ന്യൂയോർക്ക്: മൂന്നാം ലോക മഹായുദ്ധമെന്ന ആപൽസൂചനകൾ നൽകി ഉത്തരകൊറിയ അമേരിക്കയ്ക്ക് നേരെ വീണ്ടും വാളെടുക്കുന്നു. തങ്ങൾക്ക് മേൽ സൈനിക നടപടിയുമായി അമേരിക്ക മുന്നോട്ട് പോയാൽ എപ്പോൾ വേണമെങ്കിലും ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടനയിലെ ഉത്തരകൊറിയയുടെ ഉപ അംബാസഡർ കിം ഇൻ റോങ്ങ് ആണ് അമേരിക്കയ്ക്ക് നേരെ ഏറ്റവുമൊടുവിൽ ഭീഷണി മുഴക്കിയത്.

അമേരിക്ക സൈനിക നടപടി ആരംഭിച്ചാൽ ഏത് തരത്തിലുള്ള പ്രത്യാക്രമണത്തിനും നോർത്ത് കൊറിയ തയ്യാറാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “കൊറിയൻ ഉപഭൂഖണ്ഡത്തിലേക്ക് വിമാനവാഹിനി കപ്പൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം അയച്ചത് ഇപ്പോഴത്തെ സാഹചര്യം കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ.”

“ദക്ഷിണ കൊറിയയും അമേരിക്കയും തമ്മിലുള്ള സൈനിക പരിശീലനം ഉത്തര കൊറിയക്കെതിരായ സൈനിക നീക്കമായി മാത്രമേ കാണുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് ഉത്തര കൊറിയ സൈനിക ശേഷി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത് ആത്മരക്ഷാർത്ഥമാണ്. അതിനായി ഏതറ്റം വരെയും പോകും” അദ്ദേഹം പറഞ്ഞു.

ലോകരാഷ്ട്രങ്ങൾക്കിടയിൽ നിലനിൽക്കുന്ന സമാധാനം തകർക്കാനാണ് അമേരിക്കയുടെ ശ്രമം. അതിനാലാണ് പരമാധികാരമുള്ള മറ്റൊരു രാജ്യത്തെ ആക്രമിക്കാൻ അമേരിക്ക ശ്രമിക്കുന്നത്. ചൈനയുമായുള്ള ഉത്തര കൊറിയയുടെ സൈനിക ബന്ധ വാർത്തയെ അദ്ദേഹം തള്ളി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ