ഗ്വാട്ടിമാല സിറ്റി: ലാറ്റിൻ അമേരിക്കയിലെ പ്രധാന രാജ്യങ്ങളിൽ ഒന്നായ ഗ്വാട്ടിമാലയിൽ അഗ്നിപർവ്വത സ്ഫോടനം വൻ നാശം വിതച്ചു. ഞായറാഴ്ച ഫ്യൂഗോ അഗ്നിപർവതം പൊട്ടിയതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 90 ആയി.
ഇരൂന്നൂറിലധികം പേരെ ദുരന്തത്തിനിടെ കാണാതായി. മരിച്ചവരിൽ 27 പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുളളത്. സ്ഫോടനത്തെത്തുടർന്ന് 16,000 അടി ഉയരത്തിലേക്ക് ചാരവും പുകയും ഉയർന്നതായി റിപ്പോർട്ടുകളുണ്ട്.
അഗ്നിപർവ്വതത്തിൽ നിന്ന് പുറത്തേക്ക് കുത്തിയൊഴുകിയ ലാവയിൽ നിരവധി ഗ്രാമങ്ങളാണ് പൂർണമായും അകപ്പെട്ടത്. ചില ഗ്രാമങ്ങൾ ചാരവും മണ്ണും കൊണ്ട് നിറഞ്ഞു. വേഗത്തിൽ വീശിയടിച്ച കാറ്റിൽ പറന്ന ചാരം വാഹനങ്ങളുടെ മുകളിലും വീടുകളിലും പതിച്ചു. ജനജീവിതം സ്തംഭിക്കുകയും ചെയ്തു.