സ്റ്റോക്ക്ഹോം: രസതന്ത്രത്തിനുള്ള ഇത്തവണത്തെ നൊബേൽ പുരസ്കാരത്തിന് രണ്ട് വനിതാ ശാസ്ത്രഞ്ജർ അർഹരായി. കമ്പ്യൂട്ടര്‍ സോഫ്ട്‌വേര്‍ പോലെ പ്രോഗ്രാം ചെയ്ത് ജീന്‍ എഡിറ്റിങ് നടത്താന്‍ നൂതന മാര്‍ഗ്ഗം കണ്ടെത്തിയ ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍, ജന്നിഫര്‍ ദൗഡ്‌ന എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ഭാവിയെ വലിയ തോതില്‍ മാറ്റിമറിച്ചേക്കാവുന്ന മുന്നേറ്റത്തിനാണ് ഇരുവരും തുടക്കം കുറിച്ചിരിക്കുന്നത്.
കോടിക്കണക്കിന് രാസാക്ഷരങ്ങളടങ്ങിയ ഡിഎന്‍എ തന്മാത്രകളില്‍ കൃത്യമായ തിരുത്തലുകളും മുറിച്ചുമാറ്റലും കൂട്ടിച്ചേര്‍ക്കലും സാധ്യമാക്കുന്ന ‘ക്രിസ്‌പെര്‍/കാസ്9’ (CRISPR/Cas9) ജീന്‍ എഡിറ്റിങ് വിദ്യയാണ് ഇരുവരെ പുരസ്കാരത്തിന് അർഹരാക്കിയത്. യുഎസില്‍ ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസറാണ് അമേരിക്കന്‍ വംശജയായ ദൗഡ്‌ന. ഫ്രാൻസിലാണ് ജനനമെങ്കിലും കർമ്മ മണ്ഡലം ജർമ്മനിയായ കാർപ്പെന്റിയർ ബെര്‍ലിനിലെ മാക്‌സ് പ്ലാങ്ക് യൂണിറ്റ് ഫോര്‍ ദി സയന്‍സ് ഓഫ് പാഥോജന്‍സി’ന്റെ ഡയറക്ടറാണ്.
മാരകരോഗങ്ങള്‍ വരാനുള്ള സാധ്യത ജനിതകതലത്തില്‍ തിരുത്താന്‍ വരെ സഹായിക്കുന്ന വിദ്യയാണ് ക്രിസ്‌പെര്‍ ജീന്‍ എഡിറ്റിങ്. കാര്‍പ്പെന്റിയറും ദൗഡ്‌നയും ചേര്‍ന്ന് 2012 ലാണ് ക്രിസ്‌പെര്‍ ജീന്‍ എഡിറ്റിങ് വിദ്യ കണ്ടെത്തിയത്. കാര്‍പ്പെന്റിയറും ദൗഡ്‌നയും കണ്ടെത്തിയ വിദ്യ, മനുഷ്യകോശങ്ങളില്‍ ഉപയോഗിക്കാന്‍ പാകത്തില്‍, ചൈനീസ് വംശജനായ അമേരിക്കന്‍ ജനിതകശാസ്ത്രജ്ഞന്‍ ഫെങ് ഷാങ് വികസിപ്പിച്ചിരുന്നു. ഇതിന്റെ പേറ്റന്ര് സംബന്ധിച്ച തർക്കം പല വിവാദങ്ങൾക്കുമിടയായിരുന്നു.