നോയിഡ: ഡൽഹിക്ക് സമീപം നോയിഡയിൽ അമ്മയെയും മകളെയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ കുറ്റം സമ്മതിച്ചു. വഴക്ക് പറയുകയും ശിക്ഷിക്കുകയും ചെയ്തതിനാണ് അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയതെന്ന് 16കാരന്‍ പൊലീസിന് മൊഴി നല്‍കി. നോയിഡയ്ക്ക് സമീപം ഗൗർ പട്ടണത്തിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്.

സംഭവത്തിന് ശേഷം വാരണാസിയിലേക്ക് രക്ഷപ്പെട്ട മകനെ വെളളിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സോഫയില്‍ ഇരുന്ന് പഠിക്കുന്നതിന് ഡിസംബര്‍ 4ന് അമ്മ വഴക്ക് പറഞ്ഞെന്നും സോഫയില്‍ നിന്ന് എഴുന്നേല്‍ക്കാത്തതിന് തല്ലിയതായും മകന്‍ പൊലീസിനോട് പറഞ്ഞു. സഹോദരിയേയും അമ്മയേയും കൊന്നതിന് മകനെ നയിച്ച കാരണം കേട്ട് നടുങ്ങിയിരിക്കുകയാണ് അയല്‍വാസികള്‍. പഠിത്തത്തില്‍ ശ്രദ്ധിക്കാത്തതിന് സെപ്റ്റംബറില്‍ പിതാവ് കുട്ടിയുടെ ഫോണും പിടിച്ച് വാങ്ങിയിരുന്നു. ഇതും കൗമാരക്കാരനെ പ്രകോപിതനാക്കി. തുടര്‍ന്ന് ഉറങ്ങുകയായിരുന്ന അഞ്ജലി അഗർവാൾ (40), മകൾ കനിഹ (12) എന്നിവരെ ബാറ്റ് കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്.

തുടര്‍ന്ന് കാര്‍ ബുക്ക് ചെയ്ത് ഓള്‍ഡ് ഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ നിന്നും വരാണസിയിലേക്ക് വണ്ടി കയറി. തുടര്‍ന്ന് പിതാവിനെ വിളിച്ച് കരഞ്ഞ കുട്ടിയെ തിരിച്ച് നാട്ടില്‍ എത്തിക്കുകയായിരുന്നു. ഇദ്ദേഹം സ്ഥലത്ത് ഇല്ലാത്ത സമയമാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ബാറ്റും കത്രികയും പിസ കട്ടറും ഉപയോഗിച്ചതായി 16കാരന്‍ സമ്മതിച്ചു.

ഭാര്യയെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് ഭർത്താവ് സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളും അയൽവാസികളും എത്തിയപ്പോൾ ഫ്ലാറ്റ് പുറത്തുനിന്നും പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. പിന്നീട് ഇവർ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി വാതിൽ തകർത്ത് ഫ്ലാറ്റിൽ കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ