ത്രിപുര തിരഞ്ഞെടുപ്പ് ഫലം

ബിജെപി വൻ കുതിപ്പ് നടത്തിയ ത്രിപുരയിൽ സിപിഎമ്മിന്റെ 25 വർഷത്തെ ഭരണം അവസാനിച്ചു

മേഘാലയ തിരഞ്ഞെടുപ്പ് ഫലം

ഒൻപത് വർഷത്തെ ഭരണം നിലനിർത്താനാണ് മേഘാലയയിൽ കോൺഗ്രസിന്റെ ശ്രമം. എന്നാൽ എൻപിപിയുടെ വെല്ലുവിളി ചെറുതല്ല. കൂട്ടുകക്ഷി ഭരണത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്

നാഗാലാന്റ് തിരഞ്ഞെടുപ്പ് ഫലം

നാഗാ പീപ്പിൾസിന്റെ തുടർഭരണ പ്രതീക്ഷകൾക്ക് മുകളിലാണ് ബിജെപിയും എൻഡിപിപിയും ചേർന്ന് കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്.

ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുരയിലും നാഗാലാന്റിലും ബിജെപി സഖ്യത്തിന് വിജയം. ഇതോടെ രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലെത്തി. അതേസമയം, കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ മേഘാലയയിൽ ഭരണം പിടിക്കാൻ ബിജെപിയും ശ്രമം നടത്തുന്നുണ്ട്. ചെങ്കോട്ടയായിരുന്ന ത്രിപുരയിൽ ഭരണം നഷ്ടപ്പെട്ടതോടെ സിപിഎമ്മിന്റെ ഭരണം കേരളത്തിൽ മാത്രമായി ഒതുങ്ങി.

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ത്രിപുരയിൽ ബിജെപി മുന്നേറ്റം നടത്തിയത്. ആകെ തിരഞ്ഞെടുപ്പ് നടന്ന 59 സീറ്റുകളിൽ 40 എണ്ണത്തിലും ബിജെപി-ഐപിഎഫ്‌ടി സഖ്യം മുന്നേറി. ബിജെപി 32 സീറ്റിൽ മുന്നേറ്റം നടത്തിയപ്പോൾ ഐപിഎഫ്‌ടിയുടെ മുന്നേറ്റം എട്ട് സീറ്റുകളിലേക്കായിരുന്നു. കഴിഞ്ഞ തവണ 50 ലേറെ സീറ്റ് നേടിയ സിപിഎമ്മിന് ഇത്തവണ 17 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സംസ്ഥാനത്ത് വൻ തകർച്ചയാണ് കോൺഗ്രസ് നേരിട്ടത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 36 ശതമാനം വോട്ട് നേടിയ കോൺഗ്രസ് ഇത്തവണ 2 ശതമാനം വോട്ടിലേക്ക് ഒതുങ്ങി.

അതേസമയം മേഘാലയയിൽ കോൺഗ്രസിന് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ സാധിച്ചു. ഇവിടെ നാഷണൽ പീപ്പിൾസ് പാർട്ടിയാണ് കോൺഗ്രസിന് വലിയ വെല്ലുവിളിയുണ്ടാക്കിയത്. ഇവിടെ 20 സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്ന കോൺഗ്രസിന് രണ്ട് സീറ്റിൽ വിജയിച്ച ബിജെപിയും 19 സീറ്റിൽ വിജയിച്ച എൻപിപിയും വെല്ലുവിളിയാണ്.

ബിജെപി ഭരണം പിടിക്കാൻ ഏതറ്റം വരെയും പോകും എന്നതിനാൽ കമൽനാഥിനെയും അഹമ്മദ് പട്ടേലിനെയും രാഹുൽ ഗാന്ധി മേഘാലയയിലേക്ക് അയച്ചു. ഇവിടെ പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി നാല് സീറ്റിലും യുണൈറ്റഡ് ഡമോക്രാറ്റിക് പാർട്ടി ആറ് സീറ്റിലും മുന്നേറുന്നുണ്ട്. നാല് സീറ്റുകളിൽ മറ്റ് ചെറുകക്ഷികളും ഉണ്ട്. തൂക്കുസഭ ഉറപ്പായ സാഹചര്യത്തിൽ സംസ്ഥാനത്തെ ഭരണം പിടിക്കാൻ കോൺഗ്രസും എൻപിപിയും എന്തൊക്കെ ചെയ്യുമെന്നാണ് ഇനി കാണാനുളളത്.

അതേസമയം നാഗാലാന്റിൽ നാഗാ പീപ്പിൾസ് ഫ്രണ്ടാണ് വലിയ ഒറ്റക്കക്ഷി. 21 സീറ്റിലാണ് ഇവരുടെ മുന്നേറ്റം. ഇവിടെ നാഷണലിസ്റ്റ് പ്രോഗ്രസീവ് ഡെമോക്രാറ്റിക് പാർട്ടി 15 സീറ്റിലും ബിജെപി നാല് സീറ്റിലും മുന്നേറി. ഇവിടെ നാല് സീറ്റുകളിൽ ലീഡ് നേടി മുന്നേറുന്ന നാഷണൽ പീപ്പിൾസ് പാർട്ടിയും ഒരു സീറ്റിൽ മുന്നേറുന്ന ജനതാദൾ യുവും ബിജെപിക്കൊപ്പമാണ്. ഈ സാഹചര്യത്തിൽ നാഗാലാന്റിൽ ബിജെപി മുന്നണി അധികാരത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ