കശ്മീരില്‍ എന്താണ് സംഭവിക്കുന്നത്?: കേന്ദ്രം വ്യക്തമാക്കണമെന്ന് ഒമര്‍ അബ്ദുള്ള

ഒമര്‍ അബ്ദുള്ള ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി കൂടിക്കാഴ്ച നടത്തി

ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി കൂടിക്കാഴ്ച നടത്തി. അമര്‍നാഥ് യാത്ര റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് ഉയര്‍ന്നു വന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഒമര്‍ അബ്ദുള്ള ഗവര്‍ണറെ കണ്ടത്. കഴിഞ്ഞ ആഴ്ച ശ്രീനഗറില്‍ കൂടുതല്‍ സൈന്യത്തേയും വിന്യസിച്ചിരുന്നു.

”കശ്മീരില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനാണ് അദ്ദേഹത്തെ ഞങ്ങള്‍ കണ്ടത്. ഇന്നലെ തന്ന ഉറപ്പ് അദ്ദേഹം ഇന്നും നല്‍കി. ഞങ്ങള്‍ 35 എയെ കുറിച്ച് ചോദിച്ചു. എന്നാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ ശാന്തരാക്കാന്‍ ഗവര്‍ണര്‍ പ്രസ്താവന ഇറക്കും” അബ്ദുള്ള പറഞ്ഞു.

”ഞങ്ങള്‍ക്ക് അറിയണം കശ്മീരിലെന്താണ് സംഭവിക്കുന്നതെന്ന്. ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോള്‍ എന്തോ സംഭവിക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. പക്ഷെ എന്താണെന്ന് ആര്‍ക്കും അറിയില്ല” കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്ത് വച്ച് മാധ്യമങ്ങളെ കണ്ട ഒമര്‍ അബ്ദുള്ള പറഞ്ഞു. ആര്‍ട്ടിക്കില്‍ 35 എയുമായി ബന്ധപ്പെട്ടുളള നിലപാട് കേന്ദ്രം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ ഭരണഘടനാ അവകാശങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും മാറ്റം കൊണ്ടു വരുന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ഗവര്‍ണര്‍ ഒമര്‍ അബ്ദുള്ളയോടും അദ്ദേഹത്തോടൊപ്പം എത്തിയവരോടും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അവസാന വാക്ക് ഗവര്‍ണറുടേതല്ല ഇന്ത്യന്‍ സര്‍ക്കാരിന്റേതാണെന്നും അതിനാല്‍ സര്‍ക്കാരിന്റെ നിലപാട് പാര്‍ലമെന്റില്‍ നിന്നും കേള്‍ക്കാന്‍ തങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും അബ്ദുള്ള പറഞ്ഞു.

അമര്‍നാഥ് യാത്ര വെട്ടിക്കുറച്ച് തീര്‍ഥാടകര്‍ എത്രയും വേഗം കശ്മീര്‍ വിടണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ നീക്കം. ഇതിനിടെ ഹോസ്റ്റലുകളില്‍ നിന്നും ഒഴിയാൻ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നുണ്ട്. അമര്‍നാഥ് പാതയില്‍ നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതായി സൈന്യം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ മുന്‍നിര്‍ത്തി തീര്‍ഥാടനം അവസാനിപ്പിക്കാനുള്ള നിര്‍ദേശം എത്തിയിരിക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Nobody knows what is happening omar abdullah after meeting j k guv

Next Story
ടെക്‌സ്റ്റ് ബുക്കില്‍ അംബേദ്കറിന്റെ വാക്കുകൾ തിരുത്തി; ഗുജറാത്ത് സര്‍ക്കാരിനെതിരെ പ്രതിഷേധംGujarat government school, ഗുജറാത്ത് സർക്കാർ സ്കൂൾ, Ambedkar slogan, അംബേദ്കർ മുദ്രാവാക്യം, Gujarati textbook, Gujarat education minister, india news, indian express, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com