ന്യൂഡൽഹി: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂന്നുപേർ പങ്കിട്ടു. ഇന്ത്യക്കാരനായ അഭിജിത് ബാനർജി, ഭാര്യ എസ്തര് ഡുഫ്ലൂ, മൈക്കല്‍ ക്രെമര്‍ എന്നിവരാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായത്. ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്കാരം ലഭിച്ചത്.
ഇവരുടെ ഗവേഷണം ആഗോള തലത്തിൽ ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള നമ്മുടെ കഴിവിനെ മെച്ചപ്പെടുത്തി. വെറും രണ്ട് പതിറ്റാണ്ടിനുള്ളില്‍, അവരുടെ പുതിയ പരീക്ഷണാധിഷ്ഠിത സമീപനം വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റിമറിച്ചുവെന്നും ഗവേഷണത്തിന്റെ പുതിയ തലങ്ങളിലേക്ക് നയിച്ചുവെന്നും നൊബേല്‍ അക്കാദമി പറഞ്ഞു.
കൊല്‍ക്കത്ത സ്വദേശിയായ അഭിജിത് വിനായക് ബാനര്‍ജി അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. നിലവില്‍ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രൊഫസറാണ്. ജെഎൻയു, ഹാർവാഡ് യൂണിവേഴ്സിറ്റികളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1988 ലാണ് പിഎച്ച്ഡി നേടിയത്.
മറ്റൊരു പുരസ്കാര ജേതാവായ എസ്തര് ഡുഫ്ലൂ അഭിജിത്തിന്റെ ഭാര്യയാണ്. അമേരിക്കൻ സ്വദേശിനിയായ എസ്തറും മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രൊഫസറാണ്. സാമ്പത്തിക ശാസ്ത്രത്തിന് നൊബേൽ നേടുന്ന രണ്ടാമത്തെ വനിതയാണ് എസ്തർ.
Also Read: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം എത്യോപ്യന്‍ പ്രധാനമന്ത്രിക്ക്
സമാധാനത്തിനുള്ള 2019 ലെ നൊബേല്‍ സമ്മാനം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എറിത്രിയയുമായുള്ള അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ അലി സ്വീകരിച്ച നിലപാടുകള്‍ പരിഗണിച്ചാണു പുരസ്കാരം. സമാധാനവും രാജ്യാന്തര സഹകരണവും കൈവരിക്കാന്‍ നടത്തിയ, പ്രത്യേകിച്ച് ഏത്യോപ്യയുമായി നിലനിന്നിരുന്ന അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരിഗണിച്ചാണു പുരസ്കാരമെന്നു ജൂറി വിലയിരുത്തി. എറിത്രിയയുമായി തമ്മില്‍ രണ്ടു പതിറ്റാണ്ടിലേറെ നിലനിന്ന അതിര്‍ത്തി സംഘര്‍ഷത്തിന് അലി എത്യോപ്യയുടെ പ്രധാനമന്ത്രിയായതോടെയാണു പരിഹാരമായത്.