വാഷിങ്ടണ്‍: തെക്കന്‍ കൊറിയയും അമേരിക്കയും സംയുക്തമായി കൊറിയന്‍ ഉപദ്വീപുകളില്‍ ആയുധ പരിശീലനം ആരംഭിച്ചതിനു പിന്നാലെ “ഏതു നിമിഷവും ആണവയുദ്ധം ആരംഭിച്ചേക്കുമെന്ന്” ഉത്തരകൊറിയയുടെയും മുന്നറിയിപ്പ്.
തിങ്കളാഴ്ച ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത ഉത്തരകൊറിയന്‍ അംബാസഡര്‍ കിം ഇന്‍ റ്യൂങ് ഉത്തരകൊറിയ “പൂര്‍ണമായും ആണവായുധീകരണം പൂര്‍ത്തിയായ രാജ്യമാണ്” എന്നും “അമേരിക്കയെ മുഴുവനുമായി തകര്‍ക്കാന്‍ പ്രാപ്തിയുള്ള” ആണവായുധങ്ങള്‍ തങ്ങളുടെ പക്കലുണ്ട് എന്നും പറഞ്ഞതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
“അമേരിക്കയോടൊപ്പം ചേര്‍ന്ന് ഉത്തര കൊറിയയ്ക്കെതിരെ യുദ്ധം ചെയ്യാത്തിടത്തോളം മറ്റാര്‍ക്കും തന്നെ ഉത്തര കൊറിയ ഭീഷണിയുര്ത്തില്ല” എന്ന് പറഞ്ഞ കിം ഇന്‍ റ്യൂങ് “ഉത്തര കൊറിയ ഉത്തരവാദിത്തമുള്ളൊരു ആണവ രാജ്യമാണ്” എന്നും കൂട്ടിച്ചേര്‍ത്തു.
ഡോണൾഡ് ട്രംപ് അധികാരമേറ്റതു മുതല്‍ ഇരട്ടിച്ച യുദ്ധ മുറവിളികള്‍ കഴിഞ്ഞ ആഴ്ചകളിലായി കൂടുതല്‍ കടുത്തിരിക്കുകയാണ്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിനെ ‘റോക്കറ്റ് മാന്‍’ എന്ന് വിളിച്ച ഡോണള്‍ഡ് ട്രംപ് ഉത്തര കൊറിയ ആക്രമിക്കുന്ന പക്ഷം അവരെ മുഴുവനായും ഇല്ലാതാക്കുമെന്ന് ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കുകയുമുണ്ടായി. അമേരിക്കന്‍ പ്രസിഡന്റിനെ വാർധക്യത്തില്‍ ബുദ്ധി മാന്ദിച്ചവന് എന്നര്‍ത്ഥം വരുന്ന “ഡോട്ടാര്ഡ്” എന്നു വിളിച്ചു കൊണ്ടാണ് കിം ഇതിനു മറുപടി നല്‍കിയത്. “ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിക്കാവും അമേരിക്ക സാക്ഷ്യം വഹിക്കാന്‍ പോകുന്നത്” എന്നായിരുന്നു ഉത്തര കൊറിയന്‍ പ്രസിഡന്റ് പറഞ്ഞത്.