പനജി: ഗോവ സന്ദര്‍ശിക്കുന്ന ആഭ്യന്തര ടൂറിസ്റ്റുകള്‍ അഴുക്കുകളാണെന്ന് നഗരാസൂത്രണ വകുപ്പ് മന്ത്രി വിജയ്‌ സര്‍ദേശായ്. ‘ഇന്ന് നമ്മുടെ ജനസംഖ്യയുടെ ആറ് മടങ്ങ് വിനോദസഞ്ചാരികളാണ് ഗോവയിലെത്തുന്നത്. ഇവര്‍ നിലവാരമുളളവരല്ല, ഭൂമിയിലെ നികൃഷ്ടരായ ഒരു പറ്റമാണ്’, മന്ത്രി പറഞ്ഞു.

വടക്കന്‍ സംസ്ഥാനങ്ങളിലുളളവരുടെ തളളിച്ച സംസ്ഥാനത്തെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് വിഘാതമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഗോവയിലെ ഇപ്പോഴത്തെ മാലിന്യ പ്രശ്നത്തിന് കാരണക്കാര്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളാണ്. ഇത്തരം സ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ഗോവയെ ഹരിയാനയാക്കാനാണ് ശ്രമിക്കുന്നത്’, സര്‍ദേശായ് കുറ്റപ്പെടുത്തി.

ഗോവയിലേക്ക് ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി സംവരണ പദ്ധതി നടപ്പിലാക്കുന്ന സര്‍ക്കാര്‍ തീരുമാനത്തേയും അദ്ദേഹം വിമര്‍ശിച്ചു. ഗോവയെ വൃത്തിയായി സൂക്ഷിക്കണമെന്ന് ബോധവത്കരണം നടത്തണമെങ്കില്‍ സഞ്ചാരികളുടെ ഒഴുക്ക് കുറയണമെന്ന് അദ്ദേഹം പറഞ്ഞു. ‘ഇത്തരക്കാരെ എങ്ങനെ നിയന്ത്രിക്കാനാണ് ഉദ്ദേശിക്കുന്നത്. ഗോവ ഇന്ന് അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ്. അവര്‍ക്ക് ഹരിയാനയെ അതേപടി ഇവിടെ നിര്‍മ്മിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇവരെ കൊണ്ട് നികുതി അടപ്പിക്കാന്‍ നമുക്ക് നിയമം കൊണ്ടുവരണം’, മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ