ടുകൾക്ക് കപ്പലിന് അടുത്തേക്ക് എത്താനായില്ല. തുടർന്ന് 500 പേരെ ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തി. 436 യാത്രക്കാരും 458 ജീവനക്കാരും കപ്പലിൽ തുടർന്നു. നാലു എൻജിനുകളിൽ മൂന്നെണ്ണം പ്രവർത്തിച്ചതോടെ കപ്പൽ പതുക്കെ യാത്ര തുടരുകയും സുരക്ഷിതമായി നൊർവീജിയൻ തുറമുഖത്ത് എത്തുകയും ചെയ്തു.

കപ്പലിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും ബ്രിട്ടീഷ്, യുഎസ് എന്നിവിടങ്ങളിൽ നിന്നുളളവരായിരുന്നു. കൂടുതൽ പേരും പ്രായമേറിയവരായിരുന്നു. ട്രോംസോയിൽനിന്നും സ്റ്റാവംഗറിലക്ക് വരികയായിരുന്നു കപ്പൽ. കടലിനടിയിലെ പാറകളിൽ തട്ടിയാവാം എൻജിൻ തകരാറിലായതെന്നാണ് നിഗമനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook