ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചത്. രാഹുൽ അധ്യക്ഷ സ്ഥാനത്തുനിന്നും പടിയിറങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗാന്ധി കുടുംബത്തിനു പുറത്തു നിന്നുള്ളൊരാൾ പാർട്ടി അധ്യക്ഷനാവണമെന്ന രാഹുൽ ഗാന്ധിയുടെ തീരുമാനമാണ് നേതാക്കളെ വലയ്ക്കുന്നത്. എന്നാൽ രാഹുലിന്റെ ഈ തീരുമാനം പാർട്ടിയെ പിളർപ്പിലേക്ക് നയിക്കുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് നട്‌വർ സിങ് പറയുന്നത്.

ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാളെ പാർട്ടി മേധാവിയാക്കാനുള്ള രാഹുലിന്റെ തീരുമാനം പുനരാലോചിക്കേണ്ടതുണ്ടെന്ന് നട്‌വർ സിങ് പറഞ്ഞു. കോൺഗ്രസ് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുളള വ്യക്തികളിൽ മുൻതൂക്കം പ്രിയങ്ക ഗാന്ധിക്കാണെന്നും അവർക്ക് പാർട്ടിയെ നയിക്കാനുളള കഴിവുണ്ടെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു. ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ഭൂമി തർക്കത്തെ തുടർന്നുണ്ടായ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് സംഭവ സ്ഥലം സന്ദർശിക്കാൻ പ്രിയങ്ക എത്തിയതിനെ അദ്ദേഹം പ്രശംസിച്ചു. ”ഉത്തർപ്രദേശിലെ ഗ്രാമത്തിൽ എത്തിയ പ്രിയങ്ക ചെയ്തതിനൊക്കെ നമ്മൾ സാക്ഷിയാണ്. അവർ അവിടെ തന്റെ നിലപാടിൽ ഉറച്ചുനിന്നു, നേടണമെന്ന് കരുതിയത് നേടി,” നട്‌വർ സിങ് പറഞ്ഞു.

പ്രിയങ്ക കോൺഗ്രസ് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെടുമോയെന്ന് ചോദിച്ചപ്പോൾ ആ തീരുമാനം പ്രിയങ്കയിൽ നിക്ഷിപ്തമാണെന്നാണ് അദ്ദേഹം മറുപടി നൽകിയത്. ”കാരണം ഗാന്ധി കുടുംബത്തിൽനിന്നുള്ളൊരാൾ അധ്യക്ഷ സ്ഥാനത്ത് വേണ്ടെന്ന് പ്രിയങ്കയുടെ സഹോദരൻ രാഹുൽ പറഞ്ഞിട്ടുണ്ട്. ഈ തീരുമാനം ഗാന്ധി കുടുംബമാണ് തിരുത്തേണ്ടത്, അവർക്ക് മാത്രമേ അതിന് കഴിയൂ,” നട്‌വർ സിങ് പറഞ്ഞു.

Read Also: അധ്യക്ഷൻ ആര്?; അണിയറയിൽ ചർച്ചകൾ സജീവം

കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി പുറത്തുവിട്ടത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നുവെന്നാണ് രാഹുൽ അറിയിച്ചത്. രാഹുൽ അധ്യക്ഷ സ്ഥാനം രാജിവച്ചതോടെ പല നേതാക്കളുടെയും പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്.

മല്ലികാർജുൻ ഖാർഗെയാണ് സാധ്യത പട്ടികയിൽ മുന്നിലുള്ള നേതാവ്. അഹമ്മദ് പട്ടേൽ ഉൾപ്പടെയുള്ള ദേശീയ നേതൃത്വത്തിലെ പ്രമുഖർ ഖാർഗെക്ക് ഒപ്പമാണ്. സുശീല്‍ കുമാർ ഷിന്‍ഡേയെ പരിഗണിക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം. യുവനേതൃത്വം വളർന്ന് വരട്ടെയെന്നും ഒരു വിഭാഗം വാദിക്കുന്നു. സച്ചിന്‍ പൈലറ്റും, ജ്യോതിരാദിത്യ സിന്ധ്യയുമാണ് യുവനേതാക്കളിൽ മുന്നിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook