Delhi Violence: ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങളെ തുടർന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. പതിനെട്ട് കേസുകളാണ് സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ന് പുതിയ കേസുകളൊന്നും റജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് നൂറിലേറെ പേരെ അറസ്റ്റ് ചെയ്തതായാണ് ഡൽഹി പൊലീസ് പറയുന്നത്.
ഡൽഹിയിലെ അക്രമങ്ങൾക്ക് കാരണം പുറത്തുനിന്നുള്ളവരാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. കലാപം അടിച്ചമർത്താൻ സെെന്യത്തെ വിന്യസിക്കണമെന്ന് കേജ്രിവാൾ ആവശ്യപ്പെട്ടു. “ഡൽഹിയിലെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നു. കലാപം ആരും ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ കുട്ടികൾക്കു വേണ്ടി വളരെ നല്ലൊരു ഡൽഹി സൃഷ്ടിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഡൽഹിയിലെ സാധാരണ ജനങ്ങൾ കലാപത്തിൽ ഇടപെട്ടിട്ടില്ല. അവർ ഇതിന്റെ ഭാഗമല്ല. പുറത്തുനിന്നുള്ളവരാണ് ഇവിടുത്തെ കലാപങ്ങൾക്ക് പ്രധാന കാരണം. അടിയന്തരമായി സെെന്യത്തെ വിളിക്കണം. സമാധാനം പുനസ്ഥാപിക്കണം.” കേജ്രിവാൾ പറഞ്ഞു. സെെന്യത്തെ വിളിക്കണമെന്ന കേജ്രിവാളിന്റെ ആവശ്യം കേന്ദ്ര സർക്കാർ വീണ്ടും തള്ളി.
Read Also: വിരാട് കോഹ്ലിക്കും ജസ്പ്രീത് ബുംറയ്ക്കും തിരിച്ചടി; റാങ്കിൽ പിന്നോട്ട്
വടക്ക് കിഴക്കൻ ഡൽഹിയിലെ ആൾക്കൂട്ട ആക്രമണത്തിന് കാരണമായ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം നേരിട്ടതിൽ ഡൽഹി ഹൈക്കോടതി നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ ധാരണയോടുകൂടി തീരുമാനമെടുത്ത് വ്യാഴാഴ്ച അറിയിക്കാൻ പോലീസ് കമ്മീഷണറോട് കോടതി ആവശ്യപ്പെട്ടു. സ്ഥിതി വളരെ അസുഖകരമാണെന്നും “1984 അനുവദിക്കാൻ ഞങ്ങൾക്ക് കഴിയില്ല” എന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അധികാരികൾ “വളരെ ജാഗ്രത പാലിക്കണം” എന്നും കോടതി കൂട്ടിച്ചേർത്തു.
Read Also: വിദ്വേഷ പ്രസംഗം: ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാത്തതിൽ ഹെെക്കോടതിക്ക് അതൃപ്തി
അതേസമയം ‘സഹോദരീ സഹോദരന്മാർ’ സമാധാനവും സാഹോദര്യവും പുലർത്തണമെന്നും ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കലാപം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. സ്ഥിതിഗതികളെക്കുറിച്ച് വിപുലമായ അവലോകനം നടത്തിയെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.
Live Blog
Delhi violence: കലാപഭൂമിയായി രാജ്യതലസ്ഥാനം
അതേസമയം, സ്ഥിതി ദൗര്ഭാഗ്യകരമാണെന്നു പറഞ്ഞ സുപ്രീംകോടതി അക്രമത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിക്കളഞ്ഞു. ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് പറഞ്ഞ സുപ്രീംകോടതി ഡൽഹി പൊലീസിനേയും രൂക്ഷമായി വിമർശിച്ചു. പ്രകോപനം സൃഷ്ടിച്ചവരെ രക്ഷപ്പെടാൻ ഡൽഹി പൊലീസ് അനുവദിച്ചില്ലായിരുന്നെങ്കിൽ ഡൽഹിയിൽ കലാപം ഉണ്ടാകില്ലായിരുന്നുവെന്നും കോടതി പറഞ്ഞു.
വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് നടൻ രജനികാന്ത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണ് അക്രമങ്ങൾക്കു കാരണമെന്ന് രജനി പറഞ്ഞു. താൻ ബിജെപിയുടെ വക്താവല്ലെന്നും രജനികാന്ത് ചെന്നെെയിൽ മാധ്യമങ്ങളോട് പറഞ്ഞു. പൂർണമായും ഡൽഹിയിലെ അക്രമ സംഭവങ്ങളുടെ കാരണം രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. “സമാധാനം പുനസ്ഥാപിക്കാൻ എല്ലാവരും ഒന്നിച്ചുനിൽക്കണം. അക്രമങ്ങൾ നടത്തുന്നവരെ ഇരുമ്പ് മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തണം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് കാരണം. രഹസ്യാന്വേഷണ വിഭാഗം അവരുടെ ജാേലി കൃത്യമായി ചെയ്തില്ല. രഹസ്യാന്വേഷണ വിഭാഗത്തിനു വീഴ്ച പറ്റിയെന്ന് പറയുമ്പോൾ അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടി പരാജയമാണ്.” രജനികാന്ത് പറഞ്ഞു. നേരത്തെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് രജനി രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമം മുസ്ലിങ്ങൾക്കെതിരല്ലെന്നും രജനി പറഞ്ഞിരുന്നു.
വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷ മേഖലകൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സന്ദർശിച്ചു. സംഘർഷത്തിനു ഇരകളായവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തങ്ങൾ നേരിട്ട ബുദ്ധിമുട്ടുകളും ആക്രമണങ്ങളും അജിത് ഡോവലിനോട് അവർ വിവരിച്ചു. “ഡൽഹിയിലെ അവസ്ഥ നിയന്ത്രണവിധേയമാണെന്ന് അജിത് ഡോവൽ പറഞ്ഞു. നിയമത്തിൽ എനിക്ക് വിശ്വാസമുണ്ട്. പൊലീസ് നല്ല രീതിയിൽ കാര്യങ്ങൾ നിർവഹിക്കുന്നുണ്ട്. ജനങ്ങളെല്ലാം തൃപ്തരാണ്,” അജിത് ഡോവൽ ഡൽഹി സന്ദർശനവേളയിൽ പറഞ്ഞു. “ചില അക്രമികളാണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്കു പിന്നിൽ. അക്രമികളെ ഒറ്റപ്പെടുത്താനാണ് ജനങ്ങൾ ശ്രമിക്കുന്നത്. പൊലീസ് ഇവിടെ കാര്യങ്ങളെല്ലാം കൃത്യമായി നിർവഹിക്കുന്നുണ്ട്. ആശങ്ക വേണ്ട. സംഭവിച്ചതെല്ലാം സംഭവിച്ചു. ഇൻശാ അള്ളാ, ഇവിടെ പൂർണ്ണമായും സമാധാനം സ്ഥാപിക്കപ്പെടും. എല്ലാവരും മറ്റുള്ളവരുമായി സ്നേഹത്തിലും സഹകരണത്തിലും ജീവിക്കണം. പ്രശ്നങ്ങളെല്ലാം പരിഹരിക്കാനാണ് പരസ്പരം ശ്രമിക്കേണ്ടത്. പ്രശ്നങ്ങൾ വർധിപ്പിക്കാനല്ല.” അജിത് ഡോവൽ പറഞ്ഞു.
വടക്കു കിഴക്കൻ ഡൽഹിയിലെ അക്രമ സംഭവങ്ങൾ അരങ്ങേറിയ സ്ഥലങ്ങളിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സന്ദർശനം നടത്തുന്നു.
സംഘർഷ മേഖലകളിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സന്ദർശിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഡോവൽ സംസാരിച്ചു. സ്ഥിതിഗതികൾ ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു.
വടക്കു കിഴക്കൻ ഡൽഹിയിൽ വർഗീയ സംഘർഷം ആളികത്തി നിൽക്കെ യുഎസ് പൗരന്മാർക്ക് എംബസിയുടെ കർശന നിർദേശം. യുഎസ് എംബസിയാണ് സുരക്ഷാ ഉപദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യയിലുള്ള യുഎസ് പൗരന്മാർ ജാഗ്രത പുലർത്തണമെന്നും സംഘർഷ മേഖലകളിലൂടെയുള്ള സഞ്ചാരം പൂർണ്ണമായും ഒഴിവാക്കണമെന്നും എംബസി നിർദേശം നൽകി. വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷമെന്ന് എംബസിയുടെ മുന്നറിയിപ്പിൽ പ്രത്യേകം എടുത്തുപറയുന്നു.
ഡൽഹിയിലെ അക്രമങ്ങൾക്ക് കാരണം പുറത്തുനിന്നുള്ളവരാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. കലാപം അടിച്ചമർത്താൻ സെെന്യത്തെ വിന്യസിക്കണമെന്ന് കേജ്രിവാൾ ആവശ്യപ്പെട്ടു. “ഡൽഹിയിലെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നു. കലാപം ആരും ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ കുട്ടികൾക്കു വേണ്ടി വളരെ നല്ലൊരു ഡൽഹി സൃഷ്ടിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഡൽഹിയിലെ സാധാരണ ജനങ്ങൾ കലാപത്തിൽ ഇടപെട്ടിട്ടില്ല. അവർ ഇതിന്റെ ഭാഗമല്ല. പുറത്തുനിന്നുള്ളവരാണ് ഇവിടുത്തെ കലാപങ്ങൾക്ക് പ്രധാന കാരണം. അടിയന്തരമായി സെെന്യത്തെ വിളിക്കണം. സമാധാനം പുനസ്ഥാപിക്കണം.” കേജ്രിവാൾ പറഞ്ഞു. സെെന്യത്തെ വിളിക്കണമെന്ന കേജ്രിവാളിന്റെ ആവശ്യം കേന്ദ്ര സർക്കാർ വീണ്ടും തള്ളി.
കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി രംഗത്തെത്തി. ഡൽഹി അക്രമത്തിൽ കേന്ദ്ര നേതൃത്വം മൗനം പാലിക്കുന്നത് ഞെട്ടിപ്പിക്കുന്നതും ദൗര്ഭാഗ്യകരവുമാണെന്ന് സോണിയ പറഞ്ഞു. ന്യൂഡൽഹിയിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തെത്തുടർന്ന് വാർത്താസമ്മേളനം നടത്തിയ സോണിയ ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പ്രശ്നബാധിത പ്രദേശങ്ങളിൽ എത്തണമെന്നും ജനങ്ങളുമായി ആശയവിനിമയം നടത്തണമെന്നും സോണിയ ഗാന്ധി പറഞ്ഞു.
ഡൽഹിയിലെ അക്രമ സംഭവങ്ങൾക്കിടെ കൊല്ലപ്പെട്ട ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ
ഡൽഹിയിലെ അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ സാമാധാന മാർച്ച് നടത്തി. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുത്തു. എഐസിസി ആസ്ഥാനത്തു നിന്നാണ് മാർച്ച് ആരംഭിച്ചത്.
രാഷ്ട്രീയ നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോ കണ്ടശേഷം അവർക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി ഡൽഹി കമ്മിഷണർക്ക് നിർദേശം നൽകിയിരിക്കുന്നത്. ബിജെപി നേതാവ് കപിൽ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ ഇതുവരെ കണ്ടിട്ടില്ലെന്ന ഡൽഹി പൊലീസിന്റെ പ്രസ്താവനയിൽ കോടതി ആശ്ചര്യം രേഖപ്പെടുത്തി. അതിനുശേഷം, തുറന്ന കോടതിയിൽവച്ച് ആ വീഡിയോ പ്ലേ ചെയ്തു കാണിച്ചു.
ഹിന്ദുക്കളുടെ വീടുകൾക്ക് അതിർത്തി നിർണ്ണയിക്കാൻ സീലാംപൂരിലെ പ്രദേശവാസികൾ കാവിക്കൊടികൾ സ്ഥാപിച്ചു.
വടക്ക് കിഴക്കൻ ഡൽഹിയിലെ ആൾക്കൂട്ട ആക്രമണത്തിന് കാരണമായ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം നേരിട്ടതിൽ ഡൽഹി ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഇത് സംബന്ധിച്ച് വ്യക്തമായ ധാരണയോടുകൂടി തീരുമാനമെടുത്ത് വ്യാഴാഴ്ച അറിയിക്കാൻ പോലീസ് കമ്മീഷണറോട് കോടതി ആവശ്യപ്പെട്ടു. സ്ഥിതി വളരെ അസുഖകരമാണെന്നും “1984 അനുവദിക്കാൻ ഞങ്ങൾക്ക് കഴിയില്ല” എന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അധികാരികൾ “വളരെ ജാഗ്രത പാലിക്കണം” എന്നും കോടതി കൂട്ടിച്ചേർത്തു.
ഡൽഹി അക്രമത്തിൽ “വൻ സുരക്ഷാ വീഴ്ച” ഉണ്ടായതിന്റെ ധാർമ്മിക ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് എൻസിപി എംപി സുപ്രിയ സുലെ. സുരക്ഷാ വീഴ്ചയെക്കുറിച്ച് സുതാര്യമായ അന്വേഷണം നടത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബരാമതി എംപി ആവശ്യപ്പെട്ടു. ഡൽഹിയിൽ സംഭവിച്ചതിന് കേന്ദ്രം ഉത്തരവാദിത്തം ഏറ്റെടുക്കണം. ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണം, ”വിധാൻ ഭവനിൽ (ലെജിസ്ലേറ്റീവ് കോംപ്ലക്സിന്) മാധ്യമപ്രവർത്തകരോട് സുലെ പറഞ്ഞു.
ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സൈന്യത്തെ വിളിക്കുകയല്ലാതെ മറ്റൊരു നടപടിയും ഇല്ലെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി. ഡൽഹിയിലെ അക്രമത്തിന് പൊലീസിന്റെയും അവരെ ഭരിക്കുന്ന അധികാരങ്ങളുടെയും അനുമതി ഉണ്ടെന്ന് വ്യക്തമാണ്. മരിച്ചവരുടെ ബന്ധുക്കൾക്കും പരുക്കേറ്റവർക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മതിയായ നഷ്ടപരിഹാരം നൽകണം, ”അദ്ദേഹം പറഞ്ഞു.
ഡൽഹി കലാപത്തിൽ സിഖുകാർ മധ്യസ്ഥരായി പ്രവർത്തിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ എച്ച്.എസ് ഫൂൽക്ക. സമാധാന സമിതികൾ രൂപീകരിക്കാനും പ്രശ്നബാധിത പ്രദേശങ്ങളിലെയും ആശുപത്രികളിലെയും ഇരകൾക്ക് ഭക്ഷണം അയയ്ക്കാനും ആശുപത്രികളിലെ രോഗികളെ പരിചരിക്കാനും മരുന്നുകൾ ക്രമീകരിക്കാനും സിഖ് നേതാക്കളോടും ഗുരുദ്വാര കമ്മിറ്റിയോടും അഭ്യർത്ഥിച്ചിട്ടുണ്ട്, ”ഫൂൽക ട്വീറ്റ് ചെയ്തു.
വടക്ക് കിഴക്കൻ ഡൽഹിയിലെ ഖജുരി ഖാസ് പ്രദേശത്ത് ഒരു വാഹനത്തിനുള്ളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണസംഖ്യ 24 ആയി ഉയർന്നു.
അക്രമം നടക്കുന്ന വടക്കു കിഴക്കൻ ഡൽഹിയിലെ പലയിടങ്ങളിലും പച്ചക്കറിയുടേയും പാലിന്റേയും വില ഉയർന്നു. ഈ പ്രദേശത്തെ കർഫ്യൂ പോലുള്ള സാഹചര്യങ്ങൾക്കിടയിൽ കടകൾ അടച്ചുപൂട്ടി. പല കടകളിലും സാധനങ്ങൾ പെട്ടെന്ന് തീർന്നുപോകുന്ന സ്ഥിതിയാണ്. അക്രമത്തിന്റെ പ്രഭവകേന്ദ്രമായ ജാഫ്രാബാദ്, മജ്പൂർ, ബാബർപൂർ, നൂറിലാഹി, യമുന വിഹാർ എന്നിവിടങ്ങളിലെ ആളുകൾ കൂടുതൽ പണം നൽകിയാണ് അവശ്യവസ്തുക്കൾ വാങ്ങുന്നത്.
ദേശീയ തലസ്ഥാനത്തെ ലോക് നായക് ആശുപത്രിയിൽ രണ്ട് പേർ കൂടി മരിച്ചു. ബുധനാഴ്ച മരണസംഖ്യ 23 ആയി ഉയർന്നു.
ഇന്റലിജൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവം അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് ഡൽഹി ഹൈക്കോടതി.
വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമത്തെക്കുറിച്ചുള്ള ഹർജിയിൽ വാദം കേട്ട ഡൽഹി ഹൈക്കോടതി, ഈ നഗരത്തിൽ, 1984ലെ കലാപം ആവർത്തിക്കുന്നത് അനുവദിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി. എല്ലായിടങ്ങളിലും കുടുംബങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ അധികൃതർ ജാഗ്രതപാലിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. ഇസഡ് ക്യാറ്റഗറി സുരക്ഷ എല്ലാവർക്കുമുള്ളതാണെന്ന് കാണിക്കാനുള്ള സമയമാണിതെന്നും ബെഞ്ച് വ്യക്തമാക്കി.
വടക്കുകിഴക്കൻ ഡൽഹിയിൽ നടക്കുന്ന അക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയെന്ന് ജിടിബി ആശുപത്രി അധികൃതർ. അക്രമത്തിൽ 250 പേർക്ക് പരുക്കേറ്റു. പരുക്കുകൾ ഗുരുതരമാണ്.
ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന സ്ഥിതിഗതികൾ സംബന്ധിച്ച് വിപുലമായ അവലോകനം നടത്തിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ പൊലീസും മറ്റ് ഏജൻസികളും പ്രവർത്തിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
ഡൽഹിയിൽ നടന്ന അക്രമം കൃത്യനിർവഹണത്തിന്റെ പരാജയമാണെന്നും ഉത്തരവാദിത്തം കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്നും കോൺഗ്രസ് പ്രവർത്തക സമിതി. ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ഡൽഹി അക്രമത്തിൽ കേന്ദ്ര നേതൃത്വം മൗനം പാലിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് മേധാവി സോണിയ ഗാന്ധി. “അവർ പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഞാൻ സോഷ്യൽ മീഡിയയിൽ ചില അഭിപ്രായങ്ങൾ കണ്ടിരുന്നു. പക്ഷേ ആരും ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. വാജ്പേയി സർക്കാരിന്റെ കാലത്തുൾപ്പെടെ മുൻകാലങ്ങളിൽ, അദ്ദേഹം ആദ്യം ചെയ്യുന്നത് എല്ലാ പാർട്ടി നേതാക്കളുടേയും യോഗം വിളിക്കലായിരുന്നു. മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അത്തരം ഒരു യോഗവും വിളിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
എല്ലാ മതവിഭാഗങ്ങളുടെയും പ്രതിനിധികളെയും ഉൾക്കൊള്ളിച്ച് എല്ലാ മേഖലകളിലും സമാധാന സമിതികൾ രൂപീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രശ്നബാധിത പ്രദേശങ്ങളിലെ ജനങ്ങളുമായി ഡൽഹി മുഖ്യമന്ത്രി നിരന്തരം ആശയവിനിമയം നടത്തണമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ സോണിയ ഗാന്ധി പറഞ്ഞു. വിദ്വേഷത്തിന്റെ രാഷ്ട്രീയം സിഡബ്ല്യുസി ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇത്തരം സംഭവങ്ങൾ ഇനി ഒരിക്കലും നടക്കരുത്.
“ആഭ്യന്തരമന്ത്രി എവിടെയായിരുന്നു? അദ്ദേഹം എന്താണ് ചെയ്യുന്നത്? ഡൽഹി തിരഞ്ഞെടുപ്പിന് ശേഷം രഹസ്യാന്വേഷണ ഏജൻസികൾ എന്താണ് പറഞ്ഞത്, അപ്പോൾ എന്ത് നടപടിയാണ് സ്വീകരിച്ചത്? കലാപം പടരുമെന്ന് ഉറപ്പായിരുന്നു,” സോണിയ ഗാന്ധി പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണാതീതമാവുകയും പോലീസിന് അത് നിയന്ത്രിക്കാൻ കഴിയാതിരിക്കുകയും ചെയ്തപ്പോൾ എന്തുകൊണ്ടാണ് അർദ്ധസൈനികരെ വിളിക്കാത്തത്? സ്ഥിതി നിയന്ത്രണവിധേയമാക്കാൻ അധിക സേനയെ ഉടൻ വിന്യസിക്കണം.
ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണ് സിഡബ്ല്യുസി നിലകൊള്ളുന്നതെന്ന് സോണിയ ഗാന്ധി. “പരുക്കേറ്റവർ ഉടൻ സുഖം പ്രാപിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. നിലവിലെ അക്രമത്തിന് കേന്ദ്രം, പ്രത്യേകിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഉത്തരവാദി, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നു, ”അവർ കൂട്ടിച്ചേർത്തു.
ന്യൂഡൽഹിയിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തെ തുടർന്ന് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. അടുത്തിടെ നടന്ന ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിരവധി ബിജെപി നേതാക്കൾ ഭയവും വിദ്വേഷവും പ്രചരിപ്പിച്ചു. ഞായറാഴ്ച ബിജെപി നേതാവ് ഡൽഹി പോലീസിന് അന്ത്യശാസനം നൽകിയപ്പോൾ ഇത് ആവർത്തിക്കുകയായിരുന്നു. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ 20 പേരുടെ മരണം നടന്നിട്ടും ഡൽഹി പൊലീസ് നോക്കി നിന്നുവെന്നും സോണിയ പറഞ്ഞു.
ഡൽഹിയിലെ ആശുപത്രികൾക്കു സമീപം നിലയുറപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടേണ്ട നമ്പരുകളും വിവരങ്ങളും ഡൽഹി പൊലീസ് പുറത്തു വിട്ടു. ഡൽഹിയിലെ ആക്രമങ്ങളിൽ പരുക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങൾക്ക് ഇവരെ ബന്ധപ്പെടാം.
പ്രകോപനം സൃഷ്ടിച്ചവരെ രക്ഷപ്പെടാൻ പൊലീസ് അനുവദിച്ചില്ലായിരുന്നെങ്കിൽ ഡൽഹിയിൽ അക്രമങ്ങൾ സംഭവിക്കില്ലായിരുന്നുവെന്ന് സുപ്രീം കോടതി.
ദേശീയ തലസ്ഥാനത്തെ അക്രമങ്ങളിൽ സമാനമായ ഹർജികൾ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിൽ ഉണ്ടെന്നും ഹൈക്കോടതി തീർപ്പുകൽപ്പിക്കട്ടെയെന്നും സുപ്രീംകോടതി.
ഡൽഹി കലാപത്തിൽ അക്രമകാരികൾ വീടുകൾക്കും കടകൾക്കും മാത്രമല്ല സ്കൂളും തീയിട്ട് നശിപ്പിച്ചു.
‘ഭാരത് മാതാ കി ജയ്’ എന്ന് പറയുന്നവർ ഇന്ത്യയിൽ തുടരുമെന്ന് ഹിമാചൽ മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ. ഡൽഹിയിൽ നടക്കുന്ന അക്രമങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയ് റാം ഠാക്കൂർ. വിധാൻ സഭയുടെ ആദ്യ സമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയായിരുന്നു ജയ് റാം ഠാക്കൂർ ഇക്കാര്യം പറഞ്ഞത്. Read More
വടക്ക് കിഴക്കൻ ഡൽഹിയിലെ അക്രമബാധിത പ്രദേശങ്ങളിലെ സിബിഎസ്സി സ്കൂളുകളുടെ പരീക്ഷ മാറ്റിവയ്ക്കുന്നതിൽ പരിഹാരം കണ്ടെത്താൻ ബോർഡിനോട് കോടതി.
ബിജെപി നേതാക്കൾ ഉൾപ്പെടെ സംഘർഷത്തിന് പ്രേരിപ്പിച്ചവർക്കെതിരായ കേസിലെ നിലപാട് അറിയിക്കാൻ ഡൽഹി പൊലീസിനോട് ഹൈക്കോടതി. ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
രാജ്യതലസ്ഥാനത്ത് അരങ്ങേറിയ കലാപത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. വടികളും ഇരുമ്പ് ദണ്ഡുകളുമായി വടക്ക് കിഴക്കൻ ഡൽഹിയുടെ പലഭാഗങ്ങളിലായി ആക്രോശിച്ചെത്തുന്ന ചെറുപ്പക്കാരുടെ കൂട്ടം മുസ്ലിം വിഭാഗത്തിലുള്ളവരുടെ വീടുകളും കടകളും തിരഞ്ഞ് പിടിച്ച് തീയിടുകയും അടിച്ച് തകർക്കുകയും ചെന്നുന്നു. ആക്രമണത്തിൽ പൊലീസുകാരുൾപ്പെടെ 250ഓളം പേർക്ക് പരുക്കേറ്റു. പ്രശ്ന ബാധിതമായ ജാഫ്രാബാദ് ഉൾപ്പടെയുള്ള നാല് പ്രദേശങ്ങളിൽ കർഫ്യൂവും പ്രഖ്യാപിച്ചു.
സൈന്യത്തെ വിളിച്ച് ഡൽഹിയിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ ഉടൻ കർഫ്യൂ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ ഭയപ്പെടുത്തുന്നതാണെന്നും അത് നിയന്ത്രിക്കാൻ പോലീസിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യതലസ്ഥാനത്ത് അരങ്ങേറിയ കലാപത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി, പൊലീസുകാരുൾപ്പടെ 180 ഓളം ആളുകൾ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കലാപകാരികളെ കണ്ടാൽ വെടിവയ്ക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. പ്രശ്ന ബാധിതമായ ജാഫ്രാബാദ് ഉൾപ്പടെയുള്ള നാല് പ്രദേശങ്ങളിൽ കർഫ്യൂവും പ്രഖ്യാപിച്ചു
നാൽപ്പതോ അതിന് മുകളിലോ പ്രായമുള്ള ഒരാൾ ഒരാൾ എന്റെ അടുത്തേക്ക് വന്ന് ചോദിച്ചു: “നിങ്ങൾ ആരാണ്? ഇവിടെ എന്തു ചെയ്യുന്നു?” ഒരു പത്രപ്രവർത്തകനാണെന്ന് ഞാൻ സ്വയം പരിചയപ്പെടുത്തി. “നിങ്ങളുടെ നോട്ട്ബുക്ക് തരൂ.” നിരവധി ഫോൺ നമ്പറുകളും പ്രദേശത്തെക്കുറിച്ചുള്ള എന്റെ നിരീക്ഷണവും ഒഴികെ അയാൾക്ക് സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. “നിങ്ങൾക്ക് ഇവിടെ നിന്ന് റിപ്പോർട്ടുചെയ്യാൻ കഴിയില്ല,” അദ്ദേഹം ഭീഷണിപ്പെടുത്തി ബേക്കറി ഇനങ്ങളുടെ കത്തുന്ന കൂമ്പാരത്തിലേക്ക് എന്റെ നോട്ട്ബുക്ക് എടുത്തെറിഞ്ഞു. Read More
ഡൽഹി ലക്ഷ്മി നഗർ എംഎൽഎ അഭയ് വർമയുടെ മാർച്ചിൽ പ്രകോപന മുദ്രാവാക്യം. ജനങ്ങള്ക്ക് നേരെ ‘ഗോലി മാരോ’ (വെടിവെക്കൂ) മുദ്രാവാക്യമാണ് മാർച്ചിൽ ഉയർന്നത്. 150 തോളം അനുയായികളുമായി ലക്ഷ്മിനഗറിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ മാര്ച്ചിനിടെയാണ് എംഎല്എ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ആംആദ്മി പാര്ട്ടി രാജ്യസഭ എംപി സഞ്ജയ് സിംഗാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് പങ്കുവെച്ചത്.
പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യതലസ്ഥാനത്തുണ്ടായ കലാപത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ മാത്രം 250 ഓളം ആളുകൾ പരുക്കേറ്റ് ചികിത്സയിലുണ്ട്.
ഡൽഹി കലാപത്തിൽ ഇടപ്പെടാൻ പൊലീസിന് കർശന നിർദേശവുമായി ഡൽഹി ഹൈക്കോടതി
അടിയന്തരമായി ചികിത്സ ഉറപ്പാക്കണമെന്നും, ഉച്ചയോടെ ദില്ലിയിലെ തത്സമയവിവരറിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ദില്ലി പൊലീസിന് കർശന നിർദേശം നൽകി.
ഡൽഹി അക്രമത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്, മുൻ മുഖ്യ വിവരാവകാശ കമീഷണർ വജാഹത്ത് ഹബീബുല്ല, ശാഹീൻബാഗ് സ്വദേശി ബഹദൂർ അബ്ബാസ് നഖ്വി എന്നിവരാണ് ഹർജി നൽകിയത്.
പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യതലസ്ഥാനത്ത് അരങ്ങേറിയ കലാപത്തിന് അയവ് വന്നിട്ടുണ്ടെങ്കിലും പ്രശ്നം ഗുരുതരമായി തന്നെ അവശേഷിക്കുകയാണ്. ഡൽഹിയിൽ നിന്നുമുള്ള കൂടുതൽ വാർത്തകൾക്ക് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന്റെ തത്സമയം വിവരണത്തോടൊപ്പം തുടരുക.