സോൾ: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. കടലില്‍ പതിക്കുന്നതിന് മുമ്പ് മിസൈല്‍ വടക്കന്‍ ജപ്പാന് മുകളിലൂടെ സഞ്ചരിച്ചതായാണ് റിപ്പോര്‍ട്ട്. ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പസഫിക് സമുദ്രത്തില്‍ തകര്‍ന്നു വീണു. 2009ന് ശേഷം ഇതാദ്യമായാണ് ജപ്പാന് നേരെ ആക്രമണം ഉണ്ടാകുന്നത്. ഉത്തര കൊറിയയുടേത് മുന്‍പെങ്ങുമില്ലാത്ത ഭീഷണിപ്പെടുത്തലെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിങ് സോ അബേ പ്രതികരിച്ചു.

അമേരിക്കയുമായി സഖ്യത്തിലുളള ജപ്പാനെ ഭീഷണിപ്പെടുത്തിയതിലൂടെ അമേരിക്കയ്ക്ക് മുന്നില്‍ കരുത്തുകാട്ടുകയാണ് ഉത്തര കൊറിയ ലക്ഷ്യം എന്നാണ് വിലയിരുത്തപ്പെടുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ തലസ്ഥാനമായ പ്യോങ്യാങ് തീരമേഖലയില്‍നിന്നായിരുന്നു വിക്ഷേപണം. കഴിഞ്ഞ ശനിയാഴ്ച അമേരിക്കയുടെ ഭീഷണികള്‍ക്കും സമാധാന ചര്‍ച്ചകള്‍ക്കും കാത്തുനില്‍ക്കാതെ ഉത്തരകൊറിയ മൂന്നു മിസൈലുകള്‍ പരീക്ഷിച്ചിരുന്നു.

അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളുടെ നിരോധനം മറികടന്നാണ് ഉത്തരകൊറിയ പ്രകോപനം തുടരുന്നത്. മൂന്ന് ഹ്രസ്വദൂര മിസൈലുകളാണ് ശനിയാഴ്ച ഉത്തരകൊറിയ പരീക്ഷിച്ചത്. ദക്ഷിണകൊറിയയും, യുഎസും ചേര്‍ന്നുള്ള സൈനികാഭ്യാസം ദക്ഷിണ കൊറിയയില്‍ നടക്കുന്നതിനിടെയാണ് ഉത്തരകൊറിയയുടെ പ്രകോപനം.

രണ്ടു മിസൈലുകളുകള്‍ 155 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കടലില്‍ പതിച്ചെന്ന് യുഎസ് വ്യക്തമാക്കി. എന്നാല്‍ ഒരു മിസൈല്‍ ഉത്തരകൊറിയ തൊടുത്ത ഉടന്‍ തന്നെ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം യുഎസിനോ, യുഎസ് അധീനതയിലുള്ള ഗ്വാം ദ്വീപിനോ ഭീക്ഷണിയല്ലെന്നും യുഎസ് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ