സ്റ്റോക്ക്ഹോം: 2018ലെ സമാധാനത്തിനുളള നൊബേല്‍ പ്രഖ്യാപിച്ചു. ഡെന്നിസ് മുഖ്വേഗയും നദിയ മുറാദും സമാധാനത്തിനുളള നൊബേല്‍ പങ്കിട്ടു. ലൈംഗികാതിക്രമം ഒരു യുദ്ധമുറയായി കണക്കാക്കുന്നതിനെതിരെ പോരാടിയതിനാണ് ഇരുവരും പുരസ്കാരത്തിന് അര്‍ഹരായത്. യുദ്ധത്തിലെ ഇരകള്‍ക്ക് നീതി നടപ്പാക്കാനും യുദ്ധക്കുറ്റത്തില്‍ നിന്ന് രക്ഷിക്കാനും ഇരുവരും സ്വന്തം സുരക്ഷ പോലും പരിഗണിച്ചില്ലെന്ന് നൊബേല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഇരുവരും പുരസ്കാരത്തിന് അര്‍ഹരായെന്ന് ഫോണ്‍ വഴി അറിയിക്കാനുളള കമ്മിറ്റിയുടെ ശ്രമം വിജയം കണ്ടില്ല. 2014 ഓഗസ്റ്റില്‍ ഇറാഖിലെ കൊച്ചോ ഗ്രാമത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് അക്രമം നടത്തി തട്ടിക്കൊണ്ടുപോയ യസീദി യുവതികളില്‍ ഒരാളായിരുന്നു മുറാദ്. 2016ല്‍ യൂറോപ്യന്‍ യൂണിയന്റെ വിശിഷ്ട പുരസ്കാരമായ സഖറോവ് മനുഷ്യാവകാശ പുരസ്കാരവും മുറാദ് നേടിയിട്ടുണ്ട്.
മുറാദിന്റെ മാതാപിതാക്കളേയും ആറ് സഹോദരങ്ങളേയും ഐഎസ് ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. പ്രായം കാരണം ലൈംഗികമായി ഉപയോഗിക്കാനാവില്ലെന്ന് കാട്ടിയാണ് ഭീകരര്‍ തന്റെ മാതാവിനേയും മറ്റ് പ്രായമുളള സ്ത്രീകളേയും കൊലപ്പെടുത്തിയതെന്ന് മുറാദ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.
മുറാദിന്റെ രണ്ട് സഹോദരിമാരും ഐഎസിന്റെ തടവില്‍ ലൈംഗിക പീഡനം അനുഭവിച്ചിരുന്നു. മലാല യൂസഫ്സായ് കഴിഞ്ഞാല്‍ രണ്ടാമത്തെ പ്രായം കുറഞ്ഞ നൊബേല്‍ ജേതാവാണ് 25കാരിയായ മുറാദ്. കോംങ്കോയില്‍ നിന്നുളള ഗൈനക്കോളജിസ്റ്റായ മുഖ്വാഗെ 10 വര്‍ഷക്കാലമായി സമാധാനത്തിനുളള നൊബേലിനുളള ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ ചെറുക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് സ്തുത്യര്‍ഹമാണെന്ന് നൊബേല്‍ കമ്മിറ്റി വ്യക്തമാക്കി.