സ്റ്റോക്ക്ഹോം: ഈ വർഷത്തെ സാഹിത്യത്തിനുളള നൊബേൽ സമ്മാനം കസുവോ ഇഷിഗുരോയ്ക്ക്. ജപ്പാൻ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരനാണ് ഇദ്ദേഹം. രണ്ടു വർഷത്തിന് ശേഷമാണ് സാഹിത്യ പ്രേമികൾക്ക് ആശ്വസം പകർന്ന സാഹിത്യത്തിനുളള നൊബേൽ സമ്മാനം എഴുത്തുകാരന് ലഭിക്കുന്നത്.  ചെറുകഥാകൃത്ത്, നോവലിസ്റ്റ് തിരക്കഥാകൃത്ത് എന്നീ രീതിയില്‍ അറിയപ്പെടുന്ന കസുവോ ഇഷിഗുരോയുടെ മൂന്നു കൃതികള്‍ സിനിമകളും ആയിട്ടുണ്ട്‌.

മുറുകാമി,ൻഗുഗി, അഡോണിസ് തുടങ്ങി പല പ്രമുഖർക്കും നൊബേൽ ലഭിക്കുന്ന പ്രതീക്ഷ സാഹിത്യ ലോകത്തെ പലർക്കും ഉണ്ടായിരുന്നു. എന്നാൽ വീണ്ടും അപ്രതീക്ഷിതമായിട്ടാണ് ഇത്തവണയും നൊബേൽ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കഴിഞ്ഞ രണ്ടു വർഷവും സാഹിത്യവുമായി നേരിട്ട് ബന്ധമില്ലാത്തവർക്ക് കൊടുക്കുക വഴി പുതിയ ഒരു കീഴ്‌വഴക്കത്തിന് ആണ് സ്വീഡിഷ് അക്കാദമി വഴി തുറന്നത്. കഴിഞ്ഞവർഷം സംഗീതകാരനായ ബോബ് ഡിലനും അതിന് മുന്നിലത്തെ വർഷം മാധ്യമ പ്രവർത്തകയായ സ്വെറ്റ്‌ലാന അലക്‌സേവിച്ചുമാണ് സാഹിത്യത്തിനുളള നൊബേൽ  നൽകി അക്കാദമി സാഹിത്യ ലോകത്തെ ഞെട്ടിച്ചത്. സാഹിത്യപ്രേമികളെയും വായനക്കാരെയും അമ്പരിപ്പിക്കുകയും ചിലർക്കെങ്കിലം അലോസരത്തിനും ഇടയാക്കിയ ഈ തീരുമാനം ചെറുതായ രീതിയിൽ അക്കാദമിയെ കഴിഞ്ഞ വർഷം തിരിച്ചടിക്കുകയും ചെയ്തിരുന്നു. സമ്മാനം സ്വീകരിക്കാൻ  പ്രധാനചടങ്ങിൽ  ബോബ് ഡിലൻ പങ്കെടുത്തിരുന്നില്ല.

കസുവോ ഇഷിഗുരോ

” മഹത്തായ വൈകാരിക ശക്തിയുള്ള നോവല്‍” എന്നു സ്വീഡിഷ് അക്കാദമി വിശേഷിപ്പിച്ച ഇദ്ദേഹത്തിന്‍റെ നോവല്‍ ലോകവുമായുള്ള നമ്മുടെ ബന്ധത്തിലെ അഗാധതകളെ വെളിപ്പെടുത്തുന്നു” എന്നും അക്കാദമി പറയുന്നു.നോബല്‍ അക്കാദമിയുടെ സ്ഥിരാംഗമായ സാര ഡാനിയസ് ഇഷിഗുരോയുടെ ആഖ്യാനശൈലിയെ ജെയ്ന്‍ ഓസ്റ്റിന്‍, ഫ്രാന്‍സ് കാഫ്ക എന്നിവരുടെ ശൈലികളുടെ മിശ്രിതം എന്നും വിശേഷിപ്പിച്ചു.

അതിനിടയില്‍, ഇഷിഗുരോയ്ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് എഴുത്തുകാരായ സല്‍മാന്‍ റുഷ്ദിയും ഹരി കുന്‍സോയും പ്രതികരിച്ചു. ” ഏറെകാലമായി എന്‍റെ സുഹൃത്തായ ഇഷിനു അഭിനന്ദഞങ്ങള്‍. ‘എ പേല്‍ വ്യൂ ഓഫ് ഹില്‍സ്’ എന്ന കൃതിയാണ് അദ്ദേഹത്തിന്‍റെതായ ഞാന്‍ വായിക്കുന്ന ആദ്യ കൃതി. അന്ന് മുതല്‍ ഞാന്‍ അദ്ദേഹത്തിന്‍റെ ആരാധകനാണ്. അദ്ദേഹം എഴുതുക മാത്രമല്ല. ഗിറ്റാര്‍ വായിക്കുകയും പാട്ടുകള്‍ എഴുതുകയും കൂടി ചെയ്യും. ബോബ് ഡിലനില്‍ നിന്നും മുന്നോട്ട് പോകൂ ! ” എന്നായിരുന്നു സല്‍മാന്‍ റുഷ്ദിയുടെ പ്രതികരണം.

ഫയോദര്‍ ദസ്തയോസ്കി, മാര്‍സല്‍ പ്രോസ്റ്റ് എന്നിവരുടെ സ്വാധീനത്തിലാണ് തന്‍റെ എഴുത്ത് രൂപാന്തരപ്പെടുന്നത് എന്ന് പറഞ്ഞിട്ടുള്ള ഈ ജപ്പാന്‍ വംശജന്‍ ഫാന്‍റസികള്‍ നിറഞ്ഞ കൃതികളിലൂടെയാണ് വിശ്വസാഹിത്യലോകത്ത് തന്‍റെതായോരിടം കണ്ടെത്തുന്നത്. സല്‍മാന്‍ റുഷ്ദി, ജെയ്ന്‍ ഓസ്റ്റിന്‍, ഹെന്രി ജെയിംസ് എന്നിവരുടെ ആഖ്യാന രീതികളുമായി താരതമ്യപ്പെടുത്താറുള്ള ഇഷിഗുരോയുടെ എഴുത്തുകളില്‍ ജപ്പാനീസ് ചിത്രകഥകളായ ‘മാങ്കാ’ പാലിച്ചുപോരുന്ന അവതരണ രീതിയുടെയും സ്വാധീനം കണ്ടുവരുന്നതായി നിരൂപകര്‍ നിരീക്ഷിക്കുന്നു. ഹിതോഷി അഷിനാനോയേയും കൊസോ അമാനോയേയും പോലുള്ള മാങ്കാ കലാകാരന്മാര്‍ പാലിച്ചുപോരുന്ന ആഖ്യാനരീതിയുടെ സാര്‍വ്വദേശീയമായൊരു രൂപമായും ഇഷിഗുരോയുടെ എഴുത്തുകളെ നിരീക്ഷിക്കുന്നവരുണ്ട്. 1989ലെ ബുക്കര്‍ പ്രൈസ് ലഭിച്ച ‘ദി റിമെയിന്‍സ് ഓഫ് ദി ഡേയ്’ ഈ ജപ്പാനീസ് ആഖ്യാന ശൈലിയില്‍ രചിക്കപ്പെട്ടതാണ്.

ജപ്പാന്‍കാരായ രണ്ടുപേര്‍ തമ്മില്‍ അവസാനഘട്ടം വരെ കടുത്ത മത്സരം നടന്നു എന്നതാണ് ഈ വര്‍ഷത്തെ നോബേല്‍ സമ്മാനദാനത്തിലെ മറ്റൊരു പ്രത്യേകത. അറുപത്തിയെട്ടുകാരനായ ഹറൂക്കി മുറക്കാമിയുടെ പേരും സമ്മാനപ്രഖ്യാപനത്തിന്‍റെ അവസാന നിമിഷം വരെ നിലനിന്നിരുന്നു.

ജപ്പാനീസ് സംസാരിക്കുന്ന ജപ്പാന്‍ വംശജനായി ജനിക്കുകയും ജീവിക്കുകയും ചെയ്തു എന്നതിനാല്‍ തന്നെ മറ്റു ഇംഗ്ലീഷ് എഴുത്തുകാരില്‍ നിന്നും അല്‍പ്പം വ്യത്യസ്തമായാണ് തന്‍റെ ചിന്തകളും കാഴ്ചപ്പാടുകളും രൂപപ്പെടുന്നത് എന്നും എഴുത്തുകളിലും അത് പ്രതിഫലിക്കുന്നുണ്ട് എന്നും ഇഷിഗുരോ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ