ഈ വർഷം തിരഞ്ഞെടുപ്പ് നേരിടുന്ന മൂന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആദ്യതിരഞ്ഞെടുപ്പ് നടക്കുന്നത് ത്രിപുര നാളെ ബൂത്തിലേയ്ക്ക്. നിലവിൽ പ്രതിപക്ഷമായ കോൺഗ്രസല്ല, പകരം സംസ്ഥാനത്ത് അധികാരത്തിലുളള സി പി എമ്മും കേന്ദ്രം ഭരിക്കുന്ന ബി ജെ പിയും തമ്മിലാണ് ഇവിടുത്തെ പോരാട്ടമെന്ന് ഇരു പാർട്ടികളും പറയുന്നു. 2014 ൽ കേന്ദ്രത്തിൽ വന്ന നാൾ മുതൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ബി ജെ പിയുടെ നോട്ടത്തിന് കീഴിലെത്തുന്നത്. അസ്സമിലെ തന്ത്രങ്ങൾ വിജയം കണ്ടതോടെ ബി ജെ പിക്ക് ഈ ഭൂ പ്രദേശത്ത് വേരോട്ടം ഉണ്ടാക്കാനാകുമെന്ന ആത്മവിശ്വാസം പകർന്നു നൽകി.

കോൺഗ്രസ്സിലെ ഏഴ് എം എൽ എമാരാണ് തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കൂറുമാറി ബി ജെ പിയിൽ ചേർന്നു. ബി ജെ പി മുഖ്യ എതിരാളിയായി ഉയർന്നു. കേരളമല്ലാതെ സി പി എമ്മിന് ഇന്ത്യയിൽ നിലവിൽ അധികാരം കൈവശമുളള ഏക സംസ്ഥാനമാണ് ത്രിപുര. അതിനാൽ തന്നെ ത്രിപുരയിലെ ഫലം സി പി എമ്മിനെ സംബന്ധിച്ചടത്തോളം നിർണായകമാണ്. ഇന്ത്യയിലെ ഏറ്റവും നിസ്വനായ മുഖ്യമന്ത്രിയെന്ന് അറിയപ്പെടുന്ന മണിക് സർക്കാരിന്റെ 20 വർഷത്തെ ഭരണത്തിന്റെ വിലയിരുത്തൽ കൂടിയായണാാണ് ഇതിനെ കാണുന്നത്. കഴിഞ്ഞ 25 വർഷമായി സി പി എമ്മിന്റെ കൈവശമാണ് ത്രിപുരയിലെ ഭരണം. ത്രിപുരയിൽ രണ്ട് തവണ അധികാരത്തിൽ വന്നിട്ടുളള കോൺഗ്രസാണ് പ്രതിപക്ഷം

ഇന്ത്യയിലെ മുഖ്യമന്ത്രിമാരിൽ ഭൂരിപക്ഷവും കോടീശ്വരന്മാരാണ് അസോസിയേഷൻ ഫോർ പഠനം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയാണ് ത്രിപുര ഭരിക്കുന്ന മണിക് സർക്കാർ. സി പി എമ്മിന് ത്രിപുരയ്ക്ക് പുറത്തും മണിക് സർക്കാരിന്റെ പ്രതിച്ഛായ ഏറെ ഗുണം ചെയ്യുന്നതാണ്. അതിനാൽ തന്നെ മണിക് സർക്കാരിന്റെ അധികാരം നിലനിർത്തുകയെന്നത് സി പി എമ്മിനെ സംബന്ധിച്ച് ത്രിപുരയിലെ മാത്രം വിഷയമല്ലാത്തതിന് ഒരു കാരണം കൂടെയാണ്.

20 വനിതകളടക്കം 297 സ്ഥാനാർത്ഥികളാണ് അറുപതംഗ നിയമസഭയിലേയ്ക്ക മത്സരിക്കുന്നത്. 12, 67,785 സ്ത്രീകളടക്കം 25, 79, 060 വോട്ടർമാരാണ് ത്രിപുരയിലുളളത്. സി പി എം 57 സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. സി പി എം നേതൃത്വം നൽകുന്ന ഇടതുമുന്നണിയിലെ ഘടക കക്ഷികളായ സി പി ഐ, ഫോഞ്ഞവേഡ് ബ്ലോക്ക്, ആർ എസ് പി എന്നീ കക്ഷികൾ ഓരോ സീറ്റിലും മത്സരിക്കുന്നു. ബി ജെ പി 51 സീറ്റുകളിലാണ് മത്സരിക്കുന്നത്. അവരുടെ സഖ്യകക്ഷിയായ ഇൻഡിജിനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (​ഐ പി എഫ് ടി) ഒമ്പത് സീറ്റുകളിലും മത്സരിക്കുന്നു. കോൺഗ്രസ് 59 മണ്ഡലങ്ങളിൽ മത്സരിക്കുന്നു. തൃണമൂൽ കോൺഗ്രസ് 24 സീറ്റുകളിലും മത്സരരംഗത്തുണ്ട്.

ദശരഥ് ദേബ് എന്ന സി പി എമ്മിന്റെ മുഖ്യമന്ത്രിയുടെ പിൻഗാമിയായാണ് 1998 മാർച്ചിൽ മണിക് സർക്കാർ മുഖ്യമന്ത്രി പദത്തിലെത്തിയത്. മണിക് സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ അത് അഞ്ചാം തവണ എന്ന ചരിത്രനേട്ടമായിരിക്കും അദ്ദേഹത്തിന്റെ സർക്കാരിന് ലഭിക്കുക. 2015ൽ​ ത്രിപുരയിലുണ്ടായിരുന്ന ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവേഴ്സ് ആക്ട് എന്ന അഫ്സ്പാ പിൻവലിച്ചു കൊണ്ടുളള തീരുമാനം മണിക് സർക്കാരിന് പിന്തുണ വർധിപ്പിച്ചിരുന്നു.

ദരിദ്രനായ മുഖ്യമന്ത്രി എന്നത് മണിക് സർക്കാരിന്റെ പരിവേഷം നിലനിൽക്കുന്നുണ്ടെങ്കിലും പതിനേഴായിരം കോടി രൂപയും റോസ് വാലി ചിട്ട് ഫണ്ട് കുംഭകോണം സർക്കാരിനെതിരെ ഉയർന്നിട്ടുണ്ട്. ബി ജെ പി ഇതിൽ മണിക് സർക്കാരിനെ വ്യക്തിപരമായി ആക്രമിക്കുകയും ചെയ്തിരുന്നു.
ഐ പി എഫ് ടിയുമായി യോജിച്ച് തിരഞ്ഞെടുപ്പ് രംഗത്തേയ്ക്ക് വരാനുളള ബിജെപിയുടെ നീക്കം വളരെ തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ത്രിപുരയെ വിഭജിച്ച് പുതിയ സംസ്ഥാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുന്ന പാർട്ടിയാണ് ഐ പി എഫ് ടി. ഇതിനായി കമ്മിറ്റി നിയമിക്കാം എന്ന ഉറപ്പ് നൽകിയാണ് ബി ജെ പി ഈ പാർട്ടിയെ കൂടെ കൂട്ടിയത്. ബിജെ പി തങ്ങളുടെ ഹിന്ദുത്വ അജണ്ട, അതിദേശീയതാവാദം, ബീഫ് രാഷ്ട്രീയം എല്ലാം ദൂരെക്കളഞ്ഞാണ് ത്രിപുരയിൽ പ്രചാരണം. ഇതേക്കുറിച്ചുളള പ്രസംഗങ്ങളോ അഭിപ്രായ പ്രകടനങ്ങളോ പരസ്യമായി നടത്താ​ൻ ബി ജെ പി തയ്യാറല്ല. ഹിന്ദി ഹൃദയഭൂമികയിലും കേരളത്തിൽ പോലും ബി ജെ പി പയറ്റുന്ന ഇത്തരം നമ്പരുകളൊന്നും ത്രിപുരയിൽ ഇറക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.

ത്രിപുരയിൽ കഴിഞ്ഞ അഞ്ച് വർഷം മുമ്പ് വരെ സാന്നിദ്ധ്യം പോലുമല്ലാതിരുന്ന ബി ജെ പി മുഖ്യ എതിരാളിയായി വരുന്നത് കണ്ട് കോൺഗ്രസ് അന്തം വിട്ടുനിൽക്കുകയാമ്. പക്ഷേ, കോൺഗ്രസ് പോരാട്ടം ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. നിലവിൽ കോൺഗ്രസിന്റെ നില അത്ര ശോഭനമല്ല. പക്ഷേ അതിന്റെ പേരിൽ പോരാട്ടം ഉപേക്ഷിക്കേണ്ടതില്ല അസം മുൻമുഖ്യമന്ത്രി തരുൺ ഗഗോയി പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ