സോള്‍: ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയാണ് തീരുമാനം.
ഇനി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കില്ലെന്നും കിം അറിയിച്ചു. പ്രസ്താവനയിലൂടെയാണ് കിം ഇക്കാര്യം അറിയിച്ചത്. അതേസമയം ആണവ ശക്തിയില്‍ രാജ്യം പൂര്‍ണ്ണത കൈവരിച്ചതായും കിം പറഞ്ഞു. ട്രംപുമായും ദക്ഷിണകൊറിയുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്നോടിയാണ് നീക്കമെന്നതും ശ്രദ്ധേയമാണ്.
ഉത്തരകൊറിയയുടെ തീരുമാനത്തെ അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ സ്വാഗതം ചെയ്തു. നേരത്തെ ദക്ഷിണ കൊറിയപ്രസിഡന്റിന്റെ വസതിയായ ബ്ലൂ ഹൗസും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അധ്യക്ഷനായുള്ള സ്റ്റേറ്റ് അഫയേഴ്സ് കമ്മിഷനും തമ്മിലുള്ള പുതിയ ടെലിഫോണ്‍ ബന്ധം സ്ഥാപിച്ചിരുന്നു.
അടുത്ത വെള്ളിയാഴ്ച ഇരു കൊറിയകളും തമ്മിലുളള ഉച്ചകോടി നടക്കുന്ന അതിര്‍ത്തി ഗ്രാമമായ പാന്‍മുന്‍ജോമില്‍ നേരത്തെ ഹോട്ട്‌ലൈന്‍ സംവിധാനം സ്ഥാപിച്ചിരുന്നു. ഉച്ചകോടിക്കു മുന്‍പായി ഒരു തവണയെങ്കിലും ഇരു നേതാക്കളും പുതിയ ഓഫിസ് ഹോട്ട്‌ലൈനില്‍ ബന്ധപ്പെടുമെന്നാണു കരുതുന്നത്.
അതേസമയം, തകര്‍ന്നു പോയ സമ്പദ് വ്യവസ്ഥയെ നേരെ നിര്‍ത്താനുള്ള ശ്രമമാണിതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഉത്തരകൊറിയയ്ക്കും ലോകത്തിനും നല്ല വാര്‍ത്തയാണിതെന്നും വലിയ പുരോഗമനമാണെന്നുമായിരുന്നു വാര്‍ത്തയോട് ട്രംപിന്റെ പ്രതികരണം. ഉച്ചകോടിയ്ക്കായി കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.