പ്യോങ്യാങ്: ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയന്‍ സൈന്യം വ്യക്തമാക്കി. ദക്ഷിണകൊറിയയുടെ പുതിയ പ്രസിഡന്റ് മൂണ്‍ ജെ അധികാരത്തിലേറിയതിന് പിന്നാലെയാണ് അമേരിക്കയെ പ്രകോപിപ്പിക്കും വിധത്തില്‍ തലസ്ഥാനമായ പ്യോങ്യാങിന്റെ വടക്ക് – പടിഞ്ഞാറ് ഭാഗത്തായി ഉത്തരകൊറിയ പരീക്ഷണം നടത്തിയത്.
റഷ്യയുടെ വ്ലാഡിവോസ്തോക് പ്രവിഷ്യയ്ക്ക് 60 മൈല്‍ അകലെയാണ് മിസൈല്‍ പതിച്ചതെന്ന് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി. തലസ്ഥാനമായ പ്യോങ്യാങിന്റെ വടക്ക് – പടിഞ്ഞാറ് ഭാഗത്തായി തൊടുത്തുവിട്ട മിസൈല്‍ 700 കിലോമീറ്റര്‍ ഉയരത്തില്‍ പൊങ്ങിയതായി ദക്ഷിണ കൊറിയന്‍ സൈന്യം വ്യക്തമാക്കി.
ലോകത്തെ വെല്ലുവിളിച്ചാണ് ഉത്തരകൊറിയയുട പുതിയ മിസൈല്‍ പരീക്ഷണമെന്ന് മൂണ്‍ ജെ വ്യക്തമാക്കി. ചര്‍ച്ചകള്‍ പോലും സാധ്യമാകണമെങ്കില്‍ ഉത്തരകൊറിയയുടെ മനോഭാവത്തില്‍ മാറ്റം വരണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കി.
റഷ്യയ്ക്കും ചൈനയ്ക്കുമുള്ള മുന്നറിയിപ്പാണ് ഉത്തരകൊറിയ നല്‍കിയതെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. റഷ്യയേയും തൊടാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് കിം ജോംങ് ഉന്‍ സന്ദേശമയച്ചതെന്നാണ് വിലയിരുത്തല്‍. അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ വഷളാവാന്‍ കാരണമായ നിരവധി മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തര കൊറിയ ഈ വര്‍ഷം നടത്തിയിട്ടുണ്ട്. അമേരിക്കയുടെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെയും പ്രതിഷേധത്തിനും കാരണമായിരുന്നു. ഇതിന് പിറകെയാണ് വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ രംഗത്തെത്തിയത്.