പൂണെ: ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണങ്ങളിലൂടെ കഴിഞ്ഞവര്‍ഷം 400 മില്യണ്‍ ഡോളര്‍ (ഏകദേശം മൂവായിരം കോടി രൂപ) വില വരുന്ന ക്രിപ്റ്റോ കറൻസി തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. ബ്ലോക്ക്‌ചെയിന്‍ വിശകലന സ്ഥാപനമായ ചെയ്‌നാലിസിസിന്റെ പുതിയ ഡേറ്റയാണ് ഇക്കാര്യം പറയുന്നത്.
ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ(ഡിപിആര്‍കെ)യുടെ പ്രാഥമിക രഹസ്യാന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തിലുള്ള ‘ലാസറസ് ഗ്രൂപ്പ്’ എന്ന് വിളിക്കപ്പെടുന്ന ഹാക്കര്‍മാരാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
നിക്ഷേപ സ്ഥാപനങ്ങളെയും കേന്ദ്രീകൃത എക്‌സ്‌ചേഞ്ചുകളെയും 2021 ല്‍ ഉത്തര കൊറിയയില്‍നിന്നുള്ള സൈബര്‍ ആക്രമണങ്ങള്‍ പ്രാഥമികമായി ലക്ഷ്യം വച്ചിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഫണ്ടുകള്‍ തട്ടിയെടുക്കുന്നതിനായി ചെയ്യുന്നതിനായി പ്രലോഭന തന്ത്രങ്ങള്‍, കോഡ് ചൂഷണങ്ങള്‍, മാല്‍വെയര്‍, അഡ്വാന്‍സ്ഡ് സോഷ്യല്‍ എന്‍ജിനീയറിങ് എന്നിവ ഉപയോഗിച്ചു. ഫണ്ടുകള്‍ തട്ടിയെടുത്ത ഉത്തരകൊറിയ അതു മറച്ചുവയ്ക്കാനും വെളുപ്പിക്കാനുമുള്ള ശ്രദ്ധാപൂര്‍വമായ പ്രക്രിയ ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read: പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ, രണ്ട് ഘട്ടമായി
കുകോയിനും മറ്റൊരു പേരിടാത്ത ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചിനും നേരെയുള്ള ആക്രമണങ്ങള്‍ ലാസറസ് ഗ്രൂപ്പില്‍ നിന്നുള്ള ഏറ്റവും വിജയകരമായ ചില ഹാക്കുകളില്‍ ഉള്‍പ്പെടുന്നു. ഇവ ഓരോന്നില്‍നിന്നും 250 മില്യണ്‍ ഡോളറിന്റെ വീതം സമ്പാദ്യമുണ്ടാക്കിയതായാണ് പറയുന്നത്. ഈ സൈബര്‍ ആക്രമണങ്ങളില്‍നിന്നു ലഭിക്കുന്ന വരുമാനം ഉത്തര കൊറിയയുടെ ഡബ്ല്യുഎംഡി, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്കുവേണ്ടി ഉപയോഗിക്കുവെന്നാണു യുഎന്‍ സുരക്ഷാസമിതിയുടെ വിലയിരുത്തല്‍.
”2020 മുതല്‍ 2021 വരെ, ഉത്തര കൊറിയയുമായി ബന്ധമുള്ള സൈബര്‍ ആക്രമണങ്ങളുടെ എണ്ണം നാലില്‍നിന്ന് ഏഴായി ഉയര്‍ന്നു. ഇവയില്‍നിന്ന് നേടിയെടുത്ത മൂല്യം 40 ശതമാനം വര്‍ധിച്ചു,” ചെയ്്‌നാലിസിസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സൈബര്‍ ആക്രമണമെന്ന ആരോപണം ഉത്തര കൊറിയ സ്ഥിരമായി നിരസിക്കുന്നുണ്ട്.
കൂടാതെ, 2021-ല്‍ ഇരകളില്‍നിന്ന് 14 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ക്രിപ്റ്റോകറന്‍സി തട്ടിപ്പുകാര്‍ മോഷ്ടിച്ചതായും ചെയ്‌നാലിസിസിന്റെ സമീപകാല റിപ്പോര്‍ട്ടില്‍ പറയുന്നു. 2020ലെ 7.8 ബില്യണ്‍ ഡോളറിന്റേ ക്രിപ്‌റ്റോയാണ് തട്ടിയെടുത്തത്. തട്ടിപ്പ് 79 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.