സ്റ്റോക്ഹോം: പുരസ്‌കാര നിർണ്ണയ സമിതി അംഗത്തിന്‍റെ ഭര്‍ത്താവിനെതിരെ ലൈംഗിക അപവാദ ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇക്കുറി സാഹിത്യത്തിനുളള പുരസ്‌കാരം നൽകില്ല. അടുത്ത വർഷം രണ്ട് സമ്മാനവും ഒരുമിച്ച് നൽകുമെന്ന നിലപാടാണ് നോബൽ സമ്മാനം നൽകുന്ന സ്വീഡിഷ് അക്കാദമി പ്രഖ്യാപിച്ചിരിക്കുന്നത്.

1949 ൽ ഇത് ഏർപ്പെടുത്തിയ ശേഷം ഇതാദ്യമായാണ് ഒരു പുരസ്കാരം മാറ്റി വയ്ക്കപ്പെടുന്നത്. സ്വീഡിഷ്  സമയം രാവിലെ 9 മണിക്കാണ് ഈ കാര്യം പുരസ്കാര സമിതി പ്രഖ്യാപിച്ചത്. അക്കാദമി അംഗവും കവയിത്രിയുമായ കാതറിൻ ഫ്രോസ്റ്റൻസണിന്റെ ഭർത്താവും ഫോട്ടോഗ്രാഫറും ഫ്രാൻസ് സ്വദേശിയുമായ ജീൻ ക്ലോഡ് അർനോൾട്ടിന് എതിരെ ലൈംഗിക അപവാദ ആരോപണം ഉയർന്ന സാഹചര്യത്തിലാണിത്.

അക്കാദമിക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ നോബൽ സമ്മാനത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാനാണ് ഈ തീരുമാനം എന്ന് നോബൽ അക്കാദമി വ്യക്തമാക്കി.

ജീൻ ക്ലോഡ് അർനോൾട്ടിനെതിരെ അപവാദം ഉയർന്ന ഉടൻ തന്നെ കാതറിൻ അക്കാദമിയിൽ നിന്ന് രാജിവയ്ക്കണം എന്ന് അക്കാദമിക്ക് അകത്ത് തന്നെ ആവശ്യം ഉയർന്നിരുന്നു. ഇതിന് പിന്നാലെ സാഹിത്യ പുരസ്കാരം നിർണ്ണയിക്കുന്ന സമിതിയിലെ 18 അംഗങ്ങൾ രാജിവച്ചിരുന്നു. എന്നാൽ അക്കാദമി കാതറിനെ പുറത്താക്കാൻ ഒരുക്കമായിരുന്നില്ല.

കഴിഞ്ഞ ദിവസങ്ങളിൽ അക്കാദമിക്ക് മുന്നിൽ ഈ സംഭവത്തിൽ വലിയ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അക്കാദമി ഇക്കുറി നോബൽ പ്രൈസ് സമ്മാനിക്കുകയില്ലെന്ന് വ്യക്തമാക്കിയത്. അതേസമയം അക്കാദമി ആരംഭിച്ച കാലത്ത് അക്കാദമി അംഗങ്ങൾക്ക് ആജീവനാന്ത അംഗത്വമാണെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഈ ഭരണഘടന പ്രകാരം കാതറിനെ പുറത്താക്കാൻ സാധിക്കില്ല. മരണം വരെ കാതറിന് തുടരാനാകുമെന്നതും ആരോപണം കാതറിന്റെ നേർക്കല്ലെന്നതും അക്കാദമിക്ക് ഇവരെ പുറത്താക്കാൻ തടസം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ സമ്മർദ്ദം ചെലുത്തി കാതറിനെ പുറത്താക്കിക്കാനാണ് ഇപ്പോൾ മറ്റംഗങ്ങൾ ശ്രമിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ