സോൾ: ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച് ആഴ്ചകൾ മാത്രം പിന്നിടവെ ഉത്തര കൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തിയതായി സംശയം. ഉത്തര കൊറിയയിൽ ഭൂചലനം ഉണ്ടായതാണ് സംശയത്തിന് ഇടയാക്കിയത്. റിക്ടർ സ്കെയിലിൽ 3.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ചൈനയിലെ ഭൗമശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

പ്രദേശിക സമയം രാവിലെ 11.30നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്നു ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ മാസം മൂന്നിന് ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തിയതിനെ തുടർന്ന് നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. വടക്കൻ ഹംഗ്യോംഗ് പ്രവിശ്യയിൽ സ്ഥാപിച്ചിരുന്ന ഭൂകന്പമാപിനിയിലാണ് പ്രകന്പനം രേഖപ്പെടുത്തിയത്. ഉത്തര കൊറിയയുടെ പൂഗ്ഗേരി ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

ഈ മാസം മൂന്നിനാണ് വീണ്ടും പ്രകോപനം സൃഷ്ടിച്ചുകൊണ്ട് ഉത്തര കൊറിയ അത്യുഗ്ര ശേഷിയുള്ള ആണവ പരീക്ഷണം നടത്തിയത്. വൻ പ്രഹരശേഷിയുള്ള 50- 60 കിലോ ടൺ ഹൈഡ്രജൻ ബോംബായിരുന്നു ഭൂഗർഭത്തിൽ പരീക്ഷിച്ചത്. ആണവസ്ഫോടനത്തിന്റെ ഫലമായി റിക്ടർ സ്കെയിലിൽ 6.3 തീവ്രതയുള്ള ഭൂകമ്പവും ഉണ്ടായിരുന്നു. ഇതിന് ശേഷം തുടർ ചലനവും ഉണ്ടായിരുന്നു.ഇത് ആറാം തവണയാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ