സിയൂള്‍: ആരോഗ്യനില സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ പൊതുവേദിയിൽ. മൂന്നാഴ്ചയ്ക്കുശേഷമാണ് കിം ജോങ് ഉൻ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. ഉത്തരകൊറിയയിലെ സണ്‍ചോന്‍ നഗരത്തില്‍ പുതുതായി നിര്‍മിച്ച വളം നിര്‍മാണ ശാലയുടെ ഉദ്ഘാടത്തിനാണ് കിം ജോംഗ് എത്തിയത്. ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സഹോദരി കിം യോ ജോങിനും രാജ്യത്തെ മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പമാണ് കിം ജോങ് ഉൻ ചടങ്ങിനെത്തിയതെന്നാണ് റിപ്പോർട്ട്. വ്യവസായ കേന്ദ്രം കിം ജോങ് നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങൾ കൊറിയൻ സെൻട്രൽ വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. ജനങ്ങൾ ആഘോഷത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഇതോടെ കിം ജോംഗ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കാണ് അവസാനമായത്. ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്നു കിമ്മിനു മസ്തിഷ്‌കമരണം സംഭവിച്ചെന്ന മട്ടില്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഏപ്രില്‍ 11-നുശേഷം കിം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്ത സാഹചര്യത്തിലാണ് ഊഹാപോഹങ്ങള്‍ പ്രചരിച്ചത്.
Read More: ലോകത്ത് കോവിഡ് മരണം 2.39 ലക്ഷം കടന്നു
കിം ഏപ്രില്‍ 15നു മുത്തച്ഛനും മുന്‍ സര്‍വാധിപതിയുമായ കിം ഇല്‍ സുരാഗിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തില്ല. ഉത്തരകൊറിയയിലെ ഒരു പ്രധാന ദേശീയാഘോഷദിനമാണിത്. ഇതോടെയാണ് കിം വാര്‍ത്തകളില്‍ നിറഞ്ഞത്.
അതേസമയം കിമ്മിന്റെ പ്രത്യേക ട്രെയിൻ രാജ്യത്തെ റിസോര്‍ട്ട് ടൗണായ വോന്‍സാനില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉത്തരകൊറിയ മോണിറ്ററിങ് പ്രൊജക്ട് ഇതുസംബന്ധിച്ച സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.
കിം കുടുംബത്തിനായി പ്രത്യേകം തയാറാക്കിയ സ്‌റ്റേഷനില്‍ ഏപ്രില്‍ 21 മുതല്‍ 23 വരെ ട്രെയിന്‍ പാര്‍ക്ക് ചെയ്തതായി ശനിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് ട്രെയിന്‍ കിമ്മിന്റേതാണെന്ന് പറയുന്നുണ്ടെങ്കിലും ബ്രീട്ടിഷ് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് കിം നഗരത്തിലുണ്ടായിരുന്ന കാര്യം സ്ഥിരീകരിച്ചിരുന്നില്ല ട്രെയിനിന്റെ സാന്നിധ്യം കൊണ്ട് ഉത്തരകൊറിയന്‍ നേതാവിന്റെ ആരോഗ്യനിലയെ പറ്റി ഒരു സൂചനയും ലഭിച്ചിരുന്നില്ല. എന്നാല്‍, രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുള്ള പ്രത്യേക മേഖലയിലാണ് കിം ഉള്ളതെന്ന റിപ്പോര്‍ട്ടുകള്‍ക്കാണ് പ്രാധാന്യമെന്നായിരുന്നു റോയിട്ടേഴ്സ് പറഞ്ഞത്.
ഇതിന് മുൻപ് 2014-ല്‍ കിം ആറാഴ്ചയോളം പൊതുവേദിയില്‍ വന്നില്ല. പിന്നീട് ഒരു ചൂരല്‍വടിയുമായാണ് പ്രത്യക്ഷപ്പെട്ടത്. കാല്‍ക്കുഴയിലെ ഒരു മുഴ നീക്കംചെയ്യാന്‍ ശസ്ത്രക്രിയ നടത്തി എന്നാണ് പിന്നീട് വാര്‍ത്ത പുറത്തുവന്നത്.