ബെയ്ജിങ്: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ചൈന സന്ദർശിച്ചു. ബെയ്ജിങ്ങിലെത്തിയ കിം ജോങ് ഉൻ ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ അറിയിച്ചു. 2011ൽ പിതാവ് കിം ജോങ് ഇല്ലിന്റെ മരണത്തെത്തുടർന്ന് അധികാരമേറ്റ ശേഷമുള്ള കിമ്മിന്റെ ആദ്യ വിദേശ സന്ദർശനമാണ് ഇത്.
തിങ്കളാഴ്ച രാത്രി ട്രെയിനിലാണ് കിം ജോങ് ഉൻ ബെയ്ജിങ്ങിലെത്തിയത്. ഉത്തര കൊറിയൻ മേധാവികൾ വളരെ അപൂർവ്വമായേ വിദേശ രാജ്യങ്ങൾ സന്ദർശിക്കാറുളളൂ. അങ്ങനെ സന്ദർശനം നടത്തുകയാണെങ്കിൽ അതിനായി ട്രെയിനിലാണ് യാത്ര ചെയ്യുക. പച്ച നിറത്തിലുളള 21 ക്യാരേജുകളുളള ട്രെയിനിൽ സെൻട്രൽ ബെയ്ജിങ് സ്റ്റേഷനിലാണ് കിം ജോങ് വന്നിറങ്ങിയത്. 2011 ൽ കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇൽ ചൈന സന്ദർശിച്ചപ്പോൾ ഇതേ മാതൃകയിലുളള ട്രെയിനിലാണ് എത്തിയത്.

34 കാരനായ കിം ജോങ് ഉന്നിനൊപ്പം ഭാര്യ റി സോൾ ജുവുവും അദ്ദേഹത്തിന്റെ ഉപദേശകന്മാരും ഉണ്ടായിരുന്നു. ബെയ്ജിങ്ങിലെത്തിയ കിം ജോങ് ഉന്നിനെയും സംഘത്തെയും ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങും ഭാര്യ പെങ് ലിയുവാനും ചേർന്ന് സ്വീകരിച്ചു. രഹസ്യമായി ചൈനയിലെത്തിയ കിം ജോങ് ഉന്നിന് വൻ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.
ബുധനാഴ്ച വരെ കിം ജോങ് ഉൻ ചൈനയിലുണ്ടായിരുന്നതായാണ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറിയൻ പെനിസുലയിൽ സമാധാനം സ്ഥാപിക്കുന്നതിനെക്കുറിച്ചും ആണവായുധ പരീക്ഷണം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും കിം ജോങ് ഉന്നും ചൈനീസ് പ്രസിഡന്റും തമ്മിൽ സംസാരിച്ചു. ഉത്തര കൊറിയൻ ശ്രമങ്ങളോട് ദക്ഷിണ കൊറിയയും യുഎസും സഹകരിച്ചാൻ കൊറിയൻ പെനിസുലയിൽ നിലനിൽക്കുന്ന ആണവഭീഷണിയിൽ മാറ്റും വരുമെന്നും കിം പറഞ്ഞു. യുഎസുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്നും കിം ചൈനീസ് പ്രസിഡന്റിനെ അറിയിച്ചു.
കിം ജോങ് ഉൻ ചൈന സന്ദർശിക്കുമെന്ന വാർത്തകൾ ചില രാജ്യാന്തര മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. അതിനിടെയിലാണ് കിം ചൈനയിൽ രഹസ്യമായി എത്തി മടങ്ങിയത്. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നിവരുമായി അടുത്ത മാസങ്ങളിൽ കിം ജോങ് ഉൻ ചർച്ചകൾ നടത്താനിരിക്കുകയാണ്. അതിനു മുന്നോടിയായാണ് ചൈനീസ് പ്രസിഡന്റിനെ സന്ദർശിച്ചതെന്നാണ് വിവരം.