പ്യോംഗ്യാംഗ്: ലോകത്തിലെ വിനാശകരമായ ആയുധങ്ങളിൽ ഒന്നായ ഹൈഡ്രജൻ ബോംബ് വികസിപ്പിച്ചതായി ഉത്തരകൊറിയയുടെ അവകാശവാദം. ഔദ്യോഗിക വാർത്ത ഏജൻസിയായ സെൻട്രൽ ഏജൻസിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഹൈഡ്രജൻ ബോംബ്​ ഉൾപ്പടെയുള്ള കൂടുതൽ വിനാശകരമായ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈൽ വികസിപ്പിച്ചെടുത്തെന്നും ഉത്തരകൊറിയ അവകാശപ്പെടുന്നു.

ഹൈഡ്രജൻ ബോംബ് ഉൾപ്പടെയുള്ള ആയുധങ്ങൾ ഉത്തരകൊറിയൻ ​പ്രസിഡൻഡ് കിം ​ജോംഗ്​ ഉൻ പരിശോധിക്കുന്നതി​​ന്‍റെ ദൃശ്യങ്ങളും കൊറിയൻ വാർത്ത എജൻസി പുറത്ത്​ വിട്ടിട്ടുണ്ട്. പൂർണമായും പ്രാദേശികമായാണ്​ ഹൈഡ്രജൻ ബോംബ്​ വികസിപ്പിച്ചെടുത്തതെന്നും ഉത്തരകൊറിയൻ അധികൃതർ വ്യക്തമാക്കി. അതേസമയം, ഉത്തരകൊറിയയുടെ അവകാശവാദം ദക്ഷിണകൊറിയ തള്ളി. നിലവിലെ സാഹചര്യം വിലയിരുത്താൻ ദക്ഷിണകൊറിയ അടിയന്തര യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയിലാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത്. ജപ്പാന് മുകളിലൂടെ സഞ്ചരിച്ചാണ് ബാലിസ്റ്റിക്ക് മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഇത് അമേരിക്കൻ തീരത്തെ ലക്ഷ്യംവെക്കാൻ കഴിയുന്ന മിസൈലുകളിൽ ഒന്നാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ