ഷില്ലോങ്: ഇന്ത്യ ഒരു ഹിന്ദു രാജ്യമാകേണ്ടതായിരുന്നെന്ന വിവാദ പരാമർശവുമായി മേഘാലയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുദീപ് രഞ്ജൻ സെൻ. വിദേശിയർ രാജ്യത്ത് കടന്നുകൂടി യഥാർത്ഥ ഇന്ത്യക്കാർ രാജ്യം വിടേണ്ടി വന്നത് അങ്ങേയറ്റം ദുഃഖകരമായ കാര്യമാണെന്നും ജസ്റ്റിസ് സുദീപ് രഞ്ജൻ സെൻ. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടായിരുന്നു ജസ്റ്റിസിന്റെ വിവാദ പരാമർശം.
“വിദേശീയർ രാജ്യത്ത് കടന്നുകൂടുകയും യഥാർത്ഥ ഇന്ത്യക്കാർ രാജ്യം വിടേണ്ടിയും വരുന്ന അവസ്ഥ അതീവ ദുഃഖകരമാണ്. മറ്റൊരു ഇസ്‌ലാമിക രാജ്യമാക്കി ഇന്ത്യയെ മാറ്റാൻ ആരും ശ്രമിക്കേണ്ട. അങ്ങനെ സംഭവിച്ചാൽ അത് ഇന്ത്യയുടെയും ലോകത്തിന്റെയും അന്ത്യ ദിനമായിരിക്കും,” ജസ്റ്റിസ് സുദീപ് രഞ്ജൻ സെൻ പറഞ്ഞു.
പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും എത്തുന്ന ഇസ്‌ലാമികർ അല്ലാത്തവർക്ക് പ്രത്യേക നിയമം കൊണ്ടു വരണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. ഖാസിസ് ഉൾപ്പെടെയുള്ള ആദിവാസി വിഭാഗങ്ങൾക്കും പരിധിയില്ലാതെ രാജ്യത്ത് തങ്ങാനും രേഖകൾ സമർപ്പിക്കാതെ പൗരത്വം നേടാനും വഴിയൊരുക്കണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ വിശ്വാസമുണ്ടെന്നും, വേണ്ടത് അവർ ചെയ്യുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ ഇസ്‌ലാമിക രാജ്യമായി സ്വയം പ്രഖ്യാപിച്ചത് പോലെ ഇന്ത്യയും ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കേണ്ടതായിരുന്നെന്ന് മൈ പീപ്പിൾ അപ്പറൂട്ടട് എന്ന ബുക്കിനെ പരാമർശിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ താൻ രാജ്യത്തെ മുസ്‌ലിം സഹോദരങ്ങൾക്ക് എതിരല്ലെന്നും ജസ്റ്റിസ് സുദീപ് രഞ്ജൻ സെൻ അഭിപ്രായപ്പെട്ടു. തലമുറകളായി ഇവിടെ താമസിക്കുന്ന ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്ന മുസ്‌ലിം സഹോദരങ്ങൾക്കും ഇവിടെ സമാധാനത്തോടെ ജീവിക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.