കോയമ്പത്തൂർ:​ എട്ട് തമിഴ് സിനിമാ താരങ്ങള്‍ക്കെതിരെ ഊട്ടി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. സൂര്യ, സത്യരാജ്, ശരത്കുമാര്‍ എന്നീ സൂപ്പര്‍താരങ്ങള്‍ അടക്കമുള്ളവര്‍ക്കെതിരയൊണ് കോടതിയുടെ നടപടി.

ഒരു സ്വതന്ത്രമാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. 2009ൽ ഒരു തമിഴ് ദിനപത്രത്തില്‍ ,ഒരു​ നടി സഹനടന്മാരുമായി വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്നതായി റിപ്പോർട്ട് നൽകിയിരുന്നു. ഈ വാർത്തയ്ക്കെതിരെ തമിഴ് താര സംഘടനയായ നടികർ സംഘം പ്രതിഷേധ ധർണയും നടത്തിയിരുന്നു. ഇതിൽ സൂര്യ ഉൾപ്പെടെയുള്ള നടന്മാർ റിപ്പോർട്ട് നൽകിയ മാധ്യമ പ്രവർത്തകനെ അപമാനിക്കുന്ന രീതിയിൽ പ്രസംഗിച്ചുവെന്നാണ് കേസ്.

വിജയകുമാർ, വിവേക്,​ ചേരൻ,​ അരുൺ വിജയ്,​ നടി ശ്രീപ്രിയ എന്നിവരാണ് മറ്റ് താരങ്ങള്‍. നേരത്തെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്മാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഇവരുടെ ഹർജി തള്ളിയതോടെയാണ് ഊട്ടി കോടതിയിൽ കേസിലെ വിചാരണ പുനരാരംഭിച്ചത്.

റൊസാരിയോ മരിയാ സൂസൈ എന്ന പരാതിക്കാരനാണ് സിനിമാ താരങ്ങള്‍ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരേയും അപമാനിച്ചതായി കാട്ടി പരാതി നല്‍കിയത്. മെയ് 15നും മെയ് 23നും ഊട്ടി കോടതിയില്‍ ഹാജരാകാന്‍ താരങ്ങള്‍ക്ക് നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഹാജരായില്ല. ജൂണ്‍ 17നാണ് അടുത്തവാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ