ന്യൂഡൽഹി: പുതുവർഷത്തിൽ ട്രെയിൻ യാത്രാനിരക്കിനു പിന്നാലെ പാചകവാതക വിലയും വർധിപ്പിച്ച് കേന്ദ്രസർക്കാർ. സബ്സിഡിയില്ലാത്ത പാചകവാതകത്തിനാണു വില കൂട്ടിയത്. സിലിണ്ടറിന് 19 രൂപയാണ് കൂടിയത്.
നേരത്തെ 14.2 കിലോയുളള സിലിണ്ടറിന് 695 രൂപയായിരുന്നു. ഇനി മുതൽ 714 രൂപ നൽകേണ്ടി വരും. തുടർച്ചയായ അഞ്ചാം മാസമാണ് പാചകവാതക വില കൂടുന്നത്. സബ്സിഡിയില്ലാത്ത പാചകവാതക വില കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ സിലിണ്ടറിന് 139.50 പൈസവരെയാണ് ഉയർന്നത്.
എൽപിജി വില കൂടിയതിനു പുറമേ, ജെറ്റ് ഇന്ധന നിരക്ക് 2.6 ശതമാനം വർധിപ്പിച്ചു. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബിൻ ഫ്യുവലിന്റെ നിരക്ക് കിലോമീറ്ററിന് 1,637.25 പൈസയാക്കിയാണ് ഉയർത്തിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിമാനക്കമ്പനികൾക്ക് ഇത് വലിയ തിരിച്ചടിയാണ്.
അതേസമയം, പാചകവാതക വില, ട്രെയിൻ ടിക്കറ്റ് നിരക്ക് കൂടിയതിനെ പ്രതിപക്ഷം വിമർശിച്ചു. സാധാരണക്കാരനെ ഇത് കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് കോൺഗ്രസ് പറഞ്ഞു. സമ്പദ്വ്യവസ്ഥ തകരാറിലായ സമയത്താണ് നിരക്ക് വർധനയെന്ന് കോൺഗ്രസ് വക്താവ് സുസ്മിത ദേവ് പറഞ്ഞു. വർധനവ് എപ്പോഴാണ് അവസാനിക്കുകയെന്നതാണ് ചോദ്യം. പാവപ്പെട്ട ജനതയോടുള്ള അനീതിയാണിത്. സാധാരണക്കാർക്കുളള പുതുവർഷ സമ്മാനമാണോ ഇതെന്നും അവർ ചോദിച്ചു.
സാധാരണക്കാരുടെ ജനങ്ങളുടെ ഉപജീവനത്തിനുനേരെയുളള മറ്റൊരു ആക്രമണമാണ് നിരക്ക് വർധനവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. തൊഴിൽ നഷ്ടം, ഭക്ഷ്യവിലക്കയറ്റം, ഗ്രാമീണ വേതനത്തിലെ റെക്കോർഡ് ഇടിവ് എന്നിവയുടെ പശ്ചാത്തലത്തിലാണ് പുതിയ നിരക്ക് വർധനവ്. മോദി സർക്കാരിന്റെ പുതുവത്സര സമ്മാനമാണ് ഇതെന്നും യെച്ചൂരി ട്വീറ്റിൽ പറയുന്നു.