ബെംഗളൂരു: കുമാരസ്വാമി സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല നല്കിയ സമയം പൂര്‍ത്തിയായി. ഇന്ന് ഉച്ചയ്ക്ക് 1.30 ന് മുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഗവര്‍ണറുടെ നിര്‍ദേശം സ്പീക്കര്‍ മുഖവിലയ്ക്കെടുത്തില്ല. വിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച പൂര്‍ത്തിയായ ശേഷമേ വിശ്വാസ വോട്ടെടുപ്പ് നടക്കൂ എന്നാണ് സ്പീക്കറുടെ നിലപാട്.
വിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി സംസാരിച്ചു. മുഖ്യമന്ത്രി കസേരയില്‍ സ്ഥിരമായി ഇരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ല താന്‍ എന്ന് കുമാരസ്വാമി പറഞ്ഞു. യെഡിയൂരപ്പ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായ സമാന അവസ്ഥയിലാണ് താന്‍ ഇപ്പോള്‍ എന്ന് കുമാരസ്വാമി പറഞ്ഞു. മുഖ്യമന്ത്രിയാകുമെന്ന് വിശ്വസിച്ചിരുന്നില്ല. അവിചാരിതമായാണ് താന്‍ മുഖ്യമന്ത്രിയായതെന്നും കുമാരസ്വാമി സഭയില്‍ പ്രസംഗിക്കവെ പറഞ്ഞു.
വിശ്വാസ പ്രമേയ ചര്‍ച്ച തിങ്കളാഴ്ച വരെ നീളാനുള്ള സാധ്യതകളുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. 20 പേര് ഇനിയും സംസാരിക്കാനുണ്ടെന്നും അതിനാല്‍ വിശ്വാസ പ്രമേയ ചര്‍ച്ച തിങ്കളാഴ്ച വരെ നീളുമെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്.
Karnataka CM HD Kumaraswamy during trust vote debate: I have given funds to all of your districts. But you(BJP) say I am the CM of only two-three districts. That is why I am saying there should not be any hurry,let us discuss it. You are trying to destroy democracy. https://t.co/Ap9Hwsf1Um
— ANI (@ANI) July 19, 2019
ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കാണിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്ക് കത്തു നല്‍കിയിട്ടുണ്ട്. ജെഡിഎസ്-കോൺഗ്രസ് സർക്കാർ വിശ്വാസവോട്ടെടുപ്പ് വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് നിയമസഭയിൽ തന്നെ തുടരുകയാണ് യെഡിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി എംഎൽഎമാർ. ഇന്നലെ രാത്രിയിൽ പുറത്തുപോകാൻ കൂട്ടാക്കാതെ സഭയിൽതന്നെ ബിജെപി എംൽഎമാർ തങ്ങി. വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ഗവർണറുടെ നിർദേശം സ്പീക്കർ കെ.ആർ.രമേഷ് കുമാർ തള്ളുകയും സഭ പിരിയുകയും ചെയ്തതിനെ തുടർന്നാണ് ബിജെപി എംഎൽഎമാർ സഭയ്ക്കുള്ളിൽ ധർണ ആരംഭിച്ചത്.
തോൽക്കുമെന്ന് ഉറപ്പായതിനാലാണ് സർക്കാർ വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്. വിശ്വാസവോട്ടെടുപ്പ് വൈകിപ്പിച്ച് തങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും യെഡിയൂരപ്പ പറഞ്ഞു. വിശ്വാസവോട്ടെടുപ്പിനായി സമ്മർദം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.