വാഷിങ്ടൺ: ആണവപരീക്ഷണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ലോകം ഇതുവരെ കാണാത്ത തിരിച്ചടി ഉത്തര കൊറിയ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ മിസൈലുകള്‍ സജ്ജമാക്കുന്നതില്‍ ഉത്തരകൊറിയ ഏറെ മുന്നിലാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്.

അതേസമയം, യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കന്‍ സൈനികതാവളം ആക്രമിക്കുമെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. മിസൈലാക്രമണത്തിനുളള പദ്ധതി തയാറാക്കിയെന്നും ഭരണത്തലവൻ കിം ജോങ് ഉന്നിന്റെ അനുമതി മാത്രം ഇനി മതിയെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പസഫിക് മേഖലയില്‍ അമേരിക്കയുടെ കര, വ്യോമ, നാവികസേനയുടേയും തീരദേശ സേനയുടേയും ശക്തമായ സാന്നിധ്യമുള്ള ദ്വീപാണ് ഗുവാം.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അമേരിക്കന്‍ തീരം വരെയെത്തുന്ന ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതാണ് കൊറിയക്കെതിരെ നിലപാട് കടുപ്പിക്കാൻ ട്രംപിനെ പ്രേരിപ്പിച്ചത്. കൊറിയക്കെതിരെ യുദ്ധത്തിന് തയാറെടുക്കുന്നതായി ട്രംപ് സൂചിപ്പിച്ചെന്ന് കഴിഞ്ഞ ദിവസം ഒരു സെനറ്റര്‍ വെളിപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ