scorecardresearch

Latest News

അവസാനത്തെ പെൺകുട്ടിക്ക് ഒരാമുഖം

“ഐ എസ് ഐ എസ് ചന്തകളിലും ഫെയ്സ് ബുക്കിലും, 20 ഡോളറിന് പോലും വിൽക്കാനായി നിരത്തീയ ആയിരക്കണക്കിനു അടിമ യസീദികളിലൊരാളായിരുന്നു നദിയ.” എന്ന വസ്തുതയെ അമല്‍ ക്ലൂണി വായനക്കാർക്ക് മുന്നിൽ ഓർമ്മിപ്പിക്കുന്നു …..

nadia murad , the last girl, smitha meenakshy

സമാധനത്തിനുളള നൊബേൽ വീണ്ടുമൊരു ചെറുപ്പക്കാരിയെ തേടിയെത്തുന്നമ്പോൾ പുതിയ ലോകക്രമത്തിൽ പുതുതലമുറയുടെ ജീവന്മരണ പോരാട്ടങ്ങളുടെ കഥയാണ് ചുരുൾ നിവരുന്നത്. 20 ഡോളറിന് വിൽക്കാൻ വേണ്ടി വച്ച ഒരു ജീവിതം ഇന്ന് സമാധാനത്തിന്റെ കൊടിയടളാമേന്തുന്ന യുവതിയായി ലോകം അംഗീകരിച്ചു. ഐ എസ് ഐ എസ് ഭീകരതയുടെ നേർചിത്രമായി ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടപ്പെട്ട യസീദി യുവതിയുടെ പോരാട്ടങ്ങൾക്ക് ലോകം ചെവികൊടുക്കുന്നുവെന്നതിന്റെ പ്രതിധ്വനിയാകാം ഇത്തവണത്തെ നൊബേൽ പങ്കുവെയ്ക്കപ്പെട്ടപ്പോൾ ആ അവാസനത്തെ പെൺകുട്ടി ലോകത്തിന്റെ നെറുകയിൽ സമാനത്തിന്റെ വെളളരിപ്രാവായി പറയുന്നയർന്നത്. മുൻ വർഷത്തിൽ നൊബേൽ പ്രൈസ് നോമിനി എന്നായിരുന്നു നദിയ അടയാളപ്പെട്ടതെങ്കിൽ ഇനി നൊബേൽ സമ്മാന ജേത്രി എന്ന നിലയാലാണ് അതിജീവനത്തിന്റെ പോരാട്ട മാതൃകയായ ഈ യസീദി യുവതി രേഖപ്പെടുത്തപ്പെടുക.

മലാല യൂസഫ്സായി എന്ന കൗമാരക്കാരിക്ക് ശേഷം നദിയ മുറാദ് ലോക സമാധാനത്തിന്റെ ചിറകായി മാറുമ്പോൾ, ലോകത്തോട് ഉയർത്തപ്പെടുന്ന ഒട്ടനവധി ചോദ്യങ്ങളുമുണ്ട്. പെൺകുഞ്ഞുങ്ങൾ സ്ത്രീകൾ എന്നിവർക്ക് നേരെ പുതിയ ലോക ക്രമത്തിൽ നടക്കുന്ന അക്രമങ്ങളുടെ അതിരുകളില്ലാത്ത ക്രൂരതകളിലെ സമാനതകൾ. ആ ജീവിതങ്ങളിലൂടെ നടക്കുമ്പോൾ ലോകത്തിന് മുന്നിൽ തെളിയുന്നത് ലോകത്തെ തച്ചുടയ്ക്കുന്ന അധികാര താൽപര്യങ്ങളുടെയും മത, മുതലാളിത്ത ഭരണകൂടങ്ങളുടെ ഉച്ചാടനകർമ്മങ്ങളാണ്. അതിന് പല രൂപങ്ങളിൽ പലയിടങ്ങളിൽ കാണാൻ സാധിക്കും മലാലയും നദിയയും ലോകശ്രദ്ധയിൽവന്നതിനും ഈ വിഷയങ്ങളിലേയ്ക്ക് ലോകശ്രദ്ധ തിരിഞ്ഞതിനും കാരണങ്ങളിലും ഈ അധികാരദുരയും ഭരണകൂടങ്ങളുടെ മനുഷ്യത്വവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ചതുരംഗകളിക്കളും കാണാനാകും.  ഇത് മലാലയുടെ ആത്മകഥയിലാണെങ്കിലും നദിയ മുറാദിന്റെ ആത്മകഥയായ ‘അവസാത്തെ പെൺകുട്ടി’ (ദ് ലാസ്റ്റ് ഗേൾ) ആണെങ്കിലും കണ്ടെത്താൻ കഴിയുമെന്നതാണ് വസ്തുത. അധികാരദുരയുടെയും തങ്ങളുടെ വിശ്വാസമേൽപ്പിച്ച അമിതാസക്തിയുടെയും പേരിൽ നടത്തപ്പെടുന്ന ഹത്യകളുടെ, ക്രൂരതകളുടെ പട്ടിക ചിത്രണത്തേക്കാളുപരി ചരിത്രമിഴചേർന്നുകിടക്കുന്ന ആത്മകഥനങ്ങളാണിവ.

nadia murad , the last girl, smitha meenakshy

‘അവസാനത്തെ പെൺകുട്ടി’യുടെ ആമുഖത്തിൽ നദിയയുടെ അഭിഭാഷകയായ അമൽ ക്ലൂണി ആ ജീവതത്തെ തൊട്ടറിയുന്നുണ്ട്. ആ മുറിവേറ്റ പെൺകുട്ടിയെ കുറിച്ച്  ക്ലൂണി എഴുതി തുടങ്ങുന്നത് ഇങ്ങനെയാണ് : എന്റെ കക്ഷി എന്നതിലുപരി എന്റെ സ്നേഹിതയാണ് നദിയ. ലണ്ടനിൽ വച്ച് തമ്മിൽ പരിചയപ്പെട്ടപ്പോൾ , തന്റെ അഭിഭാഷകയാകാമോയെന്നവൾ ചോദിച്ചു. കേസ് നീണ്ടുപോകുകയും പരാജയപ്പെടുകയും ചെയ്യാമെന്നും പണം തരാനാകില്ലെന്നും അവൾ വിശദീകരിച്ചു. “പക്ഷേ ഒരു തീരുമാനമെടുക്കുന്നതിനു മുൻപ്, എന്റെ കഥ കേൾക്കൂ”, എന്നായിരുന്നു അവളെന്നോട് പറഞ്ഞതെന്ന് ആമുഖത്തിൽ അഭിഭാഷക പറയുന്നു.

ഈ വാചകങ്ങൾ പിന്നെ തുടരുന്നത് ലോകത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഒരു വംശഹത്യയുട മുറിവുകളുടെ ലഘുചിത്രമാണ്: ” “2014ൽ ഐ എസ് ഐ എസ് നദിയയുടെ ഇറാക്കിലെ ഗ്രാമം ആക്രമിക്കുകയും, ഇരുപത്തിയൊന്നുകാരിയായ വിദ്യാർത്ഥിനി എന്ന നിലയിലുള്ള അവളുടെ ജീവിതം ആകെ തകർന്നു തരിപ്പണമാകുകയും ചെയ്തു. തന്റെ അമ്മയും സഹോദരന്മാരും മരണത്തിലേയ്ക്കടിവയ്ക്കുന്നതു കാണാനവൾ നിർബന്ധിതയായി. ഒരു ഐ എസ് ഐ എസ് ഭീകരനിൽ നിന്ന് മറ്റൊരാൾക്കവൾ വിൽക്കപ്പെട്ടു. ബലാത്സംഗത്തിനു മുൻപുള്ള തയാറെടുപ്പുകൾക്ക് അവൾ നിർബന്ധിതയായി. ഒരു രാത്രിയിൽ അബോധാവസ്ഥയിലാകും വരെ ഒരു കൂട്ടം പുരുഷന്മാരവളെ പീഡിപ്പിച്ചു. അടിയുടെയും സിഗരറ്റുകൊണ്ടുള്ള പൊള്ളലുകളുടെയും പാടുകൾ അവളെന്നെ കാണിച്ചു. അവളെ പീഡിപ്പിച്ച സമയമത്രയും അവർ “വൃത്തികെട്ട അവിശ്വാസി” എന്നു വിളിക്കുകയും യസീദി സ്ത്രീകളെ കീഴ്പ്പെടുത്തുന്നതിനെയും അവരുടെ വംശത്തെ ഭൂമിയിൽ നിന്നു തുടച്ചുമാറ്റുന്നതിനെയും പറ്റി വീമ്പു പറഞ്ഞിരുന്നതായി അവളെന്നോടു പറഞ്ഞു.”

“ഐ എസ് ഐ എസ് ചന്തകളിലും ഫെയ്സ്ബുക്കിലും, 20 ഡോളറിന് പോലും വിൽക്കാനായി നിരത്തീയ ആയിരക്കണക്കിനു അടിമ യസീദികളിലൊരാളായിരുന്നു നദിയ,” എന്ന വസ്തുതയെ ക്ലൂണി വായനക്കാർക്ക് മുന്നിൽ ഓർമ്മിപ്പിക്കുന്നു. “വധിക്കപ്പെട്ട് എവിടെയോ കബറടക്കം നടത്തപ്പെട്ട 80 മുതിർന്ന സ്ത്രീകളിൽ ഒരാളായിരുന്നു നദിയയുടെ അമ്മ. ഒരേ ദിവസം കൊല്ലപ്പെട്ട നൂറുകണക്കിനു പുരുഷന്മാരില്‍പ്പെട്ടവരാണ് നദിയയുടെ ആറു സഹോദരന്മാർ.”

വംശഹത്യക്ക് ലോകത്തിന്റെ എല്ലാ കോണുകളിലും വർഗിയ ശക്തികൾ നടത്തുന്ന അതേ മുറകൾ തന്നെയാണ് യസീദികൾക്കെതിരെ ഇറാഖിൽ ഐ എസ് എടുത്തതെന്ന് ക്ലൂണിയുടെ തുടർ വാക്കുകൾ നമ്മുക്ക് ബോധ്യമാക്കി തരുന്നു. ഗുജറാത്തിലെ മുസ്‌ലിം വംശഹത്യയിലായാലും സിഖ് വിരുദ്ധ കലാപമെന്ന് വിളിക്കപ്പെട്ട സിഖ് വംശഹത്യയിലായും കഥാപാത്രങ്ങൾക്ക് മാത്രമേ മാറ്റം വരുന്നുളളൂ കഥകളെല്ലാം ഒന്ന് പോലെയാണ്. ഇത് ഇവിടെ നിന്നും മറ്റ് പല രാജ്യങ്ങളുടെയും ചരിത്രമെടുത്ത് പരിശോധിക്കുമ്പോഴും അധികം വ്യത്യാസം ഒന്നും സംഭവിച്ചു കാണാനും സാധ്യമല്ല.

നദിയ എന്നോടു വിവരിച്ചത് വംശഹത്യയെപ്പറ്റിയാണ്. വംശഹത്യ, യാദൃച്ഛികമായി സംഭവിക്കുന്നതല്ല. അതിന് ആസൂത്രണം ആവശ്യമാണ്. വംശഹത്യ ആരംഭിക്കുന്നതിനു മുൻപ് ഐ എസ് ഐ എസ്സിന്റെ ‘റിസേർച്ച് ആൻഡ് ഫത്വ ഡിപ്പാർട്ട്മെന്റ്’ യസീദികളെപ്പറ്റി പഠിക്കുകയും, ഒരു വിശുദ്ധ ഗ്രന്ഥമില്ലാത്ത കുർദിഷ് സംസാരിക്കുന്ന വർഗ്ഗമെന്ന നിലയിൽ അവർ അവിശ്വാസികളാണെന്നും അവരെ അടിമകളാക്കുന്നത് ‘ശരിയ പ്രകാരമുള്ള യഥാർത്ഥ വീക്ഷണമാണെന്നുമുള്ള നിഗമനത്തിൽ എത്തിയിരുന്നു. അതിനാലാണ് ഐ എസ്സിന്റെ വികൃതമായ ധാർമ്മികത, കൃസ്ത്യാനികൾ, ഷിയ മുതലായ വർഗ്ഗങ്ങളെപ്പോലെയല്ലാതെ, യസീദികളെ ബലാത്സംഗം ചെയ്യാമെന്ന തീരുമാനമെടുത്തത്. അവരെ നശിപ്പിക്കുവാനുള്ള കാര്യക്ഷമമായ മാർഗ്ഗങ്ങളിലൊന്നാണതെന്ന്‌ ഉറപ്പായിരുന്നു.

ഇതിനെത്തുടർന്ന്, ഔദ്യോഗികമായി നടപ്പാക്കുന്നതിനുള്ള പദ്ധതിയാണുണ്ടായത്. അവരെ അടിമകളായി പിടിക്കുന്നതിനും തടവിൽ വയ്ക്കുന്നതിനുമുള്ള കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി, ISIS, ലഘുലേഖകൾ പോലും പ്രസിദ്ധപ്പെടുത്തി. അതിൽ നിന്ന്:

ചോദ്യം: ലൈംഗികമായി പ്രായമെത്താത്ത പെൺ അടിമകളുമായി ശാരീരികബന്ധത്തിലേർപ്പെടുന്നതിന് അനുമതിയുണ്ടോ?

ഉത്തരം: അവൾ സംഭോഗത്തിനുള്ള പാകമായിട്ടുണ്ടെങ്കിൽ അനുവദനീയമാണ്.

ചോദ്യം: ഒരു പെണ്ണടിമയെ വിൽക്കുവാൻ അനുവാദമുണ്ടോ?

ഉത്തരം: പെണ്ണടിമകളെ വാങ്ങുകയോ വിൽക്കുകയോ സമ്മാനിക്കുകയോ ചെയ്യാവുന്നതാണ്, എന്തെന്നാൽ അവർ വെറും സ്വത്തുക്കൾ മാത്രമാണ്.

ക്ലൂണി എഴുതമ്പോഴാണ് നമുക്ക് അത് കൂടുതൽ ആഴത്തിൽ മനസ്സിലാകുന്നത് എന്നത് നമ്മുടെ കാലത്തിന്റെ ദുരന്ത ചിത്രമാണ്.

“നദിയ ലണ്ടനിൽ വച്ച് അവളുടെ കഥ എന്നോടു പറയുമ്പോൾ, ഐഎസ്സിന്റെ യസീദി വംശഹത്യ തുടങ്ങി ഏതാണ്ട് രണ്ടു വർഷമായിരുന്നു. ആയിരക്കണക്കിനു യസീദി സ്ത്രീകളും കുട്ടികളും ഐ എസ്സിന്റെ തടവിലപ്പൊഴും ഉണ്ടായിരുന്നു, എന്നാൽ ലോകത്തെവിടെയുമുള്ള ഒരു കോടതിയിൽ പോലും ഈ പൈശാചികകൃത്യത്തിന്റെ പേരിൽ ആ ഭീകരസംഘടനയിലെ ഒരംഗം പോലും ശിക്ഷിക്കപ്പെട്ടിരുന്നില്ല. തെളിവുകൾ നഷ്ടപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. നീതിയെക്കുറിച്ചുള്ള പ്രതീക്ഷകൾ തീരെ മങ്ങുകയും ചെയ്തിരുന്നു.”

“ഞാൻ കേസ് ഏറ്റെടുത്തു. നദിയയും ഞാനും ഒരു വർഷത്തിലേറെക്കാലം നീതിയ്ക്കു വേണ്ടിയുള്ള പ്രചരണത്തിൽ മുഴുകി. ഇറാക്ക് സർക്കാർ, യു എൻ പ്രതിനിധികൾ, യുൻ എൻ സുരക്ഷാ സമിതി അംഗങ്ങൾ ഐ എസ് ഐ എസ്സ് ഇരകൾ എന്നിവരുമായെല്ലാം പല തവണ കൂടിക്കാഴ്ച നടത്തി. ഞാൻ നിയമഗവേഷണങ്ങൾ നടത്തി റിപ്പോർട്ടുകൾ തയാറാക്കി, പ്രഭാഷണങ്ങൾ നടത്തി. ഞങ്ങൾ സമീപിച്ചവരിൽ കൂടുതൽ പേരും ഇതസാധ്യമാണെന്നു പറഞ്ഞു, യു എൻ സുരക്ഷാസമിതി ഇന്റർനാഷണൽ ജസ്റ്റീസ് വിഷയങ്ങളിൽ വർഷങ്ങളായി നടപടികളെടുത്തിട്ടില്ല.”

“പക്ഷേ ഞാൻ ഈ അവതാരിക എഴുതുമ്പോൾ (സെപ്റ്റംബര്‍, 2017), യു എൻ സുരക്ഷാസമിതി ഒരു ചരിത്രതീരുമാനമെടുത്തിരിക്കുന്നു, ISIS ഇറാക്കിൽ നടത്തിയ കുറ്റകൃത്യങ്ങളുടെ തെളിവുകൾ ശേഖരിക്കുവാൻ അവരൊരു അന്വേഷണസംഘം രൂപീകരിച്ചിരിക്കുന്നു. ഇത് നദിയയുടെയും മറ്റെല്ലാ ഇരകളുടെയും വൻ വിജയമാണ്, എന്തെന്നാൽ, ഈ തെളിവുകൾ സൂക്ഷിച്ചുവച്ച്, ഓരോ ഐ എസ് അംഗങ്ങളെയും വിചാരണയ്ക്ക് വിധേയമാക്കാം. ഈ നിയമഭേദഗതി അംഗീകരിക്കപ്പെടുമ്പോൾ ഞാൻ സുരക്ഷാസമിതിയിൽ നദിയയുടെ തൊട്ടടുത്തിരിക്കുകയായിരുന്നു. പതിനഞ്ച് കരങ്ങൾ ഉയരുന്നതുകണ്ട ഞാനും നദിയയും പരസ്പരം നോക്കി പുഞ്ചിരിച്ചു.”എന്ന അഭിഭാഷകയായ ക്ലൂണി എഴുതിയത് വായിക്കുമന്പോൾ ഓരോ മനുഷ്യസ്നേഹിയുടെയും ഉളളിൽ ഒരു പ്രതീക്ഷയുടെ വെളിച്ചതുളളി പൊട്ടി വീഴുമെന്നതിൽ സംശയമില്ല.

“മനുഷ്യാവകാശ അഭിഭാഷകയെന്ന നിലയിൽ എന്റെ ജോലി പലപ്പോഴും നിശബ്ദരാക്കപ്പെട്ടവർക്ക് ശബ്ദം നൽകുകയെന്നാണ്. നദിയയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയും അവളുടെ കുടുംബത്തിലെ ഏഴു പേരെ ഒരേ സമയം കൊലപ്പെടുത്തുകയും ചെയ്തതിലൂടെ ഐഎസ്സ് അവളെ നിശബ്ദയാക്കുന്നതിനാണ് ശ്രമിച്ചത്. ”

പക്ഷേ, നദിയ അതിന് വിസമ്മതിച്ചു. ജീവിതം നൽകിയ എല്ലാ തലക്കെട്ടുകളും അവൾ തള്ളിക്കളഞ്ഞു: അനാഥ, ബലാത്സംഗത്തിന്റെ ഇര, അടിമ, അഭയാർത്ഥി എല്ലാം. അതിനു പകരമവൾ പുതിയ പേരുകൾ തനിക്കെഴുതിച്ചേർത്തു : അതിജീവിച്ചവൾ, യസീദി നേതാവ്, സ്ത്രീകളുടെ അഭിഭാഷക, നൊബൽ പ്രൈസ് നോമിനി. യു എൻ ഗുഡ് വിൽ അംബാസഡർ, ഒപ്പമിതാ ഇപ്പോൾ ഇതു കൂടി, ഗ്രന്ഥകാരി.

ഞാനവളെ അറിഞ്ഞ കാലം മുതൽ, അവൾ തന്റെ ശബ്ദം കണ്ടെടുക്കുക മാത്രമല്ല, വംശഹത്യയുടെ ഇരയായ ഓരോ യസീദിയുടെയും, പീഡിപ്പിക്കപ്പെട്ട ഓരോ സ്ത്രീയുടെയും ഉപേക്ഷിക്കപ്പെട്ട ഓരോ അഭയാർത്ഥിയുടെയും ശബ്ദമായി മാറൂകയും ചെയ്തു.

“തങ്ങളുടെ ക്രൂരത അവളെ നിശബ്ദയാക്കുമെന്നു കരുതിയവർക്ക് തെറ്റി. നദിയ മുറാദിന്റെ ജീവചൈതന്യം തകർക്കപ്പെട്ടില്ല, അവളുടെ ശബ്ദം ഒരിക്കലും ഇല്ലാതാക്കപ്പെടില്ല, പകരം ഈ രചനയിലൂടെ അവളുടെ ശബ്ദം എന്നത്തെക്കാളുമധികമായി ഉയരുകയാണ്,” എന്ന് അമൽ ക്ലൂണി എഴുതുമ്പോൾ ലോകമെമ്പാടുമുളള വംശഹത്യകൾക്കെതിരെ പോരാട്ടം നടത്തുന്നവർക്ക് അത് പകരുന്ന കരുത്ത് നിസ്സാരമല്ല. അതിജീവനത്തിന്റെ വഴികളിൽ പുതിയ ലോകം കണ്ടെത്താനുളള ശ്രമത്തെയാണ് നദിയ അടയാപ്പെടുത്തിയത് അതിനെയാണ് അമൽ ക്ലൂണി കൈപിടച്ച് ലോകത്തിന്റെ മുന്നിലെത്തിക്കുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Nobel peace prize winner nadia murad anti rape activist last girl amal clooney

Best of Express